ദുബായ് ക്ഷണിക്കുന്നു, ലോകമേ വരൂ: എക്സ് പോ 2020 യുടെ ഉദ്ഘാടനം ഇന്ന്

ദുബായ് :ആഗോള പ്രദർശനമേളയായ എക്സ്പോ 2020 ക്ക് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് എക്സ്പോ വേദിയിലെ പ്രത്യേകം സജ്ജമാക്കിയ അല്‍ വാസല്‍ പ്ലാസയില്‍ രാത്രി 8 മണിയോടെ ആരംഭിക്കുന്ന ഉദ്ഘാടനചടങ്ങില്‍ ഔദ്യോഗികമായി ദുബായ് ലോകത്തെ എക്സ്പോയിലേക്ക് ക്ഷണിക്കും. ഇന്ത്യയടക്കമുളള 192 രാജ്യങ്ങളുടെ പങ്കാളിത്തമാണ് ഇത്തവണ മേളയ്ക്കുളളത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചാണ് മഹാമേളയ്ക്ക് ദുബായ് ഒരുങ്ങിയിരിക്കുന്നത്.നാളെ ഒക്ടോബർ ഒന്നു മുതലാണ് മേളയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.യുഎഇ എന്ന രാജ്യത്തിന്‍റെ സാംസ്കാരിക വൈവിധ്യം പ്രകടമാക്കുന്ന ഉദ്ഘാടനചടങ്ങായിരിക്കും നാളെ നടക്കുക. കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങളും കരിമരുന്നുപ്രയോഗങ്ങളുമുണ്ടാകും. വിമാനത്താവളങ്ങളുള്‍പ്പെടെ പ്രധാനപ്പെട്ട 450 ഓളം കേന്ദ്രങ്ങളില്‍ ഉദ്ഘാടനചടങ്ങിന്‍റെ തല്സമയ പ്രക്ഷേപണം വീക്ഷിക്കാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്.ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനമുളളത്. 50 വർഷത്തെ യുഎഇയുടെ വിജയയാത്രയെ ഓർമ്മിപ്പിക്കുന്നതായിരിക്കും ഉദ്ഘാടന ചടങ്ങ്.
രണ്ടരമണിക്കൂർ നീണ്ടുനില്ക്കുന്ന കലാപ്രകടനങ്ങളാണ് ഉദ്ഘാടനത്തിലുളളത്. ഇന്ത്യയുടെ അഭിമാനമായ എ ആർ റഹ്മാന്‍റെ ഫിർദൌസ് ഓർക്കസ്ട്ര ഉദ്ഘാടന ചടങ്ങിലെ പ്രധാന ആകർഷണമാണ്.ലോക പ്രശസ്ത താരം ആന്‍ഡ്രിയ ബോസെല്ലി,ഗോള്‍ഡന്‍ഗ്ലോബ് പുരസ്കാരം ലഭിച്ച ആന്ധ്രഡെ, ബ്രിട്ടീഷ് പാട്ടുകാരന്‍എല്ലെ ഗൗല്‍ഡിംഗ്, പിയാനിസ്റ്റ് ലാംഗ് ലാങ്ങ്, നാല് തവണ ഗ്രാമി പുരസ്കാരം നേടിയ ആന്‍ജലി കിഡ്ജോ എന്നിവരും ഉദ്ഘാടന വേദിയില്‍ തിളങ്ങും.

ലോകമേ തയ്യാറാണോ, വൈറലായി ഹംദാന്‍റെ ട്വീറ്റ്

എക്സ്പോ 2020 യ്ക്ക് അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ദുബായ് കിരീടാവകാശിയുടെ ട്വീറ്റ് വൈറലായി. ലോകമേ, നിങ്ങള്‍ തയ്യാറാണോയെന്നു ചോദിച്ചുകൊണ്ടാണ് എക്സ്പോ നഗരിയുടെ രാത്രിസൗന്ദര്യം പ്രകടമാക്കുന്ന വീഡിയോ ഹംദാന്‍ ട്വീറ്റ് ചെയ്തത്. ലോകരാജ്യങ്ങളില്‍ നിന്ന് സുപ്രധാന അതിഥികള്‍ എക്സ്പോ ഉദ്ഘാടനചടങ്ങിലെത്തോയെന്നുളളകാര്യം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യന്‍ പവലിയന്‍റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക്

എക്സ്പോ 2020 യിലെ ഇന്ത്യന്‍ പവലിയന്‍റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നിർവ്വഹിക്കും. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രകടമാക്കുന്ന പവലിയനാണ് ഒരുക്കിയിട്ടുളളത്.

Leave a Reply