മലയാളികളുടെ ജനകീയ മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (78) അന്തരിച്ചു.

മാപ്പിളപ്പാട്ട് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നു ചില പാട്ടുകളുണ്ട്.
ചെറുപ്പത്തിൽ കാഫ്‌മാല കണ്ട പൂങ്കാറ്റു മൂളാത്ത ആരുമുണ്ടാകില്ല. പീർമുഹമ്മദിന്റെ നാമം ഓർമ്മവന്നില്ലെങ്കിലും ഒട്ടകങ്ങൾ വരി വരിയായി എന്ന മാപ്പിളപ്പാട്ട് ഹിറ്റ് ഗാനം ഓർമ്മ വരാത്തവരും ഉണ്ടാകില്ല. എന്നാൽ ഈപാട്ടുകൾ ഈണമിട്ടതും പാടിയതും പീർ മുഹമ്മദാണ് എന്ന് അറിയുന്നവർ വളരെ ചുരുക്കം പേരായിരിക്കും. എത്രകേട്ടാലും മതിവരാത്ത ഒട്ടനവധി അനശ്വര ഗാനങ്ങൾ സംഗീതലോകത്തിന്​ സംഭാവന ചെയ്താണ് പീര് മുഹമ്മദ് യാത്രയാവുന്നത് .

1945 ജനുവരി 8 ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തിലാണ് പീർ മുഹമ്മദിന്‍റെ ജനനം. തലശേരിക്കാരനായ അസീസ് അഹമ്മദ് പിതാവ് തെങ്കാശിക്കാരിയായ ബിൽക്കീസായിരുന്നു മാതാവ്. നാലു വയസുള്ളപ്പോൾ പിതാവുമൊത്ത് അദ്ദേഹം തലശേരിയിലെത്തി. പിന്നീട് മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരനാവുകയായിരുന്നു. സംഗീതം ഒട്ടും അഭ്യസിച്ചിട്ടില്ലാത്ത ഇദ്ദേഹം പിന്നീട് 4000 പാട്ടുകൾക്ക് സംഗീതം ഒരുക്കിയത് ചരിത്രം.പാട്ടിനോടുള്ള കമ്പം കൊണ്ടാണ് പീർമുഹമ്മദ് വളരെ ചെറുപ്പത്തിൽ തന്നെ തലശേരി ജനതസംഗീതസഭയില്‍ എത്തുന്നത്.. അക്കാലത്തെ വലിയ ഗായകസംഘമായിരുന്നു ജനതസംഗീതസഭ. അവരുടെ സ്റ്റേജ് പ്രോഗ്രാമുകളിലൂടെയാണ് പീര്‍ മുഹമ്മദ് നിറയെ ആരാധകരുള്ള ഒരു ഗായകനായി മാറുന്നത്. എട്ടാംവയസ്സിലായിരുന്നു ആദ്യവേദി. മുഹമ്മദ് റഫിയുടെതടക്കം സിനിമാഗാനങ്ങളാണ് അക്കാലത്ത് വേദിയില്‍ പാടിയത്. 1975-നു ശേഷമാണ് മാപ്പിളപ്പാട്ടാണ് തന്‍റെ വഴിയെന്നു തിരിച്ചറിയുന്നത്.

തായത്തങ്ങാടി താലിമുൽ അവാം മദ്രസ യു.പി സ്‌കൂൾ, തലശ്ശേരിയിലെ സെന്‍റ്​ ജോസഫ്‌സ് ഹൈസ്‌കൂൾ, മുബാറക് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി പഠനം. പിന്നീട് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്നും ബിരുദം.

ഒമ്പതാം വയസിൽ സ്ത്രീശബ്ദത്തിൽ പാടുന്ന നാലുപാട്ടുകളിലൂടെയാണ് സംഗീതരംഗത്തെ തുടക്കം .പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
മലയാളികളുള്ള കാലത്തോളം മൂളി നടക്കുന്ന ഒട്ടനവധി പാട്ടുകൾ സമ്മാനിച്ചാണ് പീർമുഹമ്മദ് യാത്രയാകുന്നത്…
ആ പാട്ടുകളങ്ങനെ സഞ്ചരിക്കുകയാണ് ഒട്ടകങ്ങൾ വരിവരിയായി എന്നപോലെ..

Leave a Reply