യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ആസിഫലിയും, സിനിമയ്ക്ക് വരാനിരിക്കുന്നത് ഒടിടി-തിയറ്റ‍ർ റിലീസുകളുടെ കാലമെന്ന് താരം

ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആസിഫലി ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നു.എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് സർവ്വീസ് സിഇഒ ജമാദ് ഉസ്മാന്‍ സമീപം

ദുബായ് : സിനിമകള്‍ക്ക് ഇനി വരാനിരിക്കുന്നത് ഒടിടി തിയറ്റർ റീലീസുകളുടെ കാലമാണെന്ന് യുവതാരം ആസിഫലി. ഇത് രണ്ടും മുന്നില്‍ കണ്ടുളള വാണിജ്യവിപണിയാണ് സിനിമയെ കാത്തിരിക്കുന്നതെന്നും ആസിഫലി പറഞ്ഞു. യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്‍റെ 3 സിനിമകളാണ് റിലീസ് ചെയ്യാനുളളത്. കോവിഡ് സാഹചര്യത്തില്‍ തിയറ്റ‍ർ റിലീസ് സാധ്യമാകാത്തതിനാലാണ് റിലീസ് വൈകുന്നത്. സിനിമകള്‍ തിയറ്ററില്‍ പോയി കാണാനാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ ഇനിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയലിസ്റ്റിക് സിനിമകളുടെ ഭാഗമാകാന്‍ താല്‍പര്യമുണ്ട്. പ്രേക്ഷകന്‍റെ ഇഷ്ടങ്ങളും അഭിരുചികളും എപ്പോഴും മാറിമാറി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎഇ എന്നും പ്രിയപ്പെട്ടതാണ്. അവധിക്കാലം ചെലവഴിക്കാന്‍ ഏറ്റവും താല്‍പര്യം ദുബായ് ആണ്. അതുകൊണ്ടുതന്നെ ഗോള്‍ഡന്‍ വിസ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ മറ്റൊരു പതിപ്പാണ് യുഎഇ. ഗോള്‍ഡന്‍ വിസ അംഗീകാരം ലഭിച്ചത് സിനിമാസംബന്ധമായി യുഎഇയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തുള്‍പ്പടെ പ്രവാസികള്‍ പ്രശ്നങ്ങള്‍ അവർ അർഹിക്കുന്ന രീതിയില്‍ പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ആസിഫലി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.മമ്മൂട്ടി, മോഹൻലാൻ, ടൊവിനോ തോമസ് തുടങ്ങിയവർക്ക് നേരത്തേ യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു. എമിറേറ്റ്സ് ഫസ്​റ്റ് ബിസിനസ് സര്‍വീസാണ് ആസിഫ് അലിയുടെ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മലയാളത്തില്‍ നിന്നുളള കൂടുതല്‍ താരങ്ങള്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുളള നടപടി ക്രമങ്ങള്‍ പൂ‍ർത്തിയായി വരികയാണെന്ന് എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് സർവ്വീസ് സിഇഒ ജമാദ് ഉസ്മാന്‍ പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദേശികൾക്കാണ് യുഎഇ 10 വർഷത്തെ ദീർഘകാല താമസവിസ നൽകുന്നത്.

Leave a Reply