ചരിത്രത്തിന്റെ അപനിർമിതിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയുമായി മുസ്ലിംലീഗ്.

കോഴിക്കോട്: മലബാർ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽനിന്ന് ഒഴിവാക്കിയ കേന്ദ്ര സർക്കാറിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ഐ.സി.എച്ച്.ആർ) നടപടിക്കെതിരെ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ നാളെ (ഓഗസ്റ്റ് 31 ചൊവ്വ) വൈകുന്നേരം ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിക്കും. “ചരിത്രത്തിന്റെ അപനിർമിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ” എന്ന ശീർഷകത്തിലാണ് പ്രതിഷേധ കൂട്ടായ്മകൾ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ തുടങ്ങി 387 മലബാർ സമര രക്തസാക്ഷികളെയാണ് കേന്ദ്ര സർക്കാർ രക്തസാക്ഷി നിഘണ്ടുവിൽനിന്ന് നീക്കം ചെയ്തത്. വാഗൺ കൂട്ടക്കൊലയിൽ രക്തസാക്ഷിത്വം വരിച്ചവരെയും പട്ടികയിൽനിന്ന് ഒഴിവാക്കി. ചരിത്രത്തെ കാവിവൽക്കരിക്കാനും കേരളത്തിന്റെ മതസൗഹാർദ്ദത്തിന് കളങ്കം ചാർത്താനുമുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്. അതാത് പ്രദേശങ്ങളിലെ മതേതര ചേരിയിലെ പ്രമുഖ വ്യക്തിത്വങ്ങളും ചരിത്രാന്വേഷികളും പ്രതിഷേധ പരിപാടികളിൽ സംബന്ധിക്കും. ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കൾ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധത്തിന് നേതൃത്വം നൽകും.

Leave a Reply