ദുബായ് കെഎംസിസി കോഴിക്കോട് ജില്ലയുടെ ആഭിമുഖ്യത്തില്‍ സിഎച്ച് അനുസ്മരണം ഒക്‌ടോബര്‍ 26ന്

ദുബായ്: ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിഎച്ച് അനുസ്മരണം സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷമായി നല്‍കിവരുന്ന സി എച്ച് രാഷ്ട്ര സേവാ പുരസ്കാരത്തിന്‍റെ ഇത്തവണത്തെ പ്രഖ്യാപനം ദുബായ് കെഎംസിസി ഓഫീസില്‍ നടന്നു. ഡോ. ശശി തരൂര്‍ എംപിയ്ക്കാണ് ഇത്തവണത്തെ പുരസ്കാരം. ഡോ. പി.എ ഇബ്രാഹിം ഹാജി ചെയര്‍മാനും എംസി വടകര, ടി.ടി ഇസ്മായില്‍, സി.കെ സുബൈര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ജനാധിപത്യ സംവിധാനത്തിന്‍റെ നിലനില്‍പ്പിനും മതേതര മൂല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ശ്രദ്ധേയ ഇടപെടല്‍ നടത്തുന്ന ഉജ്വല വ്യക്തിത്വമായ ഡോ. ശശി തരൂരിനുള്ള ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം ഈ മാസം 26ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ദേര മുറഖബാത്ത് പൊലീസ് സ്‌റ്റേഷന് മുന്‍വശത്തെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഡോ. പി.എ ഇബ്രാഹിം ഹാജി, ദുബായ് കോഴിക്കോട് ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് മൊയ്തീന്‍ കോയ ഹാജി, ജന.സെക്രട്ടറി കെ.പി മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ്ുമാരായഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, സ്വാഗതസംഘം ട്രഷറര്‍ ഹംസ കാവില്‍ അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുസ്‌ലിം ലീഗ് നേതാവും സിഎച്ചിന്‍റെ പുത്രനുമായ ഡോ. എം.കെ മുനീര്‍ എംഎല്‍എ, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, അറബ് പ്രമുഖര്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും. പ്രഗല്‍ഭ വാഗ്മി ഷാഫി ചാലിയം സിഎച്ച് അനുസ്മരണ പ്രഭാഷണം നടത്തും. പ്രശസ്ത ഗായകരായ ആസിഫ് കാപ്പാട്, യൂസുഫ് കാരക്കാട് എന്നിവര്‍ നയിക്കുന്ന ‘ഇശല്‍ വിരുന്നും’; ജില്ലാ കെഎംസിസിയുടെ വിദ്യാഭ്യാസ പ്രോല്‍സാഹന പദ്ധതിയായ ‘എജുടച്ചി’ന്‍റെ സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനവും; സാമൂഹിക പ്രതിബദ്ധരായ ബിസിനസ് പ്രമുഖരെ ആദരിക്കലും ചടങ്ങില്‍ നടക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപി, സി.പി ജോണ്‍ എന്നിവര്‍ക്കാണ് സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാരം നല്‍കിയത്.
കേരളത്തിന്‍റെയും ഇന്ത്യയുടെയും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ എന്നും മുന്നില്‍ നിന്ന വിദ്യാഭ്യാസ വിചക്ഷണനും സമൂഹ സമുദ്ധാരകനായിരുന്നു സിഎച്ച് മുഹമ്മദ് കോയ സാഹിബ്. രാഷ്ട്രീയ എതിരാളികള്‍ പോലും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കണ്ടിരുന്ന നേതാവായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായി തിളങ്ങിയ സി.എച്ചിന്‍റെ മഹത്തായ സ്മൃതികള്‍ നിലനിര്‍ത്താന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടണമെന്ന് പി.എ ഇബ്രാഹിം ഹാജി പറഞ്ഞു.


സാമൂഹികസാംസ്‌കാരികവിദ്യാഭ്യാസ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ദുബായ് കോഴിക്കോട് ജില്ലാ കെഎംസിസി നിര്‍വഹിച്ചു വരുന്നതെന്ന് കെ.പി മുഹമ്മദ് പറഞ്ഞു. ജില്ലാ കെഎംസിസിക്ക് കീഴില്‍ 12 മണ്ഡലം കമ്മിറ്റികളും മുനിസിപ്പല്‍പഞ്ചായത്ത് കമ്മിറ്റികളും ശക്തമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാഭാരവാഹികളായഹംസപയ്യോളി, അബൂബക്കര്‍മാസ്റ്റര്‍,സുഹംമെദ് മുഹമ്മദ് തെക്കയില്‍, മുഹമ്മദ് മൂഴിക്കല്‍, വി.കെകെ റിയാസ്, ഇസ്മയില്‍ചെരിപ്പേരി, അഹമ്മദ്ബിച്ചി, മൂസകൊയംബ്രം, അഷറഫ്‌ചെമ്പോളി, എം.പി അശ്‌റഫ്, അബ്ടുള്ള വലിയാണ്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply