വിദ്യാഭ്യാസ ചട്ടങ്ങള്‍ മാറ്റം വരുത്താന്‍ ഇനിയും കോടതി വിധിയെ കാത്തിരിക്കണോ ?


സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് ഒരു വിചാരണ വേളയില്‍ ബഹു. കേരള ഹൈക്കോടതി സുപ്രധാനമായ ഒരു വിധി കഴിഞ്ഞ ദിവസം പുറപ്പെടുവിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയുടേയും ഇന്റര്‍നെറ്റിന്റേയും ഉപയോഗം കൂടി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ലൈംഗികതയെ കുറിച്ചുള്ള പരിഞ്ജാനം വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ടതാണ്. ആയത് കൊണ്ട് തന്നെ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള പാഠഭാഗം രണ്ട് മാസത്തിനകം പാഠപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന സുപ്രധാനമായ ഒരു നിരീക്ഷണമാണ് ബഹു.ഹൈകോടതി നടത്തിയത്. കാലത്തിന്റെ അഭിരുചിക്ക് അനുസൃതമായി അതാത് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന അധികൃതര്‍ കോടതി ഉത്തരവുകളൊക്കെ വരുന്നതിന് മുമ്പ് തന്നെ ഇത്തരം കാര്യങ്ങളില്‍ ഒരു പുനരവലോകനം നടത്തണമെന്നാണ് എന്റെ കാഴ്ചപ്പാട്. വരാന്‍ പോകുന്ന വിപത്തുകളെ മുന്‍കൂട്ടി കണ്ട് അതിനെ തടയിട്ടാല്‍ മാത്രമേ ഏത് കാര്യങ്ങളാണെങ്കിലും പൂര്‍ണ്ണമായും മാറ്റിയെടുക്കാന്‍ സാധിക്കൂ. വന്നതിന് ശേഷം തുടച്ച് നീക്കുക എന്നുള്ളത് അപ്രാപ്യമാണ്. ഒരു രോഗം നമ്മെ പിടികൂടന്നതിന് മുമ്പെ അതിന് വേണ്ട ചികില്‍സ നല്‍കിയാല്‍ അതികഠിനമായി അത് പിന്നെ നമ്മെ ബാധിക്കില്ലെന്നപോലെ ഒരു കുറ്റകകൃത്യത്തില്‍ അകടപ്പെട്ടതിന് ശേഷം ശിക്ഷനടപടികള്‍ നേരിടുന്നത് കൊണ്ട് മാത്രം ഇത്തരം വിഷയങ്ങളില്‍ നമുക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് തോന്നുണ്ടോ ?.

ഇന്ന് നമ്മുടെ സമൂഹത്തിലെ യുവ തലമുറയെ പിടിമുറുക്കിയിരിക്കുന്ന മറ്റൊന്നാണ് അമിതമായ ലഹരിയുടെ ഉപയോഗം. കള്ളോ കഞ്ചാവോ പോലുള്ള ലഹരി പദാര്‍ത്ഥങ്ങളല്ല ഇന്ന് നാട്ടില്‍ ലഭ്യമായി കൊണ്ടിരിക്കുന്നത്, നമ്മുടെ ശരീരത്തേയും മനസ്സിനേയും ഒരുപോലെ കാര്‍ന്ന് തിന്ന് നശിപ്പിക്കുന്ന ലഹരി പദാര്‍ത്ഥങ്ങളാണ്. നമുക്ക് കേട്ടാല്‍ പോലും മനസ്സിലാകാത്ത പേരുകളുള്ള മാരകമായ ലഹരികളാല്‍ നമ്മുടെ യുവതലമുറയെ വരിഞ്ഞ് മുറുക്കിയിരിക്കുകയാണ് ലഹരി മാഫിയ. വര്‍ഷങ്ങള്‍ക്ക് മുന്നെ തന്നെ ഇവര്‍ നമ്മുടെ സ്കൂളുകളേയും കോളേജുകളേയുമൊക്കെ അവരുടെ ബിസിനസ്സ് കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. എട്ടും പൊട്ടും തിരിച്ചറിയാത്ത എന്തും അനുഭവിക്കാനുള്ള ത്വരയുള്ള ആ പ്രായത്തില്‍ അവരെ ഇതിന്റെ ഉപയോഗക്താക്കളാക്കി മാറ്റിയാല്‍ ഈ തലമുറയും അടുത്ത തലമുറയും പൂര്‍ണ്ണമായും തങ്ങളുടെ വരുതിയില്‍ വരുമെന്നുള്ള തിരിച്ചറിവാണ് ലഹരി മാഫിയകളെ അതിന് പ്രേരിപ്പിച്ചത്. അതില്‍ അവര്‍ വിജയിക്കുകയും അതിനനുകൂലമായി സോഷ്യല്‍ മീഡിയകളുടെ അതിപ്രസരവും ആയതോട് കൂടി അവരുടെ ബിസിനസ്സ് തഴച്ച് വളരുകയും ചെയ്തു. നമ്മുടെ പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പഠനങ്ങള്‍ നമ്മെ അത്യധികം ഭയപ്പെടുത്തുന്നതാണ്. ഇന്ന് ഓരോ രക്ഷിതാക്കളും പറയുന്നത് നമ്മുടെ പരിസരത്തുള്ള മുഴുവന്‍ കുട്ടികളും ലഹരിക്ക് അടിമകളാണെന്നും എന്നാല്‍ എന്റെ കുട്ടി ഇതിലൊന്നും പെട്ടിട്ടില്ലെന്നുമാണ്. എന്നാല്‍ ആ കുട്ടിയെ കുറിച്ച് മറ്റാരെങ്കിലും ഒരു സംശയം പ്രകടിപ്പിച്ചാല്‍ സംശയനിവാരണത്തിന് പകരം പറഞ്ഞയാളെ ക്രൂശിക്കുകയാണ് ചെയ്യുന്നത്. ഓരോ രക്ഷിതാക്കളും ഇങ്ങനെ പറഞ്ഞാല്‍ പിന്നെ നാട്ടില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടാവില്ലല്ലോ. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്ക് പിന്‍വലിക്കുകയും ചെയ്യാമല്ലോ.

അതുപോലെ നമ്മുടെ നാട്ടില്‍ അധികരിച്ച് കൊണ്ടിരിക്കുന്ന മറ്റൊന്നാണ് വാഹന, കാല്‍നട യാത്രക്കാരുടെ അപകടങ്ങള്‍. മേല്‍ പറഞ്ഞ രണ്ട് കാര്യങ്ങള്‍ക്കും നേരിട്ടല്ലെങ്കിലും പരോക്ഷമായിട്ടുള്ള ബന്ധം ഇവയൊക്കെ തമ്മിലുണ്ട്. ഇതിനെയെല്ലാം കുറിച്ച് നമ്മുടെ കുട്ടികളെ ബോധവാന്‍മാരാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്തെങ്കിലും ഒരു പ്രശ്നം വന്നാല്‍ ഒന്നോ രണ്ടോ ദിവസമോ അല്ലെങ്കില്‍ ഒരാഴ്ചയോ നമ്മുടെ നാട്ടില്‍ കുറച്ച് കോലാഹലങ്ങള്‍ ഉണ്ടായേക്കാം പിന്നെ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നമ്മുടെ സമൂഹം വിമുഖത കാട്ടുകയല്ലേ നാട്ടുനടപ്പ്. ലൈംഗിക കുറ്റകൃത്യങ്ങളെ കുറിച്ചും, ലഹരി ഉപയോഗങ്ങളെ കുറിച്ചും, ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാത്തത് കൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ചും, പ്രകൃതി സമ്പത്തുകള്‍ അനധികൃതമായി ചൂഷണം ചെയ്താലുണ്ടാകുന്ന നിയമനടപടികളെ കുറിച്ചും, ഭക്ഷണങ്ങളില്‍ മായം ചേര്‍ത്താലുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചുമെല്ലാം ചെറിയൊരു ബോധം നമ്മുടെ കുട്ടികളിലുണ്ടാക്കുന്നതിനും അവരെ അതിനെ കുറിച്ച് ബോധവാന്‍മാരാക്കുന്നതിനും പരിഞ്ജാനം ലഭിക്കുന്നതിനുമായി പാഠ്യപദ്ധതികളൊക്കെ മറ്റൊരു കോടതി വിധി വരുന്നതിന് മുന്നെ സമൂലമായ ഒരു മാറ്റം അനിവാര്യമായ അന്തരീക്ഷത്തിലാണ് നാമിന്ന്. എന്നിരുന്നാലെ ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് ഒരു പരിധിവരെയെങ്കിലും നമ്മുടെ നാടിനെ സംരക്ഷിച്ച് നിര്‍ത്താന്‍ സാധിക്കൂ. കഴിഞ്ഞ ദിവസം സര്‍ക്കാറിന് ലഹരി മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പൂര്‍ണ്ണമായ സപ്പോര്‍ട്ട് നല്‍കുമെന്ന് പ്രതിപക്ഷം പറഞ്ഞത് ഉപയോഗപ്പെടുത്തി ഇത്തരം സാമൂഹിക വിപത്തുകളെ ചെറുക്കാനുള്ള വിഞ്ജാനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ട് പോകാന്‍ നമ്മുടെ സര്‍ക്കാറിന് സാധിക്കട്ടെ…..

സിദ്ധീഖ് പുറായിൽ

( വൈസ് ചെയർമാൻ ദർശന ടി വി )

Leave a Reply