കാൽനൂറ്റാണ്ടിന്റെ നിസ്വാർത്ഥ സേവനത്തിന് കേരളത്തിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ വ്യാപാര രംഗത്തെ മുൻനിരക്കാരായ മൈ ജിയിലെ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ സി.ആർ.അനീഷിന് തന്റെ ജേഷ്ട തുല്യനായ ജി എംഡി ഷാജി ബെൻസ് ജി.എൽ.എ 220 സമ്മാനിച്ചു .
“പ്രിയപ്പെട്ട അനി, കഴിഞ്ഞ 22 വർഷമായി എനിക്ക് ശക്തമായ പിന്തുണയുമായി നിങ്ങൾ എനിക്കൊപ്പമുണ്ട് . നിങ്ങളുടെ പുതിയ യാത്രാ പങ്കാളിയെ ഏറെ ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു”. എന്ന കുറിപ്പോടെ മൈജി എംഡിയാണ് ഈ സന്തോഷം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത് .
കഴിഞ്ഞദിവസം മൈജി, ജീവനക്കാർക്കായി നടത്തിയ കുടുംബ സംഗമത്തിലാണ് അനീഷിനെ തേടി ഈ സർപ്രൈസ് സമ്മാനം എത്തിയത്. ബ്രാൻഡിന്റെ വളർച്ചയിൽ ഒപ്പം ഉണ്ടായിരുന്ന വ്യക്തിയോടുള്ള കരുതൽ എന്ന നിലയിലാണ് സഹപ്രവർത്തകർ ഷാജിക്ക എന്ന് വിളിക്കുന്ന ഷാജി സമ്മാനം നൽകിയത് .സർപ്രൈസ് സമ്മാനത്തിന്റെ ‘ഷോക്കിൽ’ നിന്ന് അനീഷ് ഇതുവരെ മുക്തനായിട്ടില്ല .
മൈജി എന്ന ബ്രാൻഡ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഷാജിക്കൊപ്പം ഉള്ള വ്യക്തിയാണ് അനീഷ് .മാർക്കറ്റിംഗ് ,പ്രൊജക്റ്റ് ആൻഡ് മെയിന്റനന്സ് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന അനീഷ് മൈജിയുടെ കേരളത്തിലുടനീളമുള്ള പുതിയ ഷോറൂമുകളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ ചുക്കാൻ പിടിക്കുന്ന വ്യക്തി കൂടിയാണ് .
ഇതാദ്യമായല്ല മൈജി ജീവനക്കാർക്ക് കാറുകൾ വാങ്ങി നൽകുന്നത്. രണ്ടുവർഷം മുമ്പ് ആറ് ജീവനക്കാർക്ക് ഒരുമിച്ചു കാറുകൾ സമ്മാനമായി നൽകിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
“നിറഞ്ഞമനസ്സോടെ ജീവനക്കാർ ജോലിയെടുത്താൽ മാത്രമേ ഏതൊരു സ്ഥാപനത്തിനും വളർച്ചയുണ്ടാകൂ ” എന്നാണ് ഈ കാര്യത്തിൽ മൈജി എം.ഡി ഷാജിയുടെ അഭിപ്രായവും നിലപാടും.