എക്സ്പോ 2020 ദുബായ് : ഇത് കോവിഡിനെ തോല്‍പിച്ച പുതിയ വിജയ പാഠം

ദുബായ് : സന്ദ‍ർശകർക്ക് നവ്യാനുഭവം പകർന്ന് നല്‍കാന്‍ എക്സ്പോ 2020 യുടെ വാതിലുകള്‍ തുറക്കുകയാണ്. ഒക്ടോബർ ഒന്നുമുതലാണ് 2022 മാർച്ച് 31 വരെ നീണ്ടുനില്‍ക്കുന്ന എക്സ്പോയ്ക്ക് തുടക്കമാവുക. ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 30 ന് നടക്കും. കോവിഡ് സാഹചര്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാകും ഉദ്ഘാടന ചടങ്ങിലേക്കുളള ക്ഷണം. എന്നാല്‍ ലോകമെങ്ങുമുളളവർക്ക് ആസ്വദിക്കാനായി ചടങ്ങിന്‍റെ തല്‍സമയ പ്രക്ഷേപണം എക്സ്പോയുടെ ഔദ്യോഗിക ചാനലുകള്‍ വഴിയുണ്ടാകും.

അവിസ്മരണീയമാകും ഉദ്ഘാടനചടങ്ങ്

ലോകം കാത്തിരിക്കുന്ന എക്സ്പോ 2020 യുടെ ഉദ്ഘാടനചടങ്ങ് ഗംഭീരമാക്കാനുളള അവസാനവട്ട തയ്യാറെടുപ്പിലാണ് അണിയറക്കാർ. ഒളിംപിക്സിന് സമാനമായ രീതിയിലാണ് ഉദ്ഘാടനത്തിനായി ഒരുക്കങ്ങള്‍ നടക്കുന്നത്. ഡാന്‍സും പാട്ടും ലൈറ്റുമുള്‍പ്പടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്. ചടങ്ങിന് മിഴിവേകാന്‍ ഓപറ ഗായകൻ ആൻ​ഡ്രെ ബൊസെലി, ഗോൾഡൻ ഗ്ലോബ്​ നേടിയ നടിയും ഗായികയുമായ ആന്ദ്ര ഡേ, ബ്രിട്ടീഷ്​ പോപ്​ സ്​റ്റാർ എല്ലീ ഗൗൾഡിങ്​, ചൈനീസ്​ പിയാനിസ്​റ്റ്​ ലാംഗ്​ ലാംഗ്​, നാലുതവണ ഗ്രാമി അവാർഡ്​ ജേതാവായ ഗായിക ആഞ്ചലിക്​ കിഡ്​ജോ എന്നിവരുമെത്തും.അല്‍ വാസല്‍ പ്ലാസയിലാണ് ഉദ്ഘാടനചടങ്ങ് നടക്കുക. പ്രാദേശിക കലാകാരന്മാരായ മുഹമ്മദ് അബ്ദു, ഇമറാത്തി ഗായിക അഹ്ലം അല്‍ ഷംസി, എക്സ്പോ ബ്രാന്‍ഡ് അംബാസിഡർ ഹുസൈന്‍ അല്‍ ജാസിമി എന്നിവർക്കൊപ്പം സ്വദേശി ഗായിക അൽമാസ്​, ഗ്രാമി അവാർഡിന്​ പരിഗണിക്കപ്പെട്ട ലബനീസ്​-അമേരിക്കൻ ഗായിക മൈസ കാര എന്നിവരും ചടങ്ങില്‍ വിവിധ പരിപാടികളുമായെത്തും. ലൈറ്റ് ആന്‍റ് ഡാന്‍സ് ഷോയുമായി കാണികളെ വിസ്മയിപ്പിക്കാനായി എത്തുന്നത് സർക്യൂ ഡു സൊളൈല്‍ എന്ന കമ്പനിയാണ്. ഒളിംപിക്സിലെ വിവിധ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച ഫൈവ് കറന്‍റ്സ് കമ്പനിയാണ് എക്സ്പോയുടേയും അണിയറക്കാർ. മനുസുകളെ ചേർത്ത് നിർത്തി നമുക്ക് ഭാവിയിലേക്ക് നടക്കാമെന്നുളള എക്സ്പോയുടെ ആപ്ത വാക്യത്തിലൂന്നിയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

എക്സ്പോ നിയന്ത്രിക്കുക 30,000 സന്നദ്ധപ്രവർത്തകർ

എക്സ്പോ 2020 നിയന്ത്രിക്കാൻ സ്വദേശികളും പ്രവാസികളുമടങ്ങുന്ന 30,000 സന്നദ്ധപ്രവർത്തകരെ അധികൃതർ തിരഞ്ഞെടുത്തു. 180,000 ത്തിലധികം അപേക്ഷകളിൽ നിന്നും സ്വദേശികളും പ്രവാസികളുമടങ്ങുന്ന 30,000 പേരെ എക്സ്പോയുടെ സന്നദ്ധപ്രവർത്തകരായി നിയമിച്ചതായി എക്സ്പോ 2020 സന്നദ്ധപ്രവർത്തകരുടെ ഡയറക്ടർ അബീർ അൽ ഹൊസാനി പറഞ്ഞു. ക്രീം നിറത്തിലുള്ള യൂണിഫോമുകൾ ധരിച്ചാണ് ഇവരെത്തുക എക്സ്പോയ്ക്ക് വേണ്ടി പ്രത്യേകം പരിശീലനം നേടിയവരാണ് സന്നദ്ധ പ്രവർത്തകർ

ഇത് ഞങ്ങളുടെ സമയം, ഔദ്യോഗിക ഗാനവും റെഡി

എക്സ്പോ 2020യുടെ ഔദ്യോഗിക ഗാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. “ദിസ് ഈസ് അവർ ടൈം” എന്നതാണ് ഗാനത്തിന്‍റെ പേര്. യുഎഇയിലെ ഏറ്റവും വലിയ കലാകാരന്മാരിൽ ഒരാളും എക്സ്പോ 2020 അംബാസിഡറുമായ ഹുസൈൻ അൽ ജാസ്മി, ഗ്രാമി-നാമനിർദ്ദേശം ലഭിച്ച ലെബനീസ്-അമേരിക്കൻ ഗായികയും ഗാനരചയിതാവും എക്സ്പോയുടെ ഓൾ-ഫീമെയിൽ ഫിർദൗസ് ഓർക്കസ്ട്രയുടെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ മേസ്സ കാര സ്‌പോട്ടിഫൈയിൽ മിഡിൽ ഈസ്റ്റിലെ മികച്ച വനിതാ പ്രതിഭയായി തിരഞ്ഞെടുത്ത 21 വയസ്സുള്ള എമിറാറ്റി ഗായകനും ഗാനരചയിതാവുമായ അൽമാസ് എന്നിവർ ചേർന്നാണ് ഗാനം തയ്യാറാക്കിയത്.

എന്താണ് എക്സ്പോ, ദുബായ് എക്സ്പോയുടെ പ്രത്യേകതയെന്ത്

ബ്യൂറോ ഓഫ് ഇന്‍റർനാഷണല്‍ എക്സിബിഷന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്തർദ്ദേശീയ എക്സിബിഷനാണ് എക്സ്പോ 2020. അഞ്ച് വർഷത്തിലൊരിക്കലാണ് എക്സ്പോ നടക്കാറുളളത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും പങ്കെടുക്കുന്ന എക്സിബിഷനില്‍ കല, ശാസ്ത്രം, വാണിജ്യം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള്‍ പ്രദർശിപ്പിക്കും. 2013 ല്‍ നടന്ന വോട്ടെടുപ്പിലാണ് ദുബായ് 2020 ല്‍ എക്സ്പോ നടത്തുന്നതിനുളള അവകാശം നേടിയെടുത്തത്. കോവിഡ് സാഹചര്യത്തിലാണ് 2021 ഒക്ടോബറിലേക്ക് എക്സ്പോ നീണ്ടുപോയത്. ദുബായിലെ സൗത്ത് ഡിസ്ട്രിക്ടില്‍ അല്‍ മക്സൂം രാജ്യാന്തര വിമാനത്താവളത്തിനടുത്തായാണ് എക്സ്പോ 2020 വേദി സജ്ജമാക്കിയിട്ടുളളത്.

പ്രവേശനം എങ്ങനെ

191 രാജ്യങ്ങളുടെ പങ്കാളിത്തമാണ് എക്സ്പോയില്‍ ഇത്തവണയുളളത്. ആഴ്ചയില്‍ ഏഴ് ദിവസവും എക്സ്പോ കാണാനായി എത്താം. രാവിലെ 10 മുതല്‍ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെയും വാരാന്ത്യത്തില്‍ രണ്ടുമണിവരെയുമാണ് സന്ദർശകസമയം. 25 ദശലക്ഷം സന്ദർശകർ ഈ 180 ദിവസത്തിനിടെ എക്സ്പോ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു തവണസന്ദർശിക്കാന്‍ കഴിയുന്ന ടിക്കറ്റിന് 95 ദിർഹവും, ആറുമാസം തുടർച്ചയായി സന്ദർശിക്കാന്‍ കഴിയുന്ന ടിക്കറ്റിന് 495 ദിർഹവുമാണ് നിരക്ക്. 18 വയസില്‍ താഴെയുളളവർക്കും നിശ്ചയ ദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്. ഒന്നിലധികം തവണ സന്ദർശനം സാധ്യമാകുന്ന ടിക്കറ്റിന് 195 ദിർഹമാണ് വില. എക്സ്പോയുടെ ടിക്കറ്റ് ഓഫീസില്‍ നിന്നും മെട്രോ കേന്ദ്രങ്ങളില്‍ നിന്നും മറ്റ് അംഗീകൃത സ്ഥലങ്ങളില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാകും.

എക്സ്പോയിലേത്താന്‍ മൂന്ന് പ്രവേശന കവാടങ്ങള്‍

സസ്റ്റെയിനബിലിറ്റി, ഓപ്പർച്യൂണിറ്റി,മൊബിലിറ്റി എന്നിങ്ങനെ മൂന്ന് വിഷയങ്ങളെ ആസ്പദമാക്കിയാണ് എക്സ്പോ വേദി മൂന്നായി തിരിച്ചിരിക്കുന്നത്. 21 മീറ്റർ ഉയരവും 30 മീറ്റർ നീളവുമുളള പ്രവേശനകവാടവും പ്രത്യേകതയാണ്. എക്സ്പോയിലേക്ക് എത്താന്‍ ഏറ്റവും എളുപ്പം മെട്രോ സഞ്ചാരമാണ്. റൂട്ട് 2020 എക്സ്പോ 2020 സ്റ്റേഷനിലേക്കാണ് യാത്രാക്കാരെ എത്തിക്കുക.എക്സ്പോയുടെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന അല്‍ വാസല്‍ പ്ലാസയിലേക്ക് നടക്കാവുന്ന ദൂരം മാത്രമാണ് എക്സ്പോ 2020 മെട്രോ സ്റ്റേഷനില്‍ നിന്നുമുളളത്. ദുബായുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എക്സ്പോ റൈഡർ ബസുകളില്‍ സൗജന്യമായി എക്സ്പോയിലേക്ക് എത്താം. മറ്റ് എമിറേറ്റുകളില്‍ നിന്നും എക്സ്പോയിലേക്ക് എത്താന്‍ ബസ് സ‍ർവ്വീസുകളുണ്ട്. സ്വന്തം വാഹനത്തിലാണ് വരുന്നതെങ്കില്‍ വാഹനം സൗജന്യമായി പാർക്ക് ചെയ്യുന്നതടക്കമുളള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8.30 മുതല്‍ പിറ്റേന്ന് പുലർച്ചെ 1.30 വരെയും വാരാന്ത്യങ്ങളില്‍ 2.30 വരെയും 26,000 വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാനുളള സൗകര്യമുണ്ട്. ആദ്യം വരുന്നവർക്ക് ആദ്യമെന്ന രീതിയില്‍ വാലെ പാർക്കിംഗും ഉണ്ട്. 95 ദിർഹമാണ് നിരക്ക്

എക്സ്പോയിലെ ഹോട്ടല്‍

ദി റോവ് ഹോട്ടലാണ് എക്സ്പോ 2020 വേദിയിലെ ഏക ഹോട്ടല്‍. ഒരു രാത്രിക്ക് ഏകദേശം 1000 ദിർഹമാണ് നിരക്ക്. എക്സ്പോ ടിക്കറ്റ് സൗജന്യമായി നല്‍കുമെന്നുളളതും ആകർഷണമാണ്. 312 മുറികളാണ് ഹോട്ടലിലുളളത്.

ആപ്പിലൂടെ യാത്ര പ്ലാന്‍ ചെയ്യാം

എക്സ്പോ ആപ്പിലൂടെ പ്ലാന്‍ ചെയ്ത് യാത്ര നടത്താം. എക്സ്പോയില്‍ ഒരുക്കിയിട്ടുളള പ്രത്യേക പരിപാടികള്‍ ഒന്നും നഷ്ടപ്പെടാതിരിക്കാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പോകാനാഗ്രഹിക്കുന്നവർക്ക് എക്സ്പോ ആപ്പ് സഹായകരമാകും. അമല്‍ എന്ന വിർച്വല്‍ സഹായിയുടെ കൂടെയും എക്സ്പോ ആസ്വദിക്കാം. 10 ഭാഷകളില്‍ അമല്‍ സഹായം നല‍്കും.

തിരക്ക് കുറയ്ക്കാന്‍ സ്മാർട് ക്യൂ

എപ്പോഴാണ് എക്സ്പോ സന്ദർശനസമയമെന്നത് സ്മാർട് ക്യൂ വിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യാം. തിരക്ക് കുറയ്ക്കാന്‍ ഇത് സഹായകരമാകും. എക്സ്പോ ആപ്പിലൂടെ സമയക്രമം തെരഞ്ഞെടുക്കാം.

ലോകത്തെ വിസ്മയിപ്പിക്കാന്‍ എക്സ്പോ 2020 തയ്യാറായി കഴിഞ്ഞു. ഇനിയുളള രാപ്പകലുകളില്‍ ദുബായുടെ നിരത്തുകളില്‍ നമുക്ക് പഠിക്കാം, കോവിഡ് എന്ന മഹാമാരിയെ അതിജീവിച്ച് എക്സ്പോയെ വരവേറ്റ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ വിജയപാതയുടെ പുതിയ പാഠങ്ങള്‍.

Leave a Reply