കെ.എസ്.ആർ.ടി.സി ബസ് ടെർമിനലുകളിലെ മദ്യവിൽപന ശാല: സർക്കാർ പിന്തിരിയണം -സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് ടെർമിനലുകളിൽ മദ്യവിൽപന ശാല തുടങ്ങാനുളള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. മദ്യവിതരണം മാത്രമല്ല, മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാർ ഇതിലൂടെ ചെയ്യുന്നത്. സ്ത്രീകളും വൃദ്ധരും കുട്ടികളും ദൈനംദിനം ഇടപെടുന്ന കേന്ദ്രമാണ് ബസ്റ്റാന്റുകൾ. മദ്യം സാർവത്രികമാക്കുന്നത് വരും തലമുറയെ അരാജകത്വത്തിലേക്ക് നയിക്കും. – തങ്ങൾ പറഞ്ഞു.

ഘട്ടംഘട്ടമായി മദ്യവർജനം എന്നതാണ് സർക്കാറിന് നേതൃത്വം നൽകുന്ന മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. അതിന് കടകവിരുദ്ധമായി ഘട്ടം ഘട്ടമായി മദ്യവുമായി മലയാളിയെ ബന്ധിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ മദ്യശാല അടച്ചിട്ട ഘട്ടത്തിൽ
കുറ്റകൃത്യങ്ങൾ, അപകടങ്ങൾ, അക്രമങ്ങൾ, കുടുംബ പ്രശ്‌നങ്ങൾ എന്നിവ കുറഞ്ഞിരുന്നു എന്നതിന് പോലീസ് റിപ്പോർട്ട് സാക്ഷിയാണ്. സർക്കാറിന് ഇതിനേക്കാൾ പ്രധാനം മദ്യരാജാക്കൻമാരുടെ അഭിവൃദ്ധിയാണ്. ഐക്യജനാധിപത്യ മുന്നണി ഭരണകാലത്ത് ഘട്ടംഘട്ടമായി മദ്യശാലകൾ പൂട്ടിയിരുന്നു.
ഈ സർക്കാർ വന്നതിനു ശേഷം മദ്യശാലകൾ കൂടുതലായി തുറക്കുകയാണ്.-തങ്ങൾ പറഞ്ഞു.

Leave a Reply