വിദ്യാർത്ഥികളേ, പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കൂ, ലാപ് ടോപ് സ്വന്തമാക്കൂ

ദുബായ് : മെട്രോ, ട്രാം സേവനങ്ങൾ ഉപയോഗിച്ച് സ്കൂളുകളിലേക്കും സർവ്വകലാശാലകളിലേക്കും എത്തുന്ന വിദ്യാർത്ഥികള്‍ക്ക് ലാപ് ടോപുകള്‍ നല്‍കി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളുകളിലേക്കും സർവകലാശാലകളിലേക്കും ലാപ്ടോപ്പുകൾ നൽകുന്ന പദ്ധതിയുടെ ഭാഗയാണ് ഇത്. ദുബായ് മെട്രോ, ട്രാം, പൊതു ബസുകൾ, സമുദ്ര ഗതാഗത മാർഗ്ഗങ്ങൾ തുടങ്ങിയ പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കാന്‍ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയെന്നുളളതാണ് ലക്ഷ്യം. നൂൺ, എച്ച്പി, കിയോലിസ്-എം‌എച്ച്‌ഐ തുടങ്ങിയവയുടെ പിന്തുണയോടെയാണ് സംരംഭം.
യുവാക്കളെയും വിദ്യാ‍ർത്ഥികളെയും പോലെ സമൂഹത്തിന്‍റെ വിവിധ തുറയിലുളളവരെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു സംരംഭമെന്ന് ആർടിഎ യുടെ കോർപ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവീസസ് സെക്ടർ മാർക്കറ്റിംഗ് ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ റൗദ അല്‍ മെഹ്സ്രി അഭിപ്രായപ്പെട്ടു. വിദ്യാ‍ർത്ഥികള്‍ക്ക് 50 ശതമാനം നിരക്കിളവിലാണ് മെട്രോ യാത്ര ഒരുക്കുന്നത്. ഇതിനായി പഠിക്കുന്ന സ്ഥാപനത്തിന്‍റെ അപേക്ഷയില്‍ നീല നോല്‍കാർഡ് വിദ്യാത്ഥികള്‍ക്ക് നല്‍കുന്നുണ്ട്.

Leave a Reply