എക്സ്പോ 2020: സജീവസാന്നിധ്യമാകാന്‍ യുഎഇ കെഎംസിസി

ദുബായ് : ഒക്ടോബർ ഒന്നിന് ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020യില്‍ സജീവസാന്നിദ്ധ്യമാകാന്‍ യുഎഇ കെഎംസിസിയും. എക്സ്പോ 2020യില്‍ യുഎഇ കെഎംസിസിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളുണ്ടാകും. നവംബർ 5ന് വൈകുന്നേരം ഇന്ത്യൻ പവലിയനിലെ ആംഫി തിയേറ്ററിൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ കേരളത്തിന്‍റെ തനത് ആയോധന കലകൾ ആയ വാൾപയറ്റ്, ഉറുമി, ചുരിക തുടങ്ങിയവയുടെ കലാപ്രകടനവും അവതരിപ്പിക്കും. വൈകീട്ട് 8 മണിമുതല്‍ 10 മണിവരെയാകും പരിപാടി. ഡിസംബർ 3ന് വൈകുന്നേരം ‘ കേരളീയം ‘ എന്ന പേരിൽ കേരളത്തിന്‍റെ ജനപ്രിയ നാട്യ കലാരൂപങ്ങൾ ആയ മോഹിനിയാട്ടം, കഥകളി, കോൽക്കളി, മാർഗംകളി, തിരുവാതിര, അറവന, ഒപ്പന തുടങ്ങിയവ ഇൻഡോർ ഓഡിറ്റോറിയത്തിൽ അരങ്ങേറും. വൈകീട്ട് ആറുമണിമുതല്‍ 9 മണിവരെയായിരിക്കും പരിപാടി. ഇതുകൂടാതെ ദുബായ് മില്ലേനിയം ആംഫി തിയറ്ററില്‍ മാർച്ച് 11 ന് വൈകീട്ട് 7 മുതല്‍ 10 വരെ ഇൻഡോ-അറബ് സംസ്ക്കാരങ്ങളുടെ സമന്വയ പ്രതീകമായി ‘ സലാം ദുബായ്’ എന്ന പേരിൽ കലാപരിപാടികളുമുണ്ടാകും.

യുഎഇ കെ എം സി സി പ്രസിഡന്‍റ് പുത്തൂര്‍ റഹ്‌മാന്‍

ദുബായ് സർക്കാരിന്‍റെ കോവിഡ് കാല ആരോഗ്യ പ്രവർത്തങ്ങൾക്കുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിന്‍റെ നന്ദി രേഖപ്പെടുത്താനുളള വേദിയായി മാറുമിതെന്നും കെഎംസിസി യുഎഇ കമ്മിറ്റി പ്രസിഡന്‍റ് പുത്തൂ‍ർ റഹ്മാന്‍ പറഞ്ഞു. ഇന്ത്യയിലെയും, യു.എ.ഇയിലേയും പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന ചടങ്ങുകളായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് എക്‌സ്‌പോ അധികൃതരുമായും, ഇന്ത്യൻകോൺസുലറ്റുമായുള്ള ചര്‍ച്ചകള്‍ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.
ഇന്ത്യന്‍ പവലിയനുകള്‍ ഒരുക്കുന്ന വിസ്മയലോകങ്ങള്‍ക്കു പുറമേയാണ് കേരളത്തിന്‍റെ കലയും സംസ്‌കൃതിയും പ്രദര്‍ശിപ്പിക്കുന്ന പ്രകടനങ്ങള്‍ കെ.എം.സി.സി. ഒരുക്കുന്നത്.

ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ സംസാരിക്കുന്നു

ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ എക്‌സ്‌പോ 2020, ദുബായിക്ക് പുത്തനുണര്‍വേകുമെന്നും കെ.എം.സി.സിക്കും ഈ നവലോക സൃഷ്ടിമേളയിൽ ഇന്ത്യക്കാരായ 200ൽ പരം കല -കായിക പ്രതിഭകളെ അണിനിരത്തി വൻ മുന്നേറ്റത്തിന്‍റെ ഭാഗമാവാൻ അവസരം നൽകിയതിൽ നന്ദി ഉണ്ടെന്നും യു.എ.ഇ, കെ.എം.സി.സി ജനറൽ സെക്രട്ടറി പി. കെ. അൻവർ നഹ പറഞ്ഞു. യുവത്വത്തിന് വലിയ അവസരങ്ങളാണ് എക്സ്പോ തുറന്നിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യരക്ഷാധികാരി ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ സംസാരിക്കുന്നു

എക്‌സ്‌പോ 2020 ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക- വിജ്ഞാന കൈമാറ്റത്തിനാണ് അവസരമൊരുക്കുക. കോവിഡിന് ശേഷമുള്ള സാമ്പത്തിക, വികസന, സാംസ്‌കാരിക അരങ്ങുകളില്‍ ഏറ്റവും വലിയ ഉദ്യമത്തിന് ആതിഥേയത്വം ഒരുക്കുന്ന ദുബായ് ഭരണകൂടത്തോടൊപ്പം കൈകോര്‍ക്കാനായതിൽ കെ.എം.സി.സി അഭിമാനിക്കുന്നു. ഓരോ വേദികളിലും കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് പരിപാടികളുടെ വിജയം ഉറപ്പാക്കുമെന്നും നേതാക്കൾ പറഞ്ഞു. യുഎഇ കെ എം സി സി പ്രസിഡന്‍റ് പുത്തൂര്‍ റഹ്‌മാന്‍, മുഖ്യരക്ഷാധികാരി ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, ദുബായ് കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് ഹസൈനാർ ഹാജി എടച്ചക്കൈ തുടങ്ങിയവരാണ് ദുബായില്‍ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുളള വാ‍ർത്താസമ്മേളത്തില്‍ പങ്കെടുത്തത്.

Leave a Reply