മരുഭൂമിയില്‍ നിന്ന് ഉയ‍ർന്നുവന്ന എക്സ്പോ വേദി, വൈറലായി വീഡിയോ

ദുബായ് : മരുഭൂമിയില്‍ നിന്ന് ലോകത്തെ വിസ്മയിപ്പിക്കുന്ന വേദിയായി എക്സ്പോ വേദി ഉയ‍ർന്നുവന്ന നാള്‍വഴികള്‍ ചിത്രീകരിച്ചുളള വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. 40 സെക്കന്‍റ് ദൈർഘ്യമുളള വീഡിയോ 8 വ‍ർഷം മുന്‍പുണ്ടായിരുന്ന സ്വപ്നം യഥാ‍ർത്ഥ്യത്തിലേക്ക് എത്തിയതെങ്ങനെയെന്ന് ചിത്രങ്ങളിലൂടെ പറയുന്നു. അല്‍ മക്തൂം വിമാനത്താവളത്തിനടുത്തുളള വിജനമായ മരുഭൂമിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. സ്വപ്നം ദീർഘവീക്ഷണത്തിലൂടെ കഠിനാധ്വാനത്തിലൂടെ യഥാ‍ർത്ഥ്യമാകുന്ന ചിത്രങ്ങളാണ് പിന്നീട് നമുക്ക് മുന്നില്‍ തെളിയുക. എക്സ്പോയുടെ പ്രധാന ആകർഷണമായ അല്‍ വാസല്‍ ഡോം ഉള്‍പ്പടെയുളളവയുടെ നി‍ർമ്മാണം ചിത്രങ്ങളിലൂടെ പറയുന്നുവീഡിയോ. നേരത്തെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ 2016 ലേയും 2021 ലേയും എക്സ്പോ വേദിയില്‍ നിന്നുളള ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഒക്ടോബർ ഒന്നിന് ലോകത്തെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണ് എക്സ്പോ 2020. സെപ്റ്റംബർ 30 ന് രാത്രി 8 മണിയോടെ ആരംഭിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ഉദ്ഘാടനചടങ്ങുകളിലേക്ക് നേരിട്ടെത്താന്‍ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് അനുവാദം. ഒളിംപിക്സിനെ വെല്ലുന്ന കലാപ്രകടനങ്ങളാണ് അണിയറയില്‍ ഒരുങ്ങിയിരിക്കുന്നത്. നാലുമണിക്കൂർ നീണ്ടു നില്‍ക്കുന്ന ഉദ്ഘാടനചടങ്ങിനായി കാത്തിരിക്കുകയാണ് ലോകം.

Leave a Reply