കെഎസ്എഫ്ഇ പ്രവാസിചിട്ടിയില്‍ 500 കോടി കിഫ്ബി ബോണ്ടുകള്‍, അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :കെഎസ്എഫ്ഇ പ്രവാസിചിട്ടിയില്‍ 500 കോടി കിഫ്ബി ബോണ്ടുകൾ എന്ന അഭിമാനകരമായ നേട്ടം കൈവരിച്ചതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്എഫ്ഇ ചിട്ടിയില്‍ പ്രവാസി ലോകത്തിന്‍റെ വിശ്വാസം അചഞ്ചലമാണെന്ന് അടിവരയിടുന്നതാണ് ഈ നേട്ടം.മാസങ്ങൾക്ക് മുന്നേ തന്നെ പ്രവാസിചിട്ടിയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ രാജ്യത്തിന് പുറത്തുതാസിക്കുന്ന പ്രവാസി മലയാളികളും കേരളത്തിന് പുറത്ത് രാജ്യത്തിനകത്ത് താമസിക്കുന്ന പ്രവാസികളും അടക്കം 1,13062 പേരാണ് പ്രവാസി ചിട്ടിയിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളത്. സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നാടിന്‍റെ വികസനത്തിൽ പരോക്ഷമായി പങ്കെടുക്കുകയും ചെയ്യുന്ന എല്ലാ പ്രവാസിചിട്ടി വരിക്കാർക്കും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി ചിട്ടി ലഭ്യമായ 133 രാജ്യങ്ങളിൽ 109 രാജ്യങ്ങളിൽ നിന്നും ഉപഭോക്താക്കൾ ചിട്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും പ്രവാസിചിട്ടിക്ക് വരിക്കാരുണ്ട്.യുഎഇ മുതൽ ഉറുഗ്വെ വരെ ലോകത്തിന്‍റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിൽ നിന്നും പ്രവാസിചിട്ടികൾക്ക് വരിക്കാരുണ്ട് എന്നത് അഭിമാനം പകരുന്ന വസ്തുതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എ.ഇയിൽ നിന്നാണ് പ്രവാസിചിട്ടിക്ക് ഏറ്റവുമധികം വരിക്കാരുള്ളത്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്നത് സൗദി അറേബ്യയും ഖത്തറുമാണ്. 2018 ജൂൺ 18 ന് രജിസ്ട്രേഷനും അതേ വർഷം നവംബർ 23 നു ചിട്ടികളും ആരംഭിച്ച കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയിൽ 48,825 വരിക്കാർ ഉള്ള 1492 ചിട്ടികൾ വഴി പ്രതിമാസം 79.14 കോടിക്ക് മേൽ പ്രതിമാസ വിറ്റുവരവ് ഉള്ള ചിട്ടികൾ ആരംഭിച്ചിട്ടുണ്ട്
കൂടാതെ ഇതുവരെ തുടങ്ങിയിട്ടുള്ള ചിട്ടികളിൽ നിന്ന് തന്നെ 2750 കോടിക്ക് മേൽ ചിട്ടികാലാവധിയിൽ ടേണോവർ ഉള്ള സംരംഭമായി പ്രവാസി ചിട്ടി വളർന്നിട്ടുമുണ്ട്. ആപത്ത് കാലത്തേക്കുള്ള പരമ്പരാഗതവും തനി കേരളീയവും ആയ സമ്പാദ്യശീലമായ ചിട്ടിയിൽ ഈ കോവിഡ് കാലത്ത് പ്രവാസി മലയാളികൾ വിശ്വാസം അർപ്പിച്ചതിന് നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply