കോവിഡ് 19 : യുഎഇ സ്വഭാവികപ്രതിരോധശേഷിയിലേക്ക് അടുക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ

ദുബായ് : യുഎഇയില്‍ കോവിഡ് 19 മഹാമാരിക്കെതിരെയുളള പ്രതിരോധപ്രവർത്തനങ്ങള്‍ സ്വാഭാവിക പ്രതിരോധ ശേഷി വർദ്ധിപ്പിക്കാന്‍ ഇടയാക്കിയെന്ന് ആരോഗ്യവിദഗ്ധ‍ർ. വളരെ വിജയകരമായി നടപ്പിലാക്കിയ വാക്സിനേഷന്‍ യജ്ഞവും കോവിഡ് പരിശോധനയും മഹാമാരിയെ തടയാന്‍ സഹായകരമായെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ച 124 പേരില്‍ മാത്രമാണ് രാജ്യത്ത് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 276637 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. അതായത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.44 ശതമാനമായി കുറഞ്ഞു.20.5 ദശലക്ഷം കോവിഡ് വാക്സിന്‍ ഡോസുകളും രാജ്യത്ത് ഇതിനകം തന്നെ വിതരണം ചെയ്തുകഴിഞ്ഞു. വാക്സിനെടുക്കാന്‍ യോഗ്യതയുളള 95 ശതമാനവും രണ്ട് ഡോസുകളും എടുത്തുകഴിഞ്ഞുവെന്നുളളതാണ് കണക്ക്. സെപ്റ്റംബർ 19 മുതല്‍ 400 താഴെ മാത്രമാണ് പ്രതിദിന കോവിഡ് കേസുകള്‍. പ്രതിദിന കോവിഡ് കേസുകളിലുണ്ടാകുന്ന ക്രമാനുഗതമായ കുറവ് സൂചിപ്പിക്കുന്നത് സ്വാഭാവികമായ പ്രതിരോധ ശേഷി നേടിയെടുക്കാന്‍ സാധിച്ചുവെന്നുളളതിന്‍റെ സൂചനയാണെന്ന് വിവിധ മേഖലകളിലെ ആരോഗ്യപ്രവർത്തകർ വിലയിരുത്തുന്നു. എന്നിരുന്നാല്‍ തന്നെയും മാസ്ക് ധരിക്കുന്നതുള്‍പ്പടെയുളള മുന്‍കരുതലുകള്‍ തുടരണമെന്നും ആരോഗ്യപ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.

Leave a Reply