ബാബറും റിസ്വാനും തകര്‍ത്തു; ലോകകപ്പ് വേദിയില്‍ പാകിസ്താനോട് ആദ്യ തോല്‍വി വഴങ്ങി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയം. പത്ത് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. പാകിസ്താനായി ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും അർധസെഞ്ചുറി നേടി.

ഇന്ത്യൻ ബോളിങ് നിരയിൽ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 151 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്. ഷഹീൻ അഫ്രീദിയുടെ മികച്ച ബോളിങ് പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിങ് നിരയെ തകർത്തത്. അതേസമയം, ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും റിഷഭ് പന്തിന്റെയും പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട് സ്‌കോർ സമ്മാനിച്ചത്.

തുടക്കത്തിൽ തന്നെ ഇന്ത്യയെ ഞെട്ടിച്ചാണ് പാകിസ്താൻ തുടങ്ങിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമയെയും മൂന്ന് റൺസെടുത്ത കെ എൽ രാഹുലിനെയും സ്‌കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീടെത്തിയ ക്യാപ്റ്റൻ കോഹ്ലിയും സൂര്യകുമാർ യാദവും പതിയെ ഇന്ത്യയെ 30 റൺസ് കടത്തി. സൂര്യകുമാറിനെയും നഷ്ടപ്പെട്ടതോടെ ഇന്ത്യ കൂടുതൽ പരുങ്ങലിലായി.

എന്നാൽ പിന്നീടെത്തിയ റിഷഭ് പന്ത് പതിയെ താളം കണ്ടെത്തിയതോടെ സ്‌കോർ ഉയർന്നു. 84 റൺസിൽ എത്തി നിൽക്കെ പന്തിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റൻ കോഹ്ലിയും ജഡേജയും ചേർന്ന് സ്‌കോർ ബോർഡ് 120 കടത്തി. പിന്നീട് കോഹ്ലിയുടെയും ഹർദിക്കിന്റെയും വിക്കറ്റ് നഷ്ടമായെങ്കിലും സ്‌കോർ 150 കടന്നിരുന്നു. 57 റൺസെടുത്ത് വിരാട് കോഹ്ലിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. പാകിസ്താനായി ഷഹീൻ അഫ്രീദി മൂന്നും ഹസൻ അലി രണ്ടുവിക്കറ്റും നേടിയപ്പോൾ ഷദാബ് ഖാനും ഹാരിസ് റാഫ് ഓരോ വിക്കറ്റുകളും നേടി.

Leave a Reply