പരിശീലിപ്പിക്കാന്‍ പുല്ലേല ഗോപിചന്ദെത്തുന്നു, യഥാർത്ഥ്യമാകുന്നത് ഗള്‍ഫിലെ ആദ്യ ബാഡ്മിന്‍റണ്‍ അക്കാദമി

ദുബായ് : പ്രമുഖ ബാഡ്മിന്‍ കോച്ച് പുല്ലേല ഗോപിചന്ദിന്‍റെ നേതൃത്വത്തില്‍ ഗള്‍ഫിലെ ആദ്യ ബാഡ്മിന്‍റണ്‍ അക്കാദമിക്ക് ദുബായില്‍ തുടക്കമാകുന്നു. ദുബായ് ആസ്ഥാനമായുള്ള സ്പോര്‍ട്സ് ലൈവ് ഇന്‍റര്‍നാഷനണല്‍ ഡിവിഷന്‍ സ്പോര്‍ട്സും ഇന്ത്യ ആസ്ഥാനമായ ബ്രാന്‍ഡ്പ്രിക്സ് പ്രൈവറ്റ് ലിമിറ്റഡും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് ബാറ്റ്മിന്‍റണ്‍ അക്കാദമിയുമായി ചേർന്നാണ് അക്കാദമികള്‍ സ്ഥാപിക്കുന്നത്.

പുതുതലമുറയില്‍ നിന്ന് ബാഡ്മിന്‍റണ്‍ പ്രതിഭകളെ കണ്ടത്തുകയും ലോക ചാമ്പ്യന്മാരെന്ന നിലയില്‍ അവരെ വളർത്തുകയുമാണ് ലക്ഷ്യമിടുന്നത്. ഗള്‍ഫ് മേഖലയില്‍ ബാറ്റ്മിന്‍റണ്‍ അക്കാദമി തുടങ്ങുമ്പോള്‍ നല്ല ശതമാനം ഇന്ത്യന്‍ പ്രവാസികള്‍ക്കും ഇതിന്‍റെ ഗുണഫലം ലഭിക്കുമെന്ന് പുല്ലേല ഗോപീചന്ദ് പറഞ്ഞു. ഗള്‍ഫ് ബാറ്റ്മിന്‍റണ്‍ അക്കാദമി സ്പോര്‍ട്സ് ലൈവ് ഇന്‍റര്‍നാഷണല്‍, ബ്രാന്‍ഡ്പ്രിക്സ് എന്നിവയുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഒരു കളിക്കാരന്‍ മല്‍സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ തന്നെ വിജയിക്കുകയാണ്. എന്നാല്‍, ജേതാവാകുന്നതിന് തന്ത്രങ്ങള്‍ ആവശ്യമാണ്. പരിശീലകന്‍ എന്ന നിലയില്‍ അവര്‍ ശരിയായ പാതയിലാണെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. നിശ്ചിത സമയങ്ങളില്‍ താന്‍ അക്കാദമികള്‍ സന്ദര്‍ശിച്ച് പഠിതാക്കളുമായി സംവദിക്കും. പാഠ്യ പദ്ധതി നിരീക്ഷിക്കും. ഇതിലൂടെ കളിക്കാര്‍ക്ക് തന്‍റെ മികച്ച അനുഭവ പരിചയം പകര്‍ന്നു നല്‍കുമെന്നും ഗോപീചന്ദ് വ്യക്തമാക്കി.
ദുബായിലെ ഗള്‍ഫ് ബാറ്റ്മിന്‍റണ്‍ അക്കാദമി ഒക്ടോബര്‍ 25ന് ദുബായിലെ ശബാബ് അല്‍ അഹ്ലി ക്ളബില്‍ ആരംഭിക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 20 ആണ്.

കളിക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനൊപ്പം ഗള്‍ഫ് ബാറ്റ്മിന്‍റണ്‍ അക്കാദമിക്ക് (ജി.ബി.എ) സാങ്കേതിക പിന്തുണ നല്‍കുകയും പാഠ്യപദ്ധതി ആവിഷ്കരിക്കുകയും ജി.ബി.എ പരിശീലകര്‍ക്ക് ഹൈദരാബാദിലെ തന്‍റെ മുന്‍നിര അക്കാദമിയില്‍ നിന്ന് പ്രത്യേക പരിശീലകരുടെ സഹായം ഉപയോഗപ്പെടുത്തുകയും ചെയ്യും.
ബാറ്റ്മിന്‍റണ്‍ പരിശീലനത്തില്‍ ഗോപീചന്ദ് ലോകത്തിലെ മികച്ച മുന്‍ നിര പേരുകളില്‍ ഒന്നാണ്. ഇന്ത്യയിലെ അക്കാദമിയില്‍ അദ്ദേഹം നടപ്പാക്കിയ പരിശീലന പദ്ധതികള്‍ നിരവധി ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കിയതായി സ്പോര്‍ട്സ് ലൈവ് ഇന്‍റര്‍നാഷണല്‍ കോ-ഫൗണ്ടറും ഇന്‍റര്‍ദേവ് സ്പോര്‍ട്സ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. എം.എ. ബാബു അഭിപ്രായപ്പെട്ടു.

ഇതോടനുബന്ധിച്ച് ജി.സി.സി രാജ്യങ്ങളിലെ ടീമുകള്‍ മാറ്റുരക്കുന്ന ബാറ്റ്മിന്‍റണ്‍ ചാമ്പ്യന്‍സ് ലീഗ് എല്ലാ വര്‍ഷവും നടത്താനുള്ള പദ്ധതിയുമുണ്ടെന്ന് ഇന്‍റർദേവ് സ്പോര്‍ട്സ് ചെയര്‍മാന്‍ തൗഫീ വലിയകത്ത് പറഞ്ഞു.
ജി.സി.സി രാഷ്ട്രങ്ങളില്‍ 10 നഗരങ്ങളിലായി 50,000 കുട്ടികള്‍ ബാറ്റ്മിന്‍റണ്‍ മേഖലയിലുണ്ട്. ചൈന, മലേഷ്യ, ഇന്തോനേഷ്യ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലായി ബാറ്റ്മിന്‍റണ്‍ പ്രതിഭകളോട് കിടപിടിക്കുന്ന രീതിയിലാകും ജി.ബി.എ പരിശീലനമെന്ന് ഇന്‍റര്‍ദേവ് സ്പോര്‍ട്സ് ഡയറക്ടര്‍ ജെയിന്‍ മാത്യു പറഞ്ഞു.

പ്രീമിയര്‍ ബാറ്റ്മിന്‍റണ്‍ ലീഗ് നടത്തുന്ന സ്പോര്‍ട്സ് ലൈവിന്‍റെ സഹ സ്ഥാപകനായ പ്രസാദ് മംഗിപുടി സ്ഥാപിച്ച സ്പോര്‍ട്സ് മാനേജ്മെന്‍റ് കമ്പനിയായ ബ്രാന്‍ഡ്പ്രിക്സ് ഇന്ത്യയിലെ അന്താരാഷ്ട്ര ബാന്‍മിന്‍റണ്‍ ഈവന്‍റുകള്‍ കൈകാര്യം ചെയ്യുന്നതിലും ഗള്‍ഫ് രാജ്യങ്ങളില്‍ കായിക രംഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതിലും പ്രാവീണ്യമുള്ളവരാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ കുറഞ്ഞത് 10 അക്കാദമികളെങ്കിലും തുറക്കാനാണ് ലക്ഷ്യമിടുന്നത്. ഈ അക്കാദമികളില്‍ 3000ഓളം കളിക്കാര്‍ക്ക് പരിശീലനം നല്‍കും. ആമുഖം, ഇന്‍റര്‍മീഡിയറ്റ്, അഡ്വാന്‍സ്ഡ് എന്നീ മൂന്ന് തലങ്ങളിലായാണ് കോഴ്സുകള്‍ നടക്കുക. പ്രതിമാസം 800 മുതല്‍ 1500 ദിര്‍ഹം വരെയായിരിക്കും ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് +971 52 743 1500 നമ്പറില്‍ ഡോ. എം.എ. ബാബുവുമായി ബന്ധപ്പെടാമെന്നും അധികൃതർ പറഞ്ഞു.

Leave a Reply