പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണം: മുസ്ലിം നേതൃസമിതി യോഗം .

കോഴിക്കോട്: സാമൂഹിക ദ്രുവീകരണത്തിന് ഹേതുവാകുന്ന തരത്തിൽ പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന പിൻവലിക്കാൻ അദ്ദേഹം തയ്യാറാകണമെന്ന് കോഴിക്കോട്ട് ചേർന്ന മുസ്ലിം നേതൃസമിതി യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മുസ്ലിം സംഘടനകളുടെ പ്രതികരണം വളരെ പക്വമായിരുന്നുവെന്ന് യോഗം വിലയിരുത്തി. ഈ കാര്യത്തിൽ സർക്കാർ കാണിച്ച നിസ്സംഗതയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നിവ വ്യാജ പ്രചാരണമാണ് എന്നിരിക്കെ ഇക്കാര്യത്തിൽ ക്രിയാത്മകമായി ഇടപെടാൻ സർക്കാർ തയ്യാറാകേണ്ടിയിരുന്നു. പരമത വിദ്വേഷം പ്രചരിപ്പിക്കുന്ന ഏത് തരം പ്രവർത്തിയെയും എല്ലാവരും തള്ളിപ്പറയാൻ തയ്യാറാകണമെന്നും സൗഹാർദവും സാഹോദര്യവും നിലനിർത്താൻ കേരളീയ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സാമുദായിക അന്തരീക്ഷം വിഷലിപ്തമാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിവേചനപരമായി പെരുമാറുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരമുള്ള ആനുകൂല്യങ്ങൾ മുസ്ലിം സമുദായത്തിന് പൂർണമായും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ രണ്ടാം ഘട്ടം ജില്ലാ തലത്തിൽ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, കെ.പി.എ മജീദ്, ഡോ. എം.കെ മുനീർ (മുസ്ലിം ലീഗ്), ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, ഡോ. എൻ.എ.എം അബ്ദുൽ ഖാദർ (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, എ.ഐ അബ്ദുൽ മജീദ് സ്വലാഹി (കെ.എൻ.എം), പി. മുജീബ് റഹ്‌മാൻ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, മുജീബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), ഡോ. ഐ.പി അബ്ദുൽ സലാം (കെ.എൻ.എം മർക്കസുദ്ദഅ്വ), പി.എൻ അബ്ദുല്ലത്തീഫ് മദനി, ടി.കെ അഷ്റഫ് (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), ഇ.പി അഷ്റഫ് ബാഖവി, ടി.എം സയ്യിദ് ഹാഷിം ബാഫഖി (സംസ്ഥാന ജംഇയ്യത്തുൽ ഉലമ), ഡോ. ഫസൽ ഗഫൂർ (എം.ഇ.എസ്), എഞ്ചിനീയർ പി. മമ്മദ് കോയ, സൈനുൽ ആബിദ് .പി (എം.എസ്.എസ്), സി.എ മൂസ മൗലവി, എം.എം ബാവ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), കമാൽ എം. മാക്കിയിൽ, ഡോ. ഖാസിമുൽ ഖാസിമി, നജ്മൽ ബാബു (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ), പൂഴനാട് സുധീർ (മുസ്ലിം ജമാഅത്ത് കൗൺസിൽ), ഡോ. പി.ടി സൈത് മുഹമ്മദ്, അസ്ഹർ എം (മെക്ക), കെ.പി മെഹബൂബ് ശരീഫ്, എം.എസ് സലാമത്ത് (റാവുത്തർ ഫെഡറേഷൻ), സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ, അബ്ദുൽ ഖാദർ (ജംഇയ്യത്തുൽ ഉലമ എ ഹിന്ദ്), എഞ്ചി. മാമുക്കോയ ഹാജി (വഖഫ് സംരക്ഷണ സമിതി), ചുനക്കര ഹനീഫ, എം. അലാവുദ്ദീൻ (റാവുത്തർ ഫെഡറേഷൻ ഫോർ മൈനോരിറ്റീസ് വെൽഫെയർ) എന്നിവർ സംബന്ധിച്ചു.

Leave a Reply