ബിസിസി ഗ്രൂപ്പ് നിർമ്മാണ രംഗത്തേക്ക് കടക്കുന്നു

ദുബായ് : തൊഴില്‍ അന്വേഷിക്കുന്നവർക്ക് പ്രതീക്ഷനല്‍കി മാന്‍പവർ രംഗത്തെ പ്രമുഖരായ ബിസിസി ഗ്രൂപ്പ് നിർമ്മാണ – ഇന്‍റീരിയർ രംഗത്തേക്ക് കടക്കുന്നു. റിയല്‍ എസ്റ്റേറ്റ് കമ്പനിയായി മാറുകയെന്നുളളതിന്‍റെ ആദ്യപടിയായാണ് കൂടുതല്‍ മേഖലകളിലേക്ക് ഗ്രൂപ്പ് കടക്കുന്നത്. ഇതിന്‍റെ ഭാഗമായി നി‍ർമാണ വിഭാഗവും ഇന്‍റീരിയർ ഡിസൈന്‍ യൂണിറ്റും തുടങ്ങിയതായി ബിസിസി ഗ്രൂപ്പ് ഫൗണ്ടറും സിഇഒയുമായ അംജദ് സിതാര പറഞ്ഞു. തൊഴിലാളി മേഖലയില്‍ മികച്ച രീതിയില്‍ നടത്തിയ പ്രവർത്തനം നി‍ർമ്മാണ മേഖലയില്‍ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ വില്ലകളുടേയും അപാർട്മെന്‍റുകളുടേയും നിർമ്മാണമാണ് ഏറ്റെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് സമയത്ത് തൊഴിലാളികള്‍ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തു നല്‍കി ഒപ്പം നിർത്തി. പല കമ്പനികളും തൊഴിലാളികളെ നാട്ടില്‍ അയച്ച സമയത്താണ് ബിസിസി ഗ്രൂപ്പ് അവർക്ക് യുഎഇയില്‍ തന്നെ സൗകര്യങ്ങളൊരുക്കി ചേർത്ത് നിർത്തിയത്. ഇപ്പോള്‍ രാജ്യത്ത് സ്ഥിരം തൊഴിലാളികള്‍ക്ക് ആവശ്യമേറിയപ്പോള്‍ അത് ഗുണമായെന്നും അദ്ദേഹം വിലയിരുത്തി. ബിസിസി ഗ്രൂപ്പ് നിർമ്മാണ മേഖലയിലേക്ക് കടക്കുന്നതോടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നും, മലയാളികള്‍ അടക്കമുളള തൊഴില്‍ അന്വേഷകർക്ക് അത് ഗുണമാകുമെന്നും അസിസ്റ്റന്‍റ് ജനറല്‍ മാനേജർ അമീർ അയൂബ് പറഞ്ഞു. ഗുണനിലവാരവും പൂർണതയും സമയക്രമവും ഉറപ്പുവരുത്തുന്ന കെട്ടിട നിർമ്മാണ രീതിയാണ് ബിസിസി ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് മാർക്കറ്റിംഗ് വിഭാഗം മേധാവി രജ്ഞു സുരേഷും വാർത്താസമ്മേളത്തില്‍ വ്യക്തമാക്കി.

Leave a Reply