സി.എ.എ വിരുദ്ധ സമരം; കേസ് പിൻവലിക്കാത്ത സർക്കാർ നിലപാട് കടുത്ത വഞ്ചന: പി.എം.എ സലാം

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത സർക്കാർ നിലപാട് കടുത്ത വഞ്ചനയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം പറഞ്ഞു. കേസുകൾ ഒന്നും പിൻവലിച്ചിട്ടില്ലെന്നാണ് നിയമസഭയിൽ മുഖ്യമന്ത്രി അറിയിച്ചത്. ഒരു ലജ്ജയുമില്ലാതെയാണ് സർക്കാർ വാഗ്ദാന ലംഘനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു വാഗ്ദാനം. എന്നാൽ അധികാരത്തിൽ വന്നതോടെ സർക്കാർ ന്യൂനപക്ഷ ജനവിഭാഗങ്ങളെയും പൗരാവകാശ പ്രവർത്തകരെയും വഞ്ചിച്ചു. സി.എ.എക്കെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയ ചരിത്രമാണ് കേരളത്തിനുള്ളത്. ഈ താൽപര്യമെല്ലാം കാപട്യമായിരുന്നു എന്ന് തെളിയിക്കുന്നതാണ് പുതിയ നിലപാട്.-പി.എം.എ സലാം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ യൂത്ത് ലീഗ് സമരം ഉദ്ഘാടനം ചെയ്തതിനാണ് കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർക്കെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ അദ്ദേഹം 11 യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം കോടതിയിൽ ഹാജരായി. ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം ജലരേഖയായി മാറിയിരിക്കുകയാണ്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 836 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സമാധാനപരമായി സമരം ചെയ്ത വിവിധ മുസ്‌ലിം സംഘടനാ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരുമാണ് ഈ കേസുകളിൽ പ്രതികളാക്കപ്പെട്ടത്.- അദ്ദേഹം വിശദീകരിച്ചു. ന്യൂനപക്ഷ ജനവിഭാഗങ്ങളോട് സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണിതെന്നും പി.എം.എ സലാം പറഞ്ഞു.

Leave a Reply