സാധാരണരീതിയിലുളള വ്യോമഗതാഗതം പുനരാരംഭിക്കാന്‍ ഇന്ത്യ, റാപ്പിഡ് പിസിആർ ഒഴിവാക്കാനും നീക്കങ്ങള്‍ സജീവം

ദുബായ് : എയർ ബബിള്‍ കരാറില്ലല്ലാതെ, സാധാരണരീതിയിലുളള വ്യോമഗതാഗതം പുനരാരംഭിക്കാനുളള നടപടികളിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന് വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കർ. ശനിയാഴ്ച എക്സ്പോ 2020 യിലെ ഇന്ത്യന്‍ പവലയനില്‍ സന്ദർശനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണരീതിയിലുളള വിമാനസർവ്വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ചുളള നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്. രണ്ട് കാര്യങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ. കോവിഡില്‍ നിന്ന് മുക്തമാവുകയെന്നുളളതും സമ്പദ് വ്യവസ്ഥയെ പുനജ്ജീവിപ്പിക്കുകയെന്നുളളതും. അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് എസ് ജയശങ്കർ എക്സ്പോയിലെ ഇന്ത്യന്‍ പവലിയനില്‍ സന്ദർശനം നടത്തുന്നത്. 3,00,000 പേർ പവലിയന്‍ സന്ദർശിച്ചുവെന്ന് അറിഞ്ഞതില്‍ അതീവ സന്തോഷം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേർ പവലിയനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.ഇന്ത്യയുടെ വൈവിധ്യവും സംസ്കാരവും തിളങ്ങുന്നതാണ് പവലിയനെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിലേക്ക് വരുന്നവർക്കുളള റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥർ യുഎയുടെ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി അധികൃതരുമായി ചർച്ചകള്‍ നടത്തുകയാണെന്ന് ഇന്ത്യന്‍ അംബാസിഡർ പവന്‍ കുമാർ പറഞ്ഞു. ഗൗരവത്തോടെ യുഎഇ ഇന്ത്യയുടെ അഭ്യർത്ഥന പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര യാത്രികർക്കുളള മാർഗ നിർദ്ദേശം ഇന്ത്യ പുതുക്കി

യുഎഇയില്‍ നിന്നടക്കമുളള അന്താരാഷ്ട്ര യാത്രികർക്കുളള മാർഗ നിർദ്ദേശം ഇന്ത്യ പുതുക്കി.ഇത് പ്രകാരം 5 വയസിന് താഴെയുളള കുട്ടികള്‍ക്ക് വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പും ശേഷവുമുളള കോവിഡ് പരിശോധന ആവശ്യമില്ല.

Leave a Reply