സ്നേഹ റസൂൽ:


  ഹിറാ ഗുഹയിൽ ധ്യാന നിമഗ്നനായിരുന്ന തിരുദൂതരുടെ അരികിലെത്തി ജിബ് രീൽ മാലാഖ വായിക്കാൻ പറഞ്ഞ സന്ദർഭം.
  തിരുനബി (സ) മൊഴിഞ്ഞു: എനിക്ക് വായിക്കാനറിയില്ലല്ലോ..
  ചേർത്തു പിടിച്ചു ഓതിക്കൊടുത്തു ജിബ് രീൽ..
  വിശുദ്ധ ഖുർആന്റെ ദിവ്യസന്ദേശത്തിന്റെ സമാരംഭമായിരുന്നു അത്..
  ഹിറയിൽ തനിച്ചിരിക്കുമ്പോഴുണ്ടായ അനുഭവത്തിന്റെ കാഠിന്യത്താൽ വിറയാർന്ന വാക്കുകളും
  തപിക്കുന്ന ദേഹവുമായി വീട്ടിലെത്തി തിരുനബി (സ)
  എന്നെ പുതപ്പിട്ടു മൂടൂ എന്ന് പറഞ്ഞു കൊണ്ടിരുന്നു..

  തിരുദൂതരുടെ ജീവിത രീതികളും പ്രണയത്തിന്റെ ആഴവുമറിഞ്ഞ ത്യാഗിയായ സഹധർമ്മിണി ഖദീജ അവിടുത്തെ ചേർത്തു നിർത്തി പറഞ്ഞു കൊണ്ടിരുന്നു..
  അങ്ങയെ ദൈവം കയ്യൊഴിയില്ല..
  അങ്ങ്
  സത്യം പറയുന്നവരാണ്, അനാഥകളെ സംരക്ഷിക്കുന്നവരാണ്,
  അഗതികൾക്ക് അന്നം നൽകുന്നവരാണ്,
  അതിഥികളെ സൽക്കരിക്കുന്നു,
  കുടുംബ ബന്ധം ചേർക്കുന്നവരാണ്..
  തിരുദൂതരുടെ പ്രവാചകത്വ ലബ്ദിക്കു മുമ്പേ അവിടുത്തെ സ്വഭാവ സവിശേഷതകളാണ് ഖദീജബീവി എടുത്തു പറഞ്ഞു കൊണ്ടിരുന്നത്..
  മാനവിക മൂല്യങ്ങളുടെ സാകല്യമായിരുന്നു സഹധർമ്മിണി വാഴ്ത്തി പറഞ്ഞ അവിടുത്തെ ഗുണങ്ങൾ..

  വിശുദ്ധ ഖുർആൻ തിരുദൂതരെ കുറിച്ച് പറയുന്നത് “സൽസ്വഭാവത്തിന്നുടമ” എന്നാണ്.

  പ്രപഞ്ച സൃഷ്ടാവിനോടും അവന്റെ സൃഷ്ടികളോടും മനുഷ്യൻ ചെയ്യേണ്ട കടമകളെ കുറിച്ച് ഇസ്‌ലാം വിശദമാക്കിയിട്ടുണ്ട്.
  സഹജീവികളോട് നിർവ്വഹിക്കുന്ന കടമകളും സൃഷ്ടാവിന്റെ തൃപ്തിക്കു വേണ്ടിയാണ്.
  മനുഷ്യന്റെ ചലനങ്ങളൊക്കെ സൃഷ്ടാവിനു വേണ്ടിയാണ്.
  എന്റെ ജീവിതം മരണവും അനക്കങ്ങളും സൃഷ്ടാവിനു വേണ്ടിയാണെന്ന പ്രതിജ്ഞ പ്രാർത്ഥനാവേളയിൽ ഉരുവിടുന്നത് നബി പഠിപ്പിച്ച അവിടുത്തെചര്യയാണ്.
  വനുസുഖീ വമഹ് യായ വ മമാത്തീ
  ലില്ലാഹി റബ്ബിൽ ആലമീൻ..

  അർദ്ധരാത്രിയുടെ അന്ത്യയാമങ്ങളിൽ തിരുനബി ഉണർന്ന് എഴുന്നേറ്റ് അംഗശുദ്ധി വരുത്തി നിശബ്ദത തളം കെട്ടി നിൽക്കുന്ന ആ സമയത്ത് മുഖം ഖിബ് ലയിലേക്കും
  കൈകൾ ആകാശത്തേക്കു മുയർത്തി പ്രാർത്ഥിച്ചു..
  മനുഷ്യർ ഒന്നാണെന്നതിന്
  ഞാനിതാ സാക്ഷ്യം വഹിക്കുന്നു..
  പതിവു പ്രാർത്ഥനകളിലെ പ്രധാന വാക്യങ്ങൾ സ്വന്തത്തെ കുറിച്ചായിരുന്നില്ല,
  വിശ്വാസികൾക്കു വേണ്ടി മാത്രവുമായിരുന്നില്ല..
  മനുഷ്യന്റെ നൻമക്കുവേണ്ടി സൃഷ്ടാവിനോടുള്ള യാചനയായിരുന്നു അത്..
  മനുഷ്യ സമൂഹത്തിന്റെ മഹത്വമായിരുന്നു അത്

  മനുഷ്യന്റെ ഹൃദയങ്ങളിലൂടെയാണ് ദൈവത്തിന്റെ സാമീപ്യത്തിലേക്കുള്ള എളുപ്പ വഴിയെന്ന് പഠിപ്പിച്ച മഹാഗുരുവായിരുന്നു തിരുദൂതർ..

  പുനർജന്മവേളയിൽ പരലോകത്ത് വെച്ച് ജീവിതത്തിന്റെ നാൾവഴി കണക്കുകൾ നാഥന്റെ സന്നിധിയിൽ അവതരിപ്പിക്കേണ്ടി വരുന്ന സന്ദർഭത്തിൽ നാഥൻ സൃഷ്ടികളോട് ചോദിക്കുന്ന ചില ചോദ്യങ്ങളെ കുറിച്ച് തിരു നബി (സ) പഠിപ്പിച്ചു.
  അതിങ്ങനെയാണ്
  അല്ലാഹു മനുഷ്യനോട് ചോദിക്കും:
  ഞാൻ രോഗിയായപ്പോൾ നീ എന്തേ എന്നരികിൽ വന്നില്ല!
  ആശ്ചര്യപൂർവ്വം മനുഷ്യൻ മറുപടി നൽകും
  നിനക്ക് രോഗമോ
  നീയല്ലെ സൃഷ്ടാവ്,
  നീയല്ലെ സുഖപ്പെടുത്തുന്നവൻ,
  നീയല്ലെ സംരക്ഷകൻ
  നിനക്ക് രോഗമോ?

  നാഥൻ പറയും
  നിന്റെ അയൽവാസി രോഗിയായപ്പോൾ നീ എന്തെ അവിടെ വന്നില്ല,
  വന്നിരുന്നെങ്കിൽ എന്നെ കാണാമായിരുന്നു..
  ഇങ്ങനെ
  ദരിദ്രന്റേയും,
  കടക്കാരന്റേയും ജീവിത പരിസരങ്ങളിൽ സഹായവുമായി ചെന്നെത്താത്തവർക്കു നേരേയും ഇതുപോലെ ചോദ്യമുയർത്തും ജഗം നിയന്താവ് എന്ന താക്കീത് നബി പഠിപ്പിച്ചു.

  മനുഷ്യ സ്നേഹം പരലോക വിജയത്തിന്റെ താക്കോലായി അവിടുന്ന് പറഞ്ഞു തന്നു.

  ബഹുസ്വരതയോട് ആദരവു പുലർത്താനും വൈവിധ്യങ്ങളെ അംഗീകരിക്കാനും തിരുനബി (സ) അനുചരൻമാരെ പഠിപ്പിച്ചു.
  നബിയുടെ മദീന ജീവിത കാലഘട്ടത്തിൽ മുസ്ലിംകളല്ലാത്ത സഹോദര സമുദായത്തിലെ മനുഷ്യരേയും ഉൾക്കൊള്ളുകയും സഹോദരൻമാരായി ചേർത്തു നിർത്തുകയും അവരുടെ അവകാശങ്ങൾ ലിഖിതമാക്കി കരാറുണ്ടാക്കുകയും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
  ലോകം ശ്രദ്ധിച്ച ഉന്നതമായ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു മദീന കരാർ.

  നൻമയിലും ദൈവഭക്തിയിലും പരസ്പരം സഹായിക്കുക, തിന്മയിലും അക്രമത്തിലും നിസ്സഹരിക്കുക എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന സങ്കല്പമെന്നും ഖുർആന്റെ കൽപനയുമെന്നുമാണ്നബി(സ) പ്രബോധനം ചെയ്തത്.

  മുസ്‌ലിംകളല്ലാത്തവരുടെ ആരാധനാ കാര്യങ്ങളെ സംബന്ധിച്ച ഇസ്‌ലാമിക സമീപനം വളരെ വിശാലമാണ്.
  “അവർ അല്ലാഹുവിനെ വെടിഞ്ഞു വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നതിനെ നിങ്ങള്‍ ആക്ഷേപിക്കരുത്”
  (6:108).
  അതൊരു കൽപനയും താക്കീതുമാണ്.
  പ്രവാചകനെ അധിക്ഷേപിച്ച ജൂതനോട് പ്രതികരിക്കാന്‍ തുനിഞ്ഞവരോട് നബി(സ) പറഞ്ഞു: മാന്യത പുലര്‍ത്തൂ.. മോശപ്പെട്ട വാക്കുകളും തീവ്രശൈലിയും കൈവിടൂ
  (ബുഖാരി 8:410).

  നിതാന്ത ശത്രുത പുലര്‍ത്തപ്പെടേണ്ടവരായി ആരുമില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”അല്ലാഹു നിങ്ങള്‍ക്കും, ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല.” (60:7)
  മനുഷ്യ ബന്ധങ്ങൾ അറ്റുപോകരുതെന്നും ശത്രുതയുള്ളവർ പോലും മൈത്രിയിലാകുമെന്ന പ്രതീക്ഷയും പഠിപ്പിച്ച നബി മാനവികതയുടെ മഹത്വമുദ്ഘോഷിക്കുകയാണ്.

  തിരുനബി (സ) യുദ്ധത്തിനു നേതൃത്വം നൽകി എന്ന് വിമർശനമായും ആവേശമായും.വായിക്കുന്നവരുണ്ട്.
  യഥാർത്ഥത്തിൽ തിരിച്ചുള്ള വായനയാണ് യാഥാർഥ്യവും പ്രസക്തിയും.
  അതിങ്ങനെയാണ്: സത്യസന്ദേശ പ്രചരണത്തിന്റേയും പ്രബോധനത്തിന്റേയും മാർഗത്തിൽ യുദ്ധങ്ങളെ പോലും അഭിമുഖീകരിക്കേണ്ടി വന്നു നബിക്ക്.
  സംഘർഷം വഴിമാറിപോകാൻ സന്ധിസംഭാഷണവും
  കരാറുകളുമുണ്ടാക്കി.
  യുദ്ധത്തിനു തൊട്ടുമുമ്പു പോലും യുദ്ധം ഒഴിവായി കിട്ടാൻ പ്രാർത്ഥിച്ചു തിരുനബി.
  നിർബ്ബന്ധിത സാഹചര്യത്തിൽ യുദ്ധം അനിവാര്യമായപ്പോൾ അവിടുത്തെ അനുചരൻമാരോട് പറഞ്ഞു അതിരുവിടുകയോ അന്യായം പ്രവർത്തിക്കുകയോ ചെയ്യരുതെന്ന്.

  യുദ്ധതടവുകാരെ വിട്ടയക്കാൻ പകരമായി തന്റെ അനുചരൻമാർക്കിടയിലെ നിരക്ഷരർക്ക് അക്ഷരം പഠിപ്പിക്കൂ എന്ന നബി കൽപന വായിക്കുക എന്നരുൾ ചെയ്ത് ആരംഭിച്ച വിശുദ്ധ ഖുർആന്റെ പ്രബോധകനായ നബിയുടെ മനസ്സ് ആകാശത്തിന്റെ വിശാലതക്കും ഭൂമിയുടെ പരപ്പിനേക്കാളും ഉന്നതമാക്കുന്നു.

  യുദ്ധം കഴിഞ്ഞു മടങ്ങവേ അനുചരൻമാരോടായി നബി പറഞ്ഞു:
  ഇക്കഴിഞ്ഞതല്ല യുദ്ധം
  സ്വന്തം ദേഹേഛയോടുള്ള യുദ്ധമാണ് പ്രധാനം.
  മനസ്സിന്റെ മാലിന്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലൂടെയാണ് മനുഷ്യന് ഇഹ-പര ലോകത്തും ഔന്നിത്യത്തിലെത്താൻ സാധ്യമാകൂ.

  പുതിയ കാലത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ജിഹാദ്.
  യഥാർത്ഥത്തിൽ സ്വന്തം ഇച്ചയോട് സ്വയം നടത്തുന്ന പോരാട്ടമാണ് ഉന്നത ജിഹാദ് എന്നാണ് നബി (സി ) പഠിപ്പിച്ചത്.

  ജലാലുദ്ധീൻ റൂമി കിത്താബുൽ മസ്നവിയിൽ ജിഹാദിനെ ബാഹ്യവും ആന്തരികവുമായി വേർതിരിച്ചിരിക്കുന്നു.
  ബാഹ്യ ശത്രുക്കളായ രോഗം, ദാരിദ്ര്യം, നിരക്ഷരത എന്നിവക്കെതിരേയും
  ആന്തരിക ശത്രുക്കളായ കാമ ക്രോധ ലോഭ മോഹങ്ങൾക്കെതിരേയുമുള്ള പോരാട്ടമായിട്ടാണ് വ്യാഖ്യാനിച്ചിട്ടുള്ളത്.
  ഇതാണ് ജിഹാദ്,
  മറ്റുള്ളതെല്ലാം അജ്ഞതയുടെ വ്യാഖ്യാനങ്ങളാണ്.

  വിശ്വാസി സമൂഹത്തെ തുല്യതയില്ലാത്ത വിധം അക്രമിക്കുകയും ആട്ടിയോടിക്കുകയും ബഹിഷ്കരിച്ച കാരണത്താൽ പച്ചിലകൾ കൊണ്ട് വിഷപ്പടക്കേണ്ടി വരികയും ചെയ്തു വിശ്വാസികൾക്ക് ഹിജ്റക്കു മുമ്പുള്ള മക്കാ ജീവിതത്തിൽ. ഇതേ അക്രമികൾക്കു മുമ്പിലേക്ക് മക്ക വിജയ വേളയിൽ അനുചരൻമാരുടെ സംഘ ശക്തിയുമായി വിജയത്തിന്റെ തേരിലേറി കടന്നുവന്നപ്പോൾ അക്രമികളോട് നബി പറഞ്ഞത് എല്ലാവർക്കും മാപ്പ് എന്നായിരുന്നു..
  ദുർബലനായി നിൽക്കുമ്പോഴല്ല ശക്തനായിയിരിക്കുമ്പോൾ മാപ്പ് നൽകുന്നതാണ് മതത്തിന്റെ മൂല്യം എന്ന് നബി പഠിപ്പിച്ചു.

  മനുഷ്യരോടു മാത്രമല്ല മറ്റു ജീവജാലങ്ങളോടും കരുണയും സ്നേഹവും കാണിക്കണമെന്ന് പഠിപ്പിച്ചു.
  ഒട്ടകത്തിന്റെ പുറത്തിരുന്ന് മറ്റൊരാളോട് സംസാരിക്കുകയായിരുന്ന ഒരാളോട് നബി പറഞ്ഞു യാത്രയല്ലെങ്കിൽ ആ മൃഗത്തിന്റെ പുറത്തു നിന്നിറങ്ങു
  അതിനെ ബുദ്ധിമുട്ടിക്കരുത് എന്ന്.
  മരുഭൂമിയിലെ പച്ചപ്പിന്നരികിലൂടെ ഒട്ടകത്തെ വേഗതയിൽ തെളിച്ച് പോയ അനുചരനെ തിരുത്തി നബി പറഞ്ഞു.
  പച്ചപ്പിലൂടെ പോകുമ്പോൾ ഒട്ടകത്തെ ഭക്ഷിക്കാനനുവദിക്കൂ..

  അനാഥകളോട്
  ദരിദ്രരോട്
  അയൽവാസികളോട്
  കുട്ടികളോട്
  സ്ത്രീകളോട്
  വൃദ്ധരോട്
  തടവുകാരോട് ബന്ധുക്കളോട്
  കൺമുമ്പിൽ സഹായത്തിനർഹർ ആരോണോ അവരെയൊക്കെ സഹായിക്കാനും
  സ്നേഹം നിഷേധിക്കപ്പെട്ടവർക്ക് അത് പകർന്നു നൽകാനും പഠിപ്പിച്ചു.

  കച്ചവടത്തിൽ
  രാഷ്ട്രീയത്തിൽ എല്ലാം
  സത്യസന്ധത പാലിക്കണമെന്നും
  നീതിയും കരുണയും
  ദയയും
  ക്ഷമയും
  വിശുദ്ധിയും
  സൂഷ്മതയും പുലർത്തണമെന്നും പഠിപ്പിച്ചു.

  നബിയെ കണ്ടവരും
  നബിയെ കേട്ടവരും
  നബിയുടെ വേർപാടിനു ശേഷം അറിഞ്ഞവരും തിരുദൂതരെ സ്നേഹം കൊണ്ട് ചൊരിഞ്ഞത് ചരിത്രത്തിൽ അർത്ഥവും ആസ്വാദകവുമായ കവിത പോലെ നമ്മുടെ ഹൃദയാന്തരാളങ്ങൾ നിറഞ്ഞൊഴുകും.

  മരണാനന്തരം പരലോകത്ത് നബിയോട് അടുത്തിടപഴകാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്കയാൽ കരഞ്ഞ സഹാബികൾ..
  ഹിജ്റയുടെ യാത്രക്കിടെ നബി ഉറങ്ങുന്നതിനരികെയുള്ള മാളത്തിൽ സർപ്പം വരാൻ സാധ്യത മനസ്സിലാക്കി കാൽവിരൽ കൊണ്ട് മാളമടച്ച് സർപ്പദംശനമേറ്റ അബൂബക്കർ സിദ്ധീഖ്..
  യുദ്ധവേളയിൽ നബിയുടെ തിരുശരീരത്തിലേക്ക് പാഞ്ഞു വന്ന അമ്പുകൾ സ്വന്തം ശരീരം കൊണ്ട് തടുത്ത് മുറിവേറ്റ് ചോര വാർന്ന ത്വൽഹ..
  തിരുനബിയുടെ വഫാത്തിനു ശേഷം നബിയുടെ പേര് ഉച്ചരിക്കുമ്പോഴേക്കും അനുരാഗത്താൽ ബോധരഹിതനായ ബിലാൽ..

  ആ പ്രണയ പുഴയിൽ നീന്തി തുടിക്കുന്നൊരു അനുരാഗിയായ് തീരാനുള്ള കൊതിയാണീ ജീവിത യാത്ര..

  Leave a Reply