സ്റ്റാമ്പുകള്‍ ശേഖരിച്ച് ശ്രദ്ധനേടി, ഉമ്മ‍ർ ഫാറൂഖിനെ തേടിയെത്തി ഗോള്‍ഡന്‍ വിസയുടെ തിളക്കം

ദുബായ് : സ്റ്റാമ്പ് ശേഖരണത്തില്‍ നിരവധി അന്ത‍ർദ്ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഉമ്മ‍ർ ഫാറൂഖിന് ഗോള്‍ഡന്‍ വിസ അംഗീകാരം. സ്റ്റാമ്പ് ശേഖരണത്തില്‍ യുഎഇയില്‍ മാത്രമല്ല, ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുളള പ്രദർശനങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് ഇദ്ദേഹം. അത്യപൂർവ്വ സ്റ്റാമ്പുകളും ഉമ്മ‍ർ ഫാറൂഖിന്‍റെ ശേഖരത്തിലുണ്ട്. ദുബായ് കള്‍ച്ചറിന്‍റെ സ്പെഷലൈസ്ഡ് വിഭാഗത്തിലാണ് ഉമ്മർ ഫാറൂഖിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്. ദുബായ് സർക്കാരിന്‍റെ കീഴിലെ എമിറേറ്റ്സ് ഫിലാറ്റൈലിക് അസോസിയേഷനിലാണ് ഉമ്മർ ഫാറൂഖ് ജോലി ചെയ്യുന്നത്.

കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയായ ഉമ്മ‍ർ ഫാറൂഖ് ഹോബിയായ സ്റ്റാമ്പ് ശേഖരണത്തിന്‍റെ ഭാഗമായാണ് യുഎഇയിലെത്തുന്നതും പിന്നീട് അതേ മേഖലയില്‍ ജോലി നേടുന്നതും. ഏറ്റവുമധികം രാജ്യങ്ങളുടെ സ്റ്റാമ്പില്‍ ഇടം നേടിയ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്റ്റാമ്പുകളുടെ വലിയൊരു ശേഖരം തന്നെ ഉമ്മ‍ർ ഫാറൂഖിന് സ്വന്തമാണ്. ഇതുവരെ 150 പരം രാജ്യങ്ങള്‍ പുറത്തിറക്കിയ ഗാന്ധിജിയുടെ സ്റ്റാമ്പുകളുടെ മുഴുവന്‍ ശേഖരവും ഉമ്മ‍ർ ഫാറൂഖിന്‍റെ കൈയ്യിലുണ്ട്. രാഷ്ട്രപിതാവിന്റെ ബാല്യം മുതല്‍, രക്തസാക്ഷിത്വം വരെ നീളുന്ന, ജീവചരിത്രം വിവരിക്കുന്ന സ്റ്റാമ്പുകള്‍. 38 വർഷമായി സ്റ്റാമ്പുകള്‍ ശേഖരിക്കുകയാണ്, ഇദ്ദേഹം യുഎഇ, ഒരൊറ്റ രാജ്യമായി മാറുന്നത് മുന്‍പ് ഷാ‍ർജയും ഫുജൈറയും പുറത്തിറക്കിയ മഹാത്മാഗാന്ധിയുടെ സ്റ്റാമ്പുകളും ശേഖരത്തിലുണ്ട്. വിവിധ ലോക രാജ്യങ്ങള്‍ പുറത്തിറക്കിയ വിവിധ ലോക നേതാക്കളുടെ സ്റ്റാമ്പുകളുണ്ടെങ്കിലും, ഗാന്ധിജിയുടെ സ്റ്റാമ്പുകള്‍ ശേഖരിക്കുന്നതിലാണ് ഉമ്മർ ഫാറൂഖിന് പ്രിയം. ഗാന്ധിജിയുടെ സ്കൂള്‍ കാലം മുതലുളള സ്റ്റാമ്പുകള്‍ ശേഖരത്തിലുണ്ട്.

Leave a Reply