മലയാളി ഉടമസ്ഥതയിലുള്ള ആർപിഎം അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ച് ദ്വിതീയ വിപണിയിൽ ലിസ്റ്റ് ചെയ്തു

അബുദാബി: യുഎഇയിലെ യുവ ഇന്ത്യന്‍ സംരംഭകൻ ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനായ റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ അബുദാബി സെക്യൂരിറ്റീസ് എക്‌സ്ചേഞ്ചിലെ (എഡിഎക്സ്) സെക്കന്‍ഡറി മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തു. ആല്‍ഫദാബി കമ്പനിയ്ക്ക് കീഴിലായി റെസ്‌പോണ്‍സ് പ്ലസ് ഹോൾഡിംഗ് പിജെഎസ്‌സി എന്ന പേരിലാണ് അബുദാബി സ്റ്റോക്ക് മാര്‍ക്കറ്റില്‍ ആർപിഎം ലിസ്റ്റ് ചെയ്തത്. ‘ആര്‍പിഎം’ എന്ന ടിക്കറിലാവും റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ ഓഹരി വിപണിയില്‍ അറിയപ്പെടുക.

200 ദശലക്ഷം മൂലധന നിക്ഷേപമുള്ള ആർപിഎമ്മിന്റെ ഒരു ഓഹരിയുടെ മൂല്യം ആദ്യദിനം 20 ദിർഹം വരെ ഉയർന്നു. ഇതോടെ ഓഹരി മൂല്യം 4 ബില്യൺ ദിർഹമായി (8026 കോടി രൂപ). യുഎഇയിലെ ഏറ്റവും വലിയ ഓണ്‍സൈറ്റ് മെഡിക്കല്‍ സേവനദാതാക്കളിലൊന്നാണ് 1,600 ജീവനക്കാരുള്ള റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍. 2010 -ല്‍ സ്ഥാപിതമായ ആര്‍പിഎം യുഎഇയിലും സൗദി അറേബ്യയിലും ഒമാനിലുമായി നിലവില്‍ 260-തിലധികം മെഡിക്കല്‍ ക്ലിനിക്കുകൾക്കാണ് നേതൃത്വം നല്‍കുന്നത്. ഓയിൽ ആൻഡ് ഗ്യാസ്, തുറമുഖം, വിമാനത്താവളങ്ങൾ, വ്യവസായ-നിര്‍മാണശാലകള്‍ എന്നീ മേഖലകളിലാണ് ആര്‍പിഎം പ്രവര്‍ത്തിക്കുന്നത്. 160 ആംബുലൻസുകൾ സ്വന്തമായുള്ള ആർപിഎം യുഎഇയിൽ സ്വകാര്യ ആംബുലൻസ് ഫ്‌ളീറ്റുള്ള ഏക കമ്പനി കൂടിയാണ്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജിസിസി, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ ആർപിഎമ്മിന്‍റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. അബുദാബി സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ആര്‍പിഎമ്മിനെ ലിസ്റ്റ് ചെയ്യുകയെന്ന നേട്ടം കൈവരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ആല്‍ഫാദാബി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹമദ് അല്‍ അമേരി പറഞ്ഞു: ”ആരോഗ്യ മേഖലയിലെ ആര്‍പിഎമ്മിന്‍റെ വളര്‍ച്ച അതിവേഗത്തിലാണ്. നൂതനവും സാങ്കേതികത്തികവോടെയുമുള്ള സേവനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് ലഭ്യമാക്കാനായതാണ് ആര്‍പിഎമ്മിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ആര്‍പിഎമ്മിനെ പുതിയ വിപണികളിലേക്ക് എത്തിക്കാനാണ് ലക്‌ഷ്യം. ഇതിനായുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ അബുദാബി സെക്കന്‍ഡറി മാര്‍ക്കിറ്റിലെ ലിസ്റ്റിംഗ് ആര്‍പിഎമ്മിനൊപ്പം വേഗത്തില്‍ വളരാന്‍ നിക്ഷേപകര്‍ക്കും വഴിയൊരുക്കും,’ അദ്ദേഹം പറഞ്ഞു.

യുഎഇയിലെ പ്രമുഖ ഹെൽത്ത്കെയർ സ്ഥാപനമായ ആര്‍പിഎമ്മിന്റെ വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണ് അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ച് ലിസ്റ്റിംഗിലൂടെ സാധ്യമാവുന്നതെന്ന് ആര്‍പിഎം ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ‘ഓയില്‍ ആന്‍ഡ് ഗ്യാസ്, ഊര്‍ജ, നിര്‍മാണമേഖലകളുടെ മെഡിക്കൽ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ആർപിഎം മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ ആര്‍പിഎമ്മിന്റെ സേവനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ഊര്‍ജിതമായ പ്രവര്‍ത്തനത്തിലാണ്. സ്ഥാപനത്തിന്റെ സാമ്പത്തിക-ഉപഭോക്തൃ അടിത്തറ ശക്തമാക്കുന്നതിനിത് സഹായിക്കും. ആര്‍പിഎമ്മിന്‍റെ ഭാഗമാകാനും ഒപ്പം വളരാനും നിക്ഷേപകർക്കുള്ള മികച്ച സമയമാണിത്,’ ഡോ. ഷംഷീർ പറഞ്ഞു.

അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനിയുടെ (IHC) അനുബന്ധ സ്ഥാപനമാണ് ആല്‍ഫദാബി ഹോള്‍ഡിംഗ് പിജെഎസ്‌സി. 2021 ജൂണില്‍ എക്സ്ചേഞ്ചിന്റെ പ്രധാന ബോര്‍ഡില്‍ ലിസ്റ്റുചെയ്ത കമ്പനി, മിഡില്‍ ഈസ്റ്റിലെ അതിവേഗം വളരുന്ന നിക്ഷേപ ഹോള്‍ഡിംഗ് കമ്പനികളിലൊന്നാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം എന്നീ മേഖലകളിലാണ് ആല്‍ഫദാബി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലേക്ക് പുതുതായി ലിസ്റ്റ് ചെയ്യപ്പെട്ട ആര്‍പിഎമ്മിനെ അത്യന്തം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി എഡിഎക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സയീദ് ഹമദ് അല്‍ ദാഹേരി പറഞ്ഞു. ‘ലിസ്റ്റിംഗിലെ വളര്‍ച്ചയും, കമ്പനികളുടെ വൈവിധ്യവും അബുദാബി സ്റ്റോക്ക് മാര്‍ക്കറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ്. ആര്‍പിഎം പോലെ അതിവേഗം വളരുന്ന കമ്പനികളില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിലൂടെ വിപണിയില്‍ പുതിയ ഊര്‍ജ്ജമുണ്ടാവും.’ ആഗോള നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് കൂടുതല്‍ അടുപ്പിക്കാനും ആകര്‍ഷിക്കാനും ഇത്തരം വിനിമയങ്ങള്‍ സഹായിക്കുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനു വേഗം കൂട്ടുമെന്നും അല്‍ ദാഹേരി പറഞ്ഞു.

Leave a Reply