രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള

അബുദബി: രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ. ഒക്ടോബർ 13 വരെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും മേള നടക്കും. അൽ വഹ്ദ മാളിൽ നടന്ന മേളയുടെ ഉദ്‌ഘാടനം സിനിമാതാരം ആസിഫ് അലിയും ഇമറാത്തി കലാകാരൻ ഹംസ ഹാഫിദും ലുലു അബുദാബി – അൽ ദഫ്‌റ റീജിയണൽ ഡയറക്ടർ പി.വി.അജയകുമാറും ചേർന്ന് നിർവഹിച്ചു. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇതുപോലൊരു വേദിയിൽ വരാനും സംസാരിക്കാനും കഴിഞ്ഞതെന്ന് ആസിഫ് പറഞ്ഞു. അത് ഭക്ഷണ വിശേഷങ്ങൾ പങ്കുവെക്കുന്ന ഒരു പാരിപാടി കൂടിയാവുന്നത് ഏറെ സന്തോഷകരമാണ്. എല്ലാവരും വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ലുലുവിൽ നടക്കുന്ന പരിപാടിയുടെ ഭാഗമാകണമെന്നും ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണം ആസ്വദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിലിക്കൺ ഒയാസിസിൽ നടന്ന ദുബായ് മേഖലയിലെ മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ ദുബായ് റീജിയണൽ ഡയറക്ടർ കെ.പി.തമ്പാനും ഇമറാത്തി ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും അഭിനേതാവ് മുഹമ്മദ് അൽ ഹാഷിമിയും ഭാഗമായി. പത്തുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യങ്ങളായ ഭക്ഷണപാദാർത്ഥങ്ങൾ ലഭ്യമാക്കും. ‘ഫുഡ് ഓൺ ദി ട്രക്ക്’ ആശയത്തിൽ വ്യത്യസ്‌തയിനം ഷവർമകൾ, ഇന്ത്യൻ ചാട്ട് പലഹാരങ്ങൾ എന്നിവയും ഗ്രിൽ ഹൗസ്, ബിരിയാണി ഫെസ്റ്റ്, ദേശി ദാബ, അറേബ്യൻ ഡിലൈറ്റ്സ്, തട്ടുകട, പജ്കൈങ് പിനോയ്, എക്സ്പ്ലോറിങ് യൂറോപ്പ്, കേക്ക്സ് ആന്റ് കുക്കീസ് തുടങ്ങിയ ആശയങ്ങളിൽ വിവിധ നാടുകളിലെ ഭക്ഷണപദാർത്ഥങ്ങളും ലഭ്യമാക്കും. നിരവധി പാചക പരീക്ഷണങ്ങൾക്കും മത്സരങ്ങൾക്കും ലുലു ഹൈപ്പർമാർക്കറ്റുകൾ വേദിയാകും. ഓൺലൈനായി www.luluhypermarket.com സാധനങ്ങൾ വാങ്ങുന്നവർക്ക് വമ്പിച്ച ഇളവുകളും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമായിരിക്കുന്നതിനും ആളുകളെ ഒന്നിച്ചുചേർക്കുന്നതിനും നല്ല ഭക്ഷണങ്ങൾക്ക് വലിയ പങ്കാണുള്ളതെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്‌റഫ് അലി പറഞ്ഞു. ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നുള്ള നല്ല ഭക്ഷണവും രുചികളും ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് നല്ല ആരോഗ്യവും ലുലു ഉറപ്പുനൽകുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply