കേരള ടൂറിസം പ്രമോഷന്‍: 14 ജില്ലകളില്‍ സൈക്കിള്‍ യാത്ര നടത്താന്‍ പ്രവാസി യുവാക്കള്‍

ദുബായ് : കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രവാസി യുവാക്കളുടെ സംഘം മുഴുവന്‍ ജില്ലകളിലെയും ടൂറിസം കേന്ദ്രങ്ങളിലേക്ക് സൈക്കിള്‍ യാത്ര നടത്തുന്നു. ഡിസംബര്‍ നാലിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് തിരുവന്തപുരത്ത് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.ദുബായിലെ ഡിഎക്‌സ്ബി റൈഡേഴ്‌സ് കൂട്ടായ്മയിലെ ഏഴ് യുവാക്കളാണ് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സൈക്കിളില്‍ യാത്ര ചെയ്ത് എത്തുക. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓരോ ജില്ലയിലെയും ടൂറിസം കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന ഇവര്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള നാല് റൈഡര്‍മാരും ചേരും. ഓരോ കേന്ദ്രത്തിലെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കു വെക്കും
സലീം വലിയപറമ്പ (കാസര്‍കോട്), ഫൈസല്‍ കോടനാട് (പാലക്കാട്), സലാഹ് ആനപ്പടിക്കല്‍,അബ്ദുല്‍ സലാം (മലപ്പുറം), അന്‍വര്‍ (തൃശ്ശൂര്‍), നൗഫല്‍ (എറണാകുളം), നൗഫല്‍ ചറാന്‍ (കണ്ണൂര്‍) എന്നിവരാണ് ദുബായില്‍ നിന്ന് പങ്കെടുക്കുക.ജോലിയില്‍ നിന്ന് 15 ദിവസം അവധിയെടുത്താണ് ഇവരുടെ യജ്ഞം. 10 ദിവസം കൊണ്ട് 14 ജില്ലകള്‍ ഇവര്‍ പിന്നിടും. ദിവസവും 120 കിലോമീറ്റര്‍ സഞ്ചരിക്കും. കെടിഡിസിയാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കുക. ബേക്കല്‍ കോട്ടയിലാണ് യാത്ര അവസാനിപ്പിക്കുകയെന്നും റൈഡര്‍മാര്‍ പറഞ്ഞു. ബ്രോഷര്‍ പ്രകാശനം ഖിസൈസ് അല്‍നഹ്ദ സെന്‍ററില്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ നിര്‍വഹിച്ചു.

Leave a Reply