പട്ടാമ്പി മുഹമ്മദ് കുട്ടി മുസ്ലിയാർ ഒളിമങ്ങാത്ത ഓർമ്മകൾ .

കഴിഞ്ഞ ബുധനാഴ്ച രാത്രി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ നിന്നും എന്നെ തേടിയെത്തിയ ആ വാർത്ത മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. പ്രിയപ്പെട്ട മുഹമ്മദ് കുട്ടി മുസ്ലിയാർ വിട്ടുപിരിഞ്ഞു എന്നതായിരുന്നു ആ ദുഃഖ വാർത്ത.
ഒന്നരമാസം മുമ്പ് ഓർക്കാപുറത്ത് എൻറെ വീട്ടിൽ വന്ന മുഹമ്മദ് കുട്ടി മുസ്ലിയാർ അന്നു പറഞ്ഞ ചില വാക്കുകളാണ് ഈ വാർത്ത കേട്ടപ്പോൾ ആദ്യം എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്
“നമ്മൾ തമ്മിൽ കണ്ടിട്ട് കുറച്ചു നാളുകൾ ആയില്ലേ ഇനി എങ്ങനെ എന്ന് നമ്മൾ കാണും എന്നൊന്നും പറയാൻ പറ്റില്ലല്ലോ .. അതാ നേരിട്ടുകാണാം എന്ന് കരുതിയത്” സത്യത്തിൽ അത് ഒരു യാത്ര പറച്ചിൽ ആയിരുന്നു എന്നത് ഇപ്പോഴാണ് ദുഃഖത്തോടെ ഓർക്കുന്നത്.

മൂന്നര പതിറ്റാണ്ടിനു മുമ്പ് ഞാൻ ആദ്യമായി അദ്ദേഹത്തെ കണ്ടത് ഇന്നും ഓർമ്മയുണ്ട്. പട്ടാമ്പി പള്ളിപ്പുറത്തിന് അടുത്ത് ഒരു പ്രസംഗവേദിയിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. അന്ന് അദ്ദേഹം വേദിയിൽ അധ്യക്ഷനും ഈ വിനീതനായ ഞാൻ മുഖ്യപ്രഭാഷകനും ആയിരുന്നു
അന്ന് തുടങ്ങിയ ഞങ്ങൾക്കിടയിലെ ദൃഢബന്ധം മരിക്കുന്നത് വരെ തുടരാൻ കഴിഞ്ഞു എന്നതിൽ അഭിമാനം തോന്നുന്നു.
സുഹൃദ് ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ എന്നും മുഹമ്മദ് കുട്ടി മുസ്ലിയാര് ഒരു മാതൃകയാണ്.
വിശേഷിച്ച് ആവശ്യം ഒന്നുമില്ലെങ്കിലും ആഴ്ചയിൽ ഒരുതവണയെങ്കിലും വിളിക്കും. ആദ്യം ചോദിക്കുന്നത് ആരോഗ്യ വിഷയമാകും. കൂട്ടത്തിൽ ആയുരാരോഗ്യത്തിന് വേണ്ടി ഒരു പ്രാർത്ഥനയും.. എന്നിട്ടേ മറ്റുവിശേഷങ്ങളിലേക്ക് കടക്കൂ. അതായിരുന്നു അവരുടെ സംസാരരീതി.

കരുണ നിറഞ്ഞ ഒരു മനസ്സുള്ള അദ്ദേഹം എപ്പോഴും തന്റെ കാരുണ്യഹസ്തം അർഹിക്കുന്നവരിലേക്ക് നീട്ടുന്നവരായിരുന്നു. ഇരുചെവി അറിയാതെ ഒട്ടേറെ പാവങ്ങളെ കണ്ടറിഞ്ഞു സഹായിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു ഉദാത്ത മാതൃക അദ്ദേഹത്തിൽ ഉണ്ടായിരുന്നു. തൻറെ സുഹൃദ് ബന്ധങ്ങൾ എത്രത്തോളമുണ്ടെന്നും കുടുംബ ബന്ധം അദ്ദേഹം എത്രത്തോളം കാത്തുസൂക്ഷിച്ചിരുന്നു എന്നും ഓരോ വർഷവും ഹജ്ജ് യാത്രക്ക് പോകുന്നതിന് തലേദിവസം ആയിരങ്ങളെ തൻറെ വീട്ടിൽ വിരുന്നൂട്ടി നടത്തുന്ന ആത്മീയ സംഗമത്തിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. യാത്ര പറഞ്ഞു പോകുന്ന മുഴുവൻ ആളുകൾക്കും താൻ കരുതിവെച്ച പണം നിക്ഷേപിച്ച കവറും കൂടി കൊടുത്താലേ മുഹമ്മദ് കുട്ടി മുസ്‌ലിയാർക്ക് തൃപ്തി ആകുമായിരുന്നുള്ളൂ.

മുംബൈയിലും ദുബായിലും അജ്മാനിലും സമസ്തയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. പ്രവാസജീവിതം അവസാനിപ്പിച്ചതിനു ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയപ്പോൾ പാലക്കാട് ജില്ലയിലും പട്ടാമ്പി താലൂക്കിലും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് അവസാനം വരെ അദ്ദേഹം ഓടി നടന്നു.

ദീനി സ്ഥാപനങ്ങൾ കെട്ടിപ്പിടിക്കുന്നത്തിൽ അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു
പള്ളിപ്പുറം ദാറുൽ അൻവാർ ഇസ്ലാമിക് കോംപ്ലക്‌സും, കുണ്ടൂർകര നൂറുൽ ഹിദായ ഇസ്ലാമിക് സെൻറർ തുടങ്ങിയവയെല്ലാം അദ്ദേഹത്തിൻറെ പരിശ്രമഫലമായി ഉയർന്നുവന്ന ചിലതാണ്.
തൻറെ പ്രവർത്തനത്തിന്റെ കൂടെ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ആ മഹാനുഭാവൻ സാമ്പത്തികമായും നല്ല പിന്തുണനൽകുകയും അവയുടെ വളർച്ചക്കായി പരിശ്രമിക്കുകയും ചെയ്തു. ജീവകാരുണ്യപ്രവർത്തന മേഖലയിലും അദ്ദേഹത്തിന്റെ ഇടപെടൽ ഒരുപാടുപേർക്ക് ആശ്വാസം നൽകിയിട്ടുണ്ട്.

ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട പല പ്രതിസന്ധികളും ഹജ്ജ് ഗ്രൂപ്പുകളെ ബാധിച്ചപ്പോഴും ഇന്ത്യൻ ഹജ്ജ് ഉംറാ അസോസിയേഷൻറെ സംസ്ഥാന പ്രസിഡൻറ് എന്ന നിലക്ക് മുംബൈയിലും ഡൽഹിയിലും സജീവമായി ഇടപെട്ട് അവ പരിഹരിക്കാനായി ഓടിനടന്ന അദ്ദേഹത്തെ ഈ മേഖലയിൽ ഉള്ളവർ ഒരിക്കലും മറക്കില്ല
എല്ലാം കൊണ്ടും ആ ജീവിതം ധന്യമാക്കി തന്നെയാണ് മുഹമ്മദ് കുട്ടി മുസ്ലിയാർ കടന്നുപോയത്

ദർശനാ ചാനൽ തുടങ്ങാൻ തീരുമാനിച്ച സമയം തൊട്ട് സഹയാത്രികനായി കൂടെ നിന്ന അദ്ദേഹം കൃത്യമായി പ്രോഗ്രാമുകൾ നിരീക്ഷിച്ച് ശരിയും തെറ്റും ചൂണ്ടി കാണിക്കുന്ന അപൂർവ്വം ഡയറക്ടർമാരിൽ ഒരാളായിരുന്നു. വിലപ്പെട്ട ഉപദേശങ്ങൾ കൊണ്ടും വിലമതിക്കാനാവാത്ത പ്രാർത്ഥന കൊണ്ടും ആത്മധൈര്യം പകരാൻ എന്നും ദർശനയുടെ കൂടെ മുഹമ്മദ് കുട്ടി മുസ്ലിയാർ ഉണ്ടായിരുന്നു.
ഓരോ ഹജ്ജ്-ഉംറ യാത്രകൾ കഴിഞ്ഞു വരുമ്പോഴും ഞാൻ കാര്യമായി ദുആ ചെയ്തിട്ടുണ്ട് എന്ന ആശ്വാസവാക്ക് കുറച്ചൊന്നുമല്ല ദർശനയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ആത്മധൈര്യം പകർന്നു തന്നിട്ടുള്ളത്.

മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ വിയോഗം തീർത്താൽ തീരാത്ത ഒരു നഷ്ടമാണ് എന്ന് കേവലം ആലങ്കാരികമായി പറയുന്നതല്ല.
അക്ഷരാർത്ഥത്തിൽ അത് സത്യം തന്നെയാണ് അള്ളാഹു അദ്ദേഹത്തെയും നമ്മെയും അവൻറെ സുഖ ലോക സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടി തരട്ടെ
ആമീൻ

സിദ്ദീഖ് ഫൈസി വാളക്കുളം

Leave a Reply