അധ്യാപകനും സി.പി.എം മലപ്പുറം നഗരസഭാംഗവുമായ കെ.വി ശശികുമാര്‍ വിദ്യാര്‍ഥിനികളെ 30 വര്‍ഷത്തോളം പീഡനങ്ങള്‍ക്കിരയാക്കിയെന്ന എന്ന വെളിപ്പെടുത്തലുമായി 60 പൂർവ്വ വിദ്യാർത്ഥികൾ രംഗത്ത്
പോക്സോ കേസില്‍ പ്രതിയായ റിട്ട. അധ്യാപകനും സിപിഐഎം നഗരസഭാ കൗണ്‍സിലറുമായ കെ വി ശശികുമാറിനെതിരേ ഗുരുതര ലൈംഗികരോപണങ്ങളുമായി സ്കൂളിലെ കൂടുതൽ പൂര്‍വ വിദ്യാര്‍ഥികള്‍ രംഗത്ത്. മലപ്പുറത്തെ സെൻ്റ്. ജെമ്മാസ് സ്കൂളില്‍ അധ്യാപകനായിരുന്ന ഇയാള്‍ നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു. ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഒട്ടേറെ പെണ്‍കുട്ടികളാണ് ഇയാളില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തുവന്നത്.

ഇതേത്തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചിറങ്ങിയവരും അടുത്തിടെ സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ചവരും അടക്കം സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ 60ഓളം പേര് ചേര്‍ന്നാണ് ശശികുമാറിനെതിരേ മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിട്ടുള്ളത്. ലൈംഗികാതിക്രമത്തിന് ഇരയായവരും ഇതില്‍ ഉള്‍പ്പെടും. പരാതിയില്‍ മലപ്പുറം വനിതാ പൊലീസ് കഴിഞ്ഞദിവസം ശശികുമാറിനെതിരേ പോക്സോ, ജുവൈനൽ ജസ്റ്റിസ് ആക്ട്, ഐപിസി 364എ എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സ്കൂളില്‍ ഗണിതാധ്യാപകനായിരുന്ന കെ വി ശശികുമാര്‍ മാര്‍ച്ചിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. വിരമിക്കലിനോട് അനുബന്ധിച്ച് സ്കൂളില്‍ വന്‍ ആഘോഷമായി യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ട ഒരു പൂര്‍വവിദ്യാര്‍ഥിനിയാണ് ആദ്യം അധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ശശികുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഷെയര്‍ ചെയ്ത് പരോക്ഷമായ കുറിപ്പിലൂടെയായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധ്യാപകനില്‍ നിന്ന് ദുരനുഭവമുണ്ടായ കൂടുതല്‍ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. സ്കൂളില്‍ നേരത്തെ പഠിച്ച ഒട്ടേറെ പെണ്‍കുട്ടികളും യുവതികളുമാണ് ഇയാളില്‍ നിന്നുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് ഫേസ്ബുക്ക് ഗ്രൂപ്പില്‍ കമന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും പ്രതികരിച്ചത്. ഇത്തരത്തില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.