അടിമുടി മാറ്റംവരുത്തി കോൺഗ്രസ്;ആൾക്കുട്ടത്തിൽ നിന്നും കേഡർ പാർട്ടിയിലേക്കുള്ള മാറ്റത്തിന്‍റെ പാതയൊരുക്കി മാർഗ്ഗരേഖയും.

തിരുവനന്തപുരം ∙ പ്രവർത്തനത്തിലും സമീപനത്തിലും അടിമുടി മാറ്റംവരുത്തി കോൺഗ്രസ് ഒറ്റക്കെട്ടായി ഇറങ്ങുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റുമാർക്കായി കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല നെയ്യാർ ഡാം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരത്തിലുള്ള കോൺഗ്രസിനെക്കാൾ പതിന്മടങ്ങ് ശക്തമാണ് പ്രതിപക്ഷത്തുള്ള കോൺഗ്രസ്. രണ്ടു ശത്രുക്കളെ ഒരേസമയം നേരിടാൻ കോൺഗ്രസിനു ശക്തിയുണ്ട്. എന്നാൽ നമ്മുടെയിടയിൽ വിള്ളൽ വീഴ്ത്തി ദുർബലപ്പെടുത്താനാണു ശത്രുക്കൾ ശ്രമിക്കുന്നത്. ആ കെണിയിൽ വീഴാതെ ഓരോ കോൺഗ്രസ് പ്രവർത്തകനും ജാഗ്രത കാട്ടണം

സംശുദ്ധമായ പൊതു ജീവിതമാകണം കോൺഗ്രസ് നേതാക്കളുടെ മുഖമുദ്ര. അതിലൂടെ പുതുതലമുറയെ കോൺഗ്രസിലേക്ക് ആകർഷിക്കാൻ കഴിയണം. കാലോചിതമായ വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കണം. കോൺഗ്രസിന്റെ തകർച്ച രാഷ്ട്രീയ എതിരാളികൾ പോലും ആഗ്രഹിക്കുന്നില്ല. പോരായ്മകൾ കണ്ടെത്തി പരിഹാരങ്ങൾ ആരംഭിച്ചു. നേതാക്കൾക്ക് അഭിപ്രായവും പ്രയാസവും പറയാനും അതിനു പരിഹാരം കാണാനുമാണു സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. ഒരാൾ പോലും പരിധി വിട്ടു പോകരുതെന്നു സുധാകരൻ പറഞ്ഞു.

ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ശ്രീ പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്. ആൾക്കുട്ടത്തിൽ നിന്നും കേഡർ പാർട്ടിയിലേക്കുള്ള മാറ്റത്തിന്‍റെ പാതയൊരുക്കിയാണ് മാർഗ്ഗരേഖ. അടിമുടി പാർട്ടിയെ മാറ്റി പ്രവർത്തകനെയും നേതാക്കളെയും കൃത്യമായി വിലയിരുത്തിയാകും ഇനി മുന്നോട്ട് പോക്ക്.
തർക്കങ്ങളും പരാതികളും തീർക്കാൻ ജില്ലാതലങ്ങളിൽ സമിതി ഉണ്ടാക്കും. പാർട്ടിയിലെ മുഴുവൻ സമയ പ്രവർത്തകർക്ക് പ്രതിമാസം ഇൻസെന്‍റീവ് അനുവദിക്കും. കേഡർമാരുടെ മുഴുവൻ സമയ പ്രവർത്തനം ഉറപ്പാക്കാനാണ് പ്രതിമാസ ഇൻസെന്‍റീവ്. ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറുമാസം കൂടുമ്പോൾ വിലയിരുത്തും. കടലാസിൽ മാത്രമുള്ള ബൂത്ത് കമ്മിറ്റികൾ ഇനി പറ്റില്ല. ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറുമാസം കൂടുമ്പോൾ ഡിസിസി പ്രസിഡണ്ടുമാർ വിലയിരുത്തി കെപിസിസിക്ക് റിപ്പോർട്ട് നൽകണം. വീഴ്ചയുണ്ടായാൽ വീശദീകരണം തേടി നടപടി ഉണ്ടാകും.
ഗ്രാമങ്ങളിലെ സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തനങ്ങളിലെല്ലാം പ്രാദേശിക നേതാക്കളും പ്രവർത്തകരും സജീവമായി ഇടപെടണം. അണികളാണ് പാർട്ടിയുടെ മുഖമെന്ന നിലയ്ക്ക് പ്രവർത്തിക്കണം. തർക്കങ്ങളും പരാതികളും ജില്ലാതലങ്ങളിൽ തീർക്കണം. അതിനായി ജില്ലാതല സമിതിക്ക് രൂപം നൽകും. അവിടെയും തീ‍രാത്ത ഗൗരവ പ്രശ്‍നമെങ്കില്‍ കെപിസിസി ഇടപെടും. ഫ്ലെക്സ് പാർട്ടി, സ്റ്റേജില്‍ ആള്‍ക്കൂട്ടമെന്ന ചീത്തപ്പേരും മാറ്റുകയാണ്. വ്യക്തിപരമായി ആരും ഫ്ലെക്സ് വെക്കരുത്. പാ‍ർട്ടി കമ്മിറ്റികളുടെ അറിവോടെ മാത്രമായിരിക്കും ഇനി ഫ്ലെക്സ് സ്ഥാപിക്കുക.
പാർട്ടി പരിപാടികളുടെ വേദികളിൽ നേതാക്കളെ നിയന്ത്രിക്കണം. സംസ്ഥാന നേതാക്കളെ പാർട്ടി പരിപാടികൾക്കായി പ്രാദേശിക നേതാക്കൾ നേരിട്ട് വിളിക്കരുത്. മണ്ഡലം കമ്മിറ്റിയുടേയും ഡിസിസികളുടേയും അനുവാദം വാങ്ങി മാത്രമേ നേതാക്കളെ വിളിക്കാവൂ. വ്യക്തി വിരോധത്തിന്‍റെ പേരിൽ ആരെയും കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കരുത്. ഡിസിസി പ്രസിഡണ്ടുമാരുടെ അഭിപ്രായം കൂടി ചേർത്ത് പുതുക്കി മാർഗ്ഗരേഖ നടപ്പാക്കി മാറ്റവുമായി മുന്നോട്ട് പോകാനാണ്തീരുമാനമെന്നും നേതാക്കൾ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി.തോമസ്, ടി.സിദ്ദിഖ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply