തിരൂർ വെറ്റില രാജ്യാന്തര ശ്രദ്ധ നേടുന്നു.

കേരളത്തിലെ വെറ്റില കൃഷിയുടെ ആസ്ഥാനമാണ് മലപ്പുറം ജില്ലയിലെ തിരൂര്‍. ഇവിടുത്തെ വെറ്റിലയുടെ എരിവാണ് മറ്റ് സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന വെറ്റിലകളെക്കാള്‍ തിരൂർ വെറ്റിലയെ വ്യത്യസ്തമാക്കുന്നത്. തിരൂർ, തിരൂരങ്ങാടി, തനൂർ, മലപ്പുറം, കോട്ടക്കൽ, കുറ്റിപ്പുറം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലാണ് വെറ്റില കൃഷിയുള്ളത്. പുതുക്കൊടി, നാടൻ, കുഴിനാടൻ, കരിനാടൻ, ചേലൻ എന്നീ വിവിധ ഇനം വെറ്റിലകളാണ് കൃഷി ചെയ്തുവരുന്നത്

ഭൗമസൂചികാ പദവി ലഭിച്ചതോടെ നേടിയ രാജ്യാന്തര ശ്രദ്ധയ്ക്കൊപ്പം കൂടുതൽ ജനകീയമാകാനുള്ള അരങ്ങൊരുക്കമാണ് ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. . ഇരുണ്ട പച്ചനിറവും വലിപ്പവുമുള്ള ലങ്കാ പാൻ എന്ന കണ്ണിവെറ്റിലയുൾപ്പെടെ പാക്കിസ്ഥാനിലെ മുറുക്കുകാരുടെ വരെ മനം കവരുന്നതാണു തിരൂർ വെറ്റിലയിനങ്ങൾ.തിരൂർ വെറ്റിലകൾ ഏറ്റവും കൂടുതൽ കയറ്റി അയച്ചിരുന്നത് പാക്കിസ്ഥാനിലേക്കായിരുന്നു. അറുപതുകളിലും എഴുപതുകളിലും 18 20 മെട്രിക് ടൺ തളിർവെറ്റില തിരൂരിൽനിന്നു ദിവസേന പാക്കിസ്‌ഥാനിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു

കണ്ടുപിടിത്തങ്ങൾക്കുള്ള പേറ്റന്റിന് സമാനമാണ് കാർഷിക–കരകൗശല–ഭക്ഷ്യ–പ്രകൃതി വിഭവ മേഖലകളിലെ ബൗദ്ധിക സ്വത്തവകാശം. 2002ൽ ജിഐ (ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻസ്) നിലവിൽ വന്നതിനു ശേഷം കേരളത്തിൽ നിന്നു 23 വസ്തുക്കൾക്കു ഭൗമ സൂചികാ പദവി ലഭിച്ചു. ആറൻമുള കണ്ണാടിക്കാണ് ആദ്യമായി ഭൗതിക സൂചികാ പദവി ലഭിച്ചത്. പ്രത്യേകതയുള്ള കാർഷിക ഇനങ്ങളോ പ്രത്യേക പ്രദേശത്തുമാത്രമുള്ള കൃഷി ഉൽപ്പന്നങ്ങളോ ആണ് ദേശസുചികക്കായി പരിഗണിക്കപ്പെടുന്നത്.ജിഐ പദവി ലഭിച്ചാൽ പ്രാദേശിക ഉൽപ്പന്നത്തിനു രാജ്യാന്തര മൂല്യം വർധിക്കും. ഇതേ ഉൽപ്പന്നം മറ്റാർക്കും വിപണനം ചെയ്യാനാവില്ല, പ്രത്യേക ബ്രാൻഡായി അംഗീകരിക്കും തുടങ്ങിയ ഗുണങ്ങൾ ഉൽപന്നങ്ങൾക്കു ലഭിക്കും.

Leave a Reply