വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം; സമരപരിപാടികളുമായി മുസ്ലിം നേതൃസമിതി

കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്്ലിം നേതൃസമിതി പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകി. മുസ്്ലിം സമുദായത്തിന്റെ നിരന്തരമായ ആവശ്യങ്ങൾ അംഗീകരിക്കാതെ പുറംതിരിഞ്ഞ് നിൽക്കുന്ന ഇടത് സർക്കാറിന്റെ ധിക്കാരപരമായ സമീപനങ്ങൾക്കതിരായാണ് സമര പ്രഖ്യാപനം. സ്‌കോളർഷിപ്പ് വിഷയത്തിലും, സി.എ.എ, എൻ.ആർ.സി കേസുകൾ പിൻവലിക്കുമെന്ന നിറവേറ്റാതിരിക്കുന്നതിലും നിയമനങ്ങളിൽ സംവരണ അട്ടിമറി തടയാതിരിക്കുന്നതിലും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉള്ള സെൻട്രൽ സ്‌കോളർഷിപ്പുകൾ മുസ്്ലിം വിദ്യാർത്ഥികൾക്ക് അന്യമാക്കപ്പെട്ട നിലപാടിലും എ.ഐ.പി സ്്കൂളുകൾക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ എടുത്തുമാറ്റിയതിലും മലബാർ പ്രദേശത്തെ വിദ്യാഭ്യാസ അസൗകര്യങ്ങൾ പരിഹരിക്കപെടാതെ കിടക്കുന്നതിലുമടക്കം ഇടത് മുന്നണി സർക്കാറിന്റെ മുസ്്ലിം വിരുദ്ധ സമീപനം പ്രകടമാവുകയാണ്.

ഇതിനെതിരെയുള്ള സമരങ്ങളുടെ ആദ്യഘട്ടം ഡിസംബർ 3ന് വെള്ളിയാഴ്ച ആരംഭിക്കും. അന്നേദിവസം എല്ലാ മഹല്ലുകളിൽ ജുമുഅ നിസ്്കാരത്തോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണങ്ങളിൽ ഇത് സംബന്ധിച്ച്് ജനങ്ങളെ ബോധവൽക്കരിക്കും. ഡിസംബർ 7ന് ചൊവ്വാഴ്ച വൈകുന്നേരം എല്ലാ പഞ്ചായത്തുകളും മഹല്ലുകളും കേന്ദ്രീകരിച്ച് പ്രതിഷേധ റാലി സംഘടിപ്പിക്കും. തുടർന്ന് സംസ്ഥാന മുസ്്ലിം നേതൃസമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടും തിരുവനന്തപുരത്തും ബഹുജന പ്രതിഷേധ സമ്മേളനങ്ങൾ നടത്തും. സംസ്ഥാന മുസ്്ലിം നേതൃസമിതിയുടെ തീരുമാനപ്രകാരം ഇന്നലെ (30.11.2021) കോഴിക്കോട്ട് ചേർന്ന കോർ കമ്മിറ്റി യോഗമാണ് പ്രക്ഷോഭ പരിപാടികൾക്ക്് രൂപം നൽകിയത്. വഖഫ് ബോർഡ് ഭേദഗതി നിയമത്തെ നിയമപരമായി നേരിടുന്നതിനും സമിതിയോഗം തീരുമാനിച്ചു.

യോഗത്തിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി (സമസ്ത), ഡോ.എം.ഐ അബ്ദുൽ മജീദ് സ്വലാഹി (കെ.എൻ.എം), ബി.പി.എ ഗഫൂർ (കെ.എൻ.എം മർകസുദ്ദഅ്‌വ),ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി), കെ. സജ്ജാദ് (വിസ്ഡം ഇസ്്ലാമിക്് ഓർഗനൈസേഷൻ), എഞ്ചിനീയർ പി മമ്മദ്കോയ (എം.എസ്.എസ്), ഇലവുപാലം ശംസുദ്ദീൻ മന്നാനി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), അഖ്‌നിസ് എം (മെക്ക), കമൽ എം.മാക്കയിൽ (കേരള മുസ്്ലിം ജമാഅത്ത് കൗൺസിൽ), അഡ്വ.കെ.പി മെഹബൂബ് ശരീഫ് (റാവുത്തർ ഫെഡറേഷൻ), അഡ്വ. വി.കെ ബീരാൻ (മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ).

Leave a Reply