യൂത്ത്ലീഗ് നേതാവും പ്രിയസുഹൃത്തുമായ പാലത്തിങ്ങൽ അബ്ദുറഹ്മാൻ കുട്ടിയുടെ ഫോൺവിളി കഴിഞ്ഞ ബുധനാഴ്ച എന്നെ തേടിയെത്തിയത് വേദന നിറഞ്ഞ ഒരു വാർത്തയുമായിട്ടാണ്. സാധാരണ നർമ്മത്തിൽ ചാലിച്ച വാക്കുകൾ കൊണ്ട് സമാരംഭം കുറിക്കാറുള്ള അദ്ദേഹത്തിൻറെ വാക്കുകൾ പതിവിനു വിപരീതമായി അന്ന് അല്പം സങ്കടം നിറഞ്ഞതായി തോന്നി. ഒരു ദുഃഖ വാർത്തയുണ്ട് എന്ന ആമുഖത്തോടെ തുടങ്ങിയ അദ്ദേഹത്തിനു പറയാനുള്ളത് മഅറൂഫ്ക്കയുടെ വിയോഗവാർത്തയാണ് എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല.
ജനിച്ചാൽ മരണം സുനിശ്ചിതമാണ്. പക്ഷേ ചില മരണങ്ങൾ നമ്മുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും. അത്തരത്തിൽ ഒന്നായിരുന്നു മഹ്റൂഫ്ക്കയുടെ ആ വിയോഗവാർത്ത. പരപ്പനങ്ങാടി പുത്തിരിക്കൽ പുരാതന കുടുംബമായ ചെമ്പയിൽ കുടുംബത്തിൽ ജനിച്ച മഹ്റൂഫ്ക്ക കഠിനാധ്വാനത്തിലൂടെയാണ് സൗദി അറേബ്യയിലെ പലഭാഗത്തും പ്രസിദ്ധമായ ജി- മാർട്ട് എന്ന നാമത്തിൽ അറിയപ്പെടുന്ന ഹൈപ്പർമാർക്കറ്റ് മേഖല സ്വന്തമാക്കിയത്.
ഈ കുടുംബം പാരമ്പര്യമായി തന്നെ പുത്തിരിക്കൽ പ്രദേശത്തെ കച്ചവടക്കാരായിരുന്നു. ആ പാരമ്പര്യത്തിൽ നിന്നു തന്നെയായിരിക്കാം മഹ്റൂഫ്ക്കക്കും ഇതിനുവേണ്ട പ്രേരണ കിട്ടിയതും ബിസിനസ് രംഗത്തേക്ക് കാലെടുത്തുവെച്ചതും. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി തികഞ്ഞ ആത്മവിശ്വാസവും അർപ്പണബോധവും ഉള്ള മഅറൂഫ്ക്കയ്ക്ക് ഈ മേഖലയിൽ അല്ലാഹുവിൻറെ അനുഗ്രഹം കൊണ്ട് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിച്ചു. ഹൈപ്പർ മാർക്കറ്റുകൾ അത്ര പരിചിതമല്ലാത്ത കാലത്ത് സൗദിയുടെ പല ഭാഗത്തും ജി-മാർട്ട് വളരെ നേരത്തെ എത്തി. ഈ സ്ഥാപനങ്ങളുടെ കുതിപ്പിലും കിതപ്പിലും എല്ലാം അല്ലാഹുവിൽ അർപ്പിച്ച് ആത്മധൈര്യം കൈവിടാതെ മഅറൂഫ്ക്ക അവസാനംവരെ കൂടെനിന്നു.
അല്ലാഹുവിന്റെ അനുഗ്രഹത്താൽ ലഭിക്കുന്ന ഒരു നേട്ടത്തിലും അമിതമായി അഹങ്കരിക്കുകയോ പ്രൗഢി കാണിക്കുകയോ ചെയ്യാത്ത, ഏവരോടും സൗമ്യമായി പെരുമാറിയിരുന്ന നിഷ്കളങ്കമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മഅറൂഫ്ക്ക.
സ്വജീവിതത്തിൽ കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്നുവന്ന അദ്ദേഹം പിൽക്കാലത്ത് അഭിവൃദ്ധി ഉണ്ടായപ്പോഴും ആ ഓർമ്മ കൈവിട്ടില്ല. പാവങ്ങളെ സഹായിക്കാനും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും എന്നും മഅറൂഫ്ക്ക നല്ല മനസ്സ് കാണിച്ചിരുന്നു. നാട്ടിലെ പള്ളി മദ്രസ സ്ഥാപനങ്ങളുടെ നേതൃനിരയിലും ആ സാന്നിധ്യം നിറഞ്ഞുനിന്നിരുന്നു.
ദർശനചാനലുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന അദ്ദേഹം ചാനൽ തുടങ്ങിയ കാലം തൊട്ടുതന്നെ എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്നിട്ടുണ്ട്. ഗൾഫ് നാടുകളിൽ നിന്നും പരസ്യങ്ങൾ വന്നു തുടങ്ങുന്ന കാലത്ത് ആദ്യമായി പരസ്യം നൽകി ചാനലിന്റെ കൂടെനിന്നത് ഇന്നും ഞാൻ ഓർക്കുന്നു.
പാണക്കാട് കുടുംബവുമായും വിശിഷ്യാ സാദിഖലി ശിഹാബ് തങ്ങളുമായും വളരെ അടുത്ത ബന്ധം അദ്ദേഹം പുലർത്തിപ്പോന്നു. മക്കളുടെ നിക്കാഹിന് മാത്രമല്ല നിശ്ചയത്തിനു പോലും സാദിഖലി ശിഹാബ് തങ്ങൾ നിർബന്ധമായും വേണമെന്ന അദ്ദേഹത്തിൻറെ ആഗ്രഹം അവർ തമ്മിലുള്ള ഈ ബന്ധമാണ് സൂചിപ്പിക്കുന്നത്. കേരളത്തിൽ ഒന്നാം പ്രളയം ഉണ്ടായ സമയത്ത് മഅറൂഫ്ക്ക ദുബായിലാണ് പലപ്പോഴും “തങ്ങൾക്ക് വിഷമമൊന്നും ഇല്ലല്ലോ എനിക്ക് ഒരു സമാധാനവും ഇല്ല” എന്ന് ചോദിച്ച് ഇടയ്ക്കിടെ എന്നെ വിളിക്കാറുണ്ടായിരുന്നത് ഈസമയത്ത് ഞാൻ ഓർക്കുകയാണ്. അത്രമാത്രം വ്യക്തിപരമായ അടുപ്പം അവർ സാദിഖലി തങ്ങളുമായും ആകുടുംബവുമായും പുലർത്തിയിരുന്നു.
അവരുടെ വിയോഗം ദർശന ചാനലിനെ സംബന്ധിച്ചിടത്തോളം നികത്താനാകാത്ത ഒരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്
അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവൻറെ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടി തരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
സിദ്ദീഖ് ഫൈസി വാളക്കുളം
ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർദർശന ടി വി