വെബ് ഡെവലപ്മെന്‍റ് ഹാങ്ങ് ഔട്ടിൽ ലോകറെക്കോർഡ് സ്വന്തമാക്കി ഹാബിറ്റാറ്റ് സ്കൂളുകള്‍, ഗിന്നസ് ബുക്കില്‍ ഇടം നേടുന്നത് രണ്ടാം തവണ

അജ്മാന്‍ : വിദ്യാ‍ർത്ഥികള്‍ സ്വന്തമായി കോഡ് ചെയ്തു നിർമിച്ച സ്വന്തം വെബ്സൈറ്റുകൾ ലോഞ്ച് ചെയ്ത് ഒരു സമയം ഏറ്റവും കൂടുതൽ അംഗങ്ങൾ പങ്കെടുത്ത വെബ് ഡെവലപ്മെന്‍റ് ഹാങ്ങ് ഔട്ട് സംഘടിപ്പിച്ച്, യു എ ഇ യിലെ ഹാബിറ്റാറ്റ് സ്കൂളുകൾ ഗിന്നസ് ബുക്കിൽ ഇടം നേടി. ഹാബിറ്റാറ്റ് സ്കൂൾസ് ഗ്രൂപ്പിന്‍റെ മൂന്നു സ്കൂളുകളായ, ഇന്‍റർനാഷണല്‍ ഇന്ത്യൻ സ്കൂൾ, അജ്മാൻ, ഹാബിറ്റാറ്റ് സ്കൂൾ, അൽ ജുർഫ് അജ്മാൻ, ഹാബിറ്റാറ്റ് സ്കൂൾ, അൽ തല്ലാഹ് അജ്മാൻ എന്നീ സ്കൂളുകളിൽ നിന്നുള്ള 4 മുതല്‍ 12 ആം തരം വരെയുളള ക്ലാസുകളിലെ 2803 വിദ്യാർത്ഥികൾ ഈ വീഡിയോ ഹാംഗ്ഔട്ടിൽപങ്കെടുത്തു. 542 ഉപയോക്താക്കളുമായി വൈപെ ജമൈക്ക ജമൈക്കയിൽ സ്ഥാപിച്ച റെക്കോർഡിനെയാണ് ഹാബിറ്റാറ്റ് സ്കൂൾ മറികടന്നത്. മധ്യപൂർവ്വ മേഖലയില്‍ കോഡിങ്ങ് മേഖലയിൽ ഇത് ആദ്യമായാണ് ഇങ്ങനെ ഒരു ശ്രമം നടത്തുന്നത്. ഓണ്‍ലൈനിലൂടെ നാല് മണിക്കൂർ നീണ്ടുനിന്ന ശ്രമം റെക്കോർഡാണെന്ന് ഗിന്നസ് വേ‍ള്‍ഡ് റെക്കോർഡ് അംഗങ്ങള്‍ നേരിട്ടെത്തി സ്ഥിരീകരിച്ചു.

ഹാബിറ്റാറ്റ് സ്കൂളുകളിൽ കോഡിംഗ് രംഗത്ത് കഴിഞ്ഞ ഏഴ് വർഷമായി നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലമാണ് ഈ ഗിന്നസ് റെക്കോർഡ്. ചെറിയ ക്ലാസുകൾ മുതൽ കോഡിംഗ് പഠിപ്പിക്കുന്ന, ഇന്ന് വിവിധ രാജ്യങ്ങളിലായി 30 സ്കൂളുകൾ നടപ്പാക്കിയിട്ടുള്ള സൈബർ സ്‌ക്വയർ കരിക്കുലം പദ്ധതി 2014 ൽ ആദ്യം നടപ്പിലാക്കിയ സ്കൂൾ ഹാബിറ്റാറ്റ് സ്കൂൾ ആണ്. വിദ്യാർത്ഥികൾക്ക് അവരുടെ കോഡിംഗും കോഡിങ്ങ് കഴിവുകളും പ്രദർശിപ്പിക്കാൻ അവസരം ലഭിക്കുന്ന ഡിജിറ്റൽ ഫെസ്റ്റുകൾ സ്കൂൾ വർഷം തോറും നടത്തി വരാറുണ്ട്. കമ്പ്യൂട്ടർ സയൻസ് ബോർഡ് പരീക്ഷകളിൽ മികച്ച മാർക്ക് നേടാനും ജോലിക്ക് കൂടുതൽ അനുയോജ്യരാകാനും യു എ ഇ യിലെ ദേശീയ കോഡിംഗ് ഈ മത്സരങ്ങളിൽ മികവ് കാട്ടാനും ഈ പരിശീലനം സ്കൂളിലെ വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ട്. കോഡർമാരെയും ഡിജിറ്റൽ സാങ്കേതികവിദ്യയെയും പ്രോത്സാഹിപ്പിച്ച് സാങ്കേതിക നവീകരണത്തിൽ കുതിച്ചുയരാൻ യുഎഇ തയ്യാറെടുക്കുമ്പോൾ, രാജ്യത്തിന്റെ ഈ ദൗത്യത്തിന് സംഭാവന നൽകുന്നത് സന്തോഷകരമായ ദൗത്യമായി ഹാബിറ്റാറ്റ് സ്കൂളുകൾ കണക്കാക്കുന്നുവെന്നു സ്കൂൾ ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു.

പ്രകൃതിയുടെയും സാങ്കേതികവിദ്യയുടെയും നൂതനമായ സംയോജനമാണ് സ്‌കൂൾ വിദ്യാഭ്യാസത്തിന്‍റെ ഹാബിറ്റാറ്റ് മോഡൽ എന്ന ആശയത്തിന്റെ കേന്ദ്രബിന്ദു. കോഡിങ്ങ് മേഖലയിലും ഹാബിറ്റാറ്റ് സ്‌കൂൾ സമൂഹത്തിന് അംഗീകാരം ലഭിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. അതിനു അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നന്നായി അധ്വാനിച്ചിട്ടുണ്ട്. അവരുടെ നേട്ടമാണിതെന്ന് ഹാബിറ്റാറ്റ് സ്‌കൂൾ മാനേജിംഗ് ഡയറക്ടർ ഷംസു സമാൻ സിടി പറഞ്ഞു.

സ്‌കൂൾ കുട്ടികളെ കോഡിംഗ് പഠിപ്പിക്കുന്നതിന്‍റെ പ്രാധാന്യം തിരിച്ചറിയാൻ ഇപ്പോൾ ഒട്ടനവധി സ്‌കൂളുകളും സർക്കാരുകളും മുന്നോട്ട് വരുന്നുണ്ടെങ്കിലും 2014ൽ ഹാബിറ്റാറ്റ് സ്‌കൂളുകൾ അതിലേക്ക് കടക്കുമ്പോൾ അങ്ങനെയായിരുന്നില്ല എന്നും വേറിട്ട വഴിയിലൂടെ നടക്കുവാനും പുതിയ ഒരാശയത്തെ പ്രോത്സാഹിപ്പിക്കാനും ഉള്ള സ്കൂളിന്‍റെ മാനേജിങ് ഡയറക്ടറുടെ സന്നദ്ധതയാണ് ഈ ഗിന്നസ് റെക്കോർഡിൻറെ ആദ്യപടി എന്ന് ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ സ്‌ക്വയറിന്‍റെ സങ്കൽപകൻ എൻ.പി.മുഹമ്മദ് ഹാരിസ് പറഞ്ഞു. .

” കുട്ടികള്‍ അവരുടെ ടാബുകളിലും ഫോണുകളിലും എത്ര സമയം ചിലവഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് സ്‌കൂളിൽ കോഡിംഗ് പഠിപ്പിക്കുവാൻ ഒരു സ്‌കീം ഉണ്ടാക്കിയത് എന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഞങ്ങൾ കോഡിങ്ങ് പഠിച്ചുകഴിഞ്ഞാൽ, വീഡിയോ ഗെയിമുകൾ കളിക്കുന്നതിനേക്കാൾ കൂടുതൽ ആ വീഡിയോ ഗെയിമുകൾ എങ്ങനെ നിർമ്മിക്കാമെന്ന് അറിയുന്ന വിദ്യാർത്ഥികളായി മാറുന്നു. ഞങ്ങൾ സാങ്കേതികവിദ്യയുടെ ഉപയോക്താക്കൾ മാത്രമല്ല, സ്രഷ്‌ടാക്കൾ കൂടിയായി മാറുക എന്നതാണല്ലോ ഈ സ്‌കീമിന്‍റെ ആശയം. ഇത് നല്ലതും അതോടൊപ്പം തന്നെ വെല്ലുവിളി നിറഞ്ഞതുമായി തോന്നി,” ഹാബിറ്റാറ്റ് സ്‌കൂൾ അൽ ജർ ഫിലെ 11-ാം ക്ലാസ് വിദ്യാർത്ഥി ബെഞ്ചമിൻ അഡെവാലെ അഡെഡോയിംഗ് പറഞ്ഞു.

“ഈ പദ്ധതിയുടെ ഭാഗമാകുകയും ഇപ്പോൾ ഒരു ലോക റെക്കോർഡിലേക്ക് സംഭാവന നൽകുകയും ചെയ്യുന്നത് എനിക്ക് എന്ത് നേടാൻ കഴിയും എന്നതിനെക്കുറിച്ച് എനിക്ക് ആത്മവിശ്വാസം നൽകി. കോഡിംഗ് പഠിപ്പിക്കുന്നതിന് സ്കൂളിൽ ഉള്ള പ്രത്യേക കരിക്കുലം തന്നയാണ് ഇതിനു ഏറ്റവും സഹായകരം എന്ന് മയൂരി എസ് മേനോനും മുഹമ്മദ് റാസിനും അഭിപ്രായപ്പെട്ടു.

സി.ഇ.ഒ സി.ടി. ആദിൽ, അക്കാദമിക് ഡീൻ വസീം യൂസഫ് ഭട്ട്, സ്‌കൂൾ പ്രിൻസിപ്പൽമാരായ ഖുറത്ത് ഐൻ, മറിയം നിസാർ, ബാല റെഡ്ഡി അമ്പാടി, കമ്പ്യൂട്ടർ സയൻസ് അധ്യാപകർ എന്നിവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു. ഇത് രണ്ടാം തവണയാണ് ഹാബിറ്റാറ്റ് സ്കൂള്‍ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കുന്നത്. 2019 ൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ തൈകൾ വിതരണം ചെയ്തതിനായിരുന്നു സ്കൂൾ ആദ്യം ഗിന്നസ് ബുക്കിലെത്തിയത്.

Leave a Reply