ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകളിൽ പ്രതിഷേധമിരമ്പി മുസ്ലിംലീഗ് സമരസംഗമങ്ങൾ.

കോഴിക്കോട്: ചരിത്രത്തിന്റെ അപനിർമിതിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ എന്ന തലക്കെട്ടിൽ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ സംഗമങ്ങൾ കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് നടപടികൾക്കെതിരായ താക്കീതായി. മലബാർ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽനിന്ന് ഒഴിവാക്കിയ കേന്ദ്ര സർക്കാറിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ഐ.സി.എച്ച്.ആർ) നടപടിക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന വ്യാപകമായി പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ മതേതര ചേരിയിലെ പ്രമുഖ നേതാക്കളും ചരിത്രകാരന്മാരും ചിന്തകരും സംബന്ധിച്ചു. ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങളും സ്വാതന്ത്ര്യ സമരത്തിലെ മലബാർ സമര പോരാളികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ചരിത്ര വിവരണങ്ങളുമായി പ്രതിഷേധ പരിപാടികൾ ഉജ്വലമായി.

ചരിത്രത്തെ കാവിവൽക്കരിക്കാനും കേരളത്തിന്റെ മതസൗഹാർദ്ദത്തിന് കളങ്കം ചാർത്താനുമുള്ള കേന്ദ്ര നീക്കത്തിനെതിരെ മുസ്‌ലിംലീഗ് പ്രവർത്തകർ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ മാത്രമേ ഫാസിസ്റ്റുകൾക്ക് സാധിക്കുകയുള്ളൂ എന്നും ജനമനസ്സുകളിൽ സൂര്യതേജസ്സോടെ അവർ ജ്വലിച്ചു നിൽക്കുമെന്നും നേതാക്കൾ പറഞ്ഞു. മുസ്‌ലിംലീഗ് നേതാക്കളായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ മലപ്പുറത്തും കെ.പി.എ മജീദ് (കുറുവ ചെട്ടിപ്പടി), ഡോ. എം.കെ മുനീർ (കൊടുവള്ളി), പി.എം.എ സലാം (ചെമ്മാട്, പുതിയേടത്ത് പറമ്പ്) എന്നിവിടങ്ങളിലും സംബന്ധിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികൾ, എം.എൽ.എമാർ, പ്രവർത്തക സമിതി അംഗങ്ങൾ വിവിധ കേന്ദ്രങ്ങൡ നേതൃത്വം നൽകി.

Leave a Reply