ആവേശക്കാഴ്ചയുമായി ദുബായ് മറീനയില്‍ ദേശീയ ദിനാഘോഷം

ദുബായ്: യുഎഇ സുവർണ ജൂബിലി ദേശീയ ദിനം ആഘോഷിക്കുന്ന ഡിസംബർ രണ്ടിന് മുന്നോടിയായി ദുബായ് മറീനയില്‍ ഡിസംബർ ഒന്നിന് ദുബായ് ഡി3 യോട്ടിന്‍റെ നേതൃത്വത്തില്‍ ഇത്തവണയും വ‍ർണ കാഴ്ചകളൊരുങ്ങും. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളിലെ മറൈന്‍ എഡിഷനാണ് നൗകകളുടെ ഘോഷയാത്രയും പതാക ഉയര്‍ത്തലുമായി സാംസ്‌കാരികോല്‍സവത്തോടെ മറീന കടലില്‍ നടക്കുക. ഡി3യുടെ 20ലധികം നൗകകള്‍ പരേഡില്‍ ഭാഗമാകുമെന്ന് ദുബായ് ഡി3 യോട്ട് ക്യാപ്റ്റന്‍ ഷഫീഖ് മുഹമ്മദ് അലി പറഞ്ഞു. യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷത്തിന് മറൈന്‍ പരേഡില്‍ പങ്കെടുക്കാനാകുന്നതില്‍ അഭിമാനമുണ്ട്. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഈ പരിപാടിക്ക് സൂപ്പർ യോട്ടുകളെ പങ്കെടുപ്പിക്കാന്‍ കഴിയുന്നത് അഭിമാനമായി കാണുകയാണെന്നും പരിപാടിയില്‍ ഭാഗമാകുന്നതിലുളള സന്തോഷം പങ്കു വെച്ച് അദ്ദേഹം പറഞ്ഞു. ആഘോഷ പരിപാടികളുടെ ഭാഗമായി യുഎഇയിലെ പ്രമുഖ റേഡിയോ ചാനലുകളില്‍ വിവിധ മത്സരങ്ങള്‍ നടക്കുന്നുണ്ട്. വിജയികള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം പതാക ഉയര്‍ത്തല്‍ ചടങ്ങിന്‍റെ ഭാഗമാവാന്‍ അവസരം ലഭിക്കും. 50-ാം വാര്‍ഷികാഘോഷ ഭാഗമായി 50 പതാകകളാണ് ഉയര്‍ത്തുക. പതാക ഉയര്‍ത്തുന്ന സമയത്ത് മുഴുവന്‍ നൗകകളും വൃത്താകൃതിയില്‍ ഒത്തു ചേരും. പതാക ഉയര്‍ത്തല്‍ ചടങ്ങിനും മറ്റ് കായിക വിനോദങ്ങള്‍ക്കും കാണികള്‍ക്ക് പങ്കെടുക്കാനും അവസരമുണ്ട്. ഡിസംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തുടങ്ങുന്ന ആഡംബര നൗകാ പ്രദര്‍ശനമടക്കം ആകര്‍ഷകമായ ഒട്ടേറെ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടക്കും.
പതാക ഉയര്‍ത്തല്‍, സാംസ്‌കാരിക പ്രദര്‍ശനം എന്നിവയ്ക്ക് ശേഷം, ദുബയ് മറീനയില്‍ നിന്നും പരിസര ഭാഗത്തേക്ക് ഘോഷയാത്രയോടെയുള്ള രണ്ടു മണിക്കൂര്‍ റൈഡുമുണ്ടാകും. ശേഷം, അതിഥികള്‍ സീ റൈഡ് ആസ്വദിച്ചു കൊണ്ട് അറ്റ്‌ലാന്‍റിസ് അടക്കം ദുബായിയുടെ ലാന്‍റ് മാർക്കുകളിലൂടെ യാത്ര ചെയ്തുകൊണ്ടാണ് പരിപാടിക്ക് പരിസമാപ്തി കുറിക്കുക. കഴിഞ്ഞ വർഷവും ദേശീയ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിക്ക് ഏറെ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു.

ഹോട് പാക് റീടെയ്ല്‍ ഓപ്പറേഷന്‍സ് തലവന്‍ സാബു സൗമിയാന്‍, ഡി 3 മാനേജിംഗ് ഡയറക്ടർ ഷമീർ എം അലി, ഹാദി എക്സ്ചേഞ്ച് ജനറല്‍ മാനേജർ ആല്‍ബിന്‍ തോമസ്, ആഡ് & എം മാനേജിംഗ് ഡയറക്ടർ റഷീദ് മട്ടന്നൂർ, ഓപറേഷനല്‍ മാനേജര്‍ ജോഷ്വാ സെബാസ്റ്റിയന്‍ തുടങ്ങിയവർ ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.ടീകോം ദുബായ് ആസ്ഥാനമായ പ്രമുഖ പരസ്യ, ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയായ ആഡ് & എം ഇന്‍റർനാഷണലാണ് പരിപാടിയുടെ സംഘാടകര്‍.

Leave a Reply