ഖുർആൻ:ലോകാവസാനം വരെയുള്ള മാനവർക്ക് വഴികാട്ടി-സയ്യിദ് മുനവ്വർ അലി ശിഹാബ്.

മലപ്പുറം: ലോകാവസാനം വരെയുള്ള മാനവർക്ക് വഴികാട്ടിയാണ് വിശുദ്ധ ഖുർആൻ എന്ന് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ജനുവരി ആദ്യവാരത്തിൽ മലപ്പുറത്ത് നടന്ന നാസ്തികത-ഇസ്ലാം സംവാദത്തിന്റെ പുസ്‌തപ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക കാലഘട്ടം മുതൽ തന്നെ മതത്തിനെതിരെ തെറ്റിദ്ധാരണകൾ പരത്തുന്ന കള്ളപ്രവാചകന്മാർ രംഗത്തു വന്നിരുന്നുവെന്നും ആ കാലഘട്ടം മുതൽ തന്നെ പണ്ഡിതന്മാരും പ്രബോധകരും തെറ്റിദ്ധാരണകൾ നീക്കാൻ മുന്നോട്ടു വന്നിട്ടുണ്ടെന്നും തങ്ങൾ ചൂണ്ടിക്കാട്ടി. അത്തരം ശ്രമങ്ങളുടെ തുടർച്ച തന്നെയാണ് എം എം അക്ബർ മാസങ്ങൾക്ക് മുമ്പ് ഏറ്റെടുത്തു നടത്തിയ നാസ്തികത-ഇസ്ലാം സംവാദവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസ്തുത സംവാദം ഇസ്‌ലാമിന്റെ സൈദ്ധാന്തിക അടിത്തറയുടെ സുതാര്യതയും സൗന്ദര്യവും വർദ്ധിപ്പിക്കുന്നത് കൂടിയായിരുന്നു എന്ന് തങ്ങൾ എടുത്തു പറഞ്ഞു. നൂറ്റാണ്ടുകൾ നീണ്ടു നിന്ന ഗോത്രയുദ്ധങ്ങൾ, പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടൽ, മരിച്ചാലും മാറാത്ത മദ്യാസക്തി, സ്വാർത്ഥത തുടങ്ങിയവയെയൊക്കെ അടിമുടി മാറ്റാൻ സാധിച്ച സാമൂഹ്യ പരിവർത്തനത്തിന് നിമിത്തമായി പ്രത്യയ ശാസ്ത്രത്തോട് നൂറു ശതമാനം കൂറ് പുലർത്തി ജീവിക്കാൻ പ്രവാചകന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്ര-സാമൂഹിക-സാമ്പത്തിക മേഖലകളിൽ ഒക്കെ തന്നെ ഖുർആൻ വെളിച്ചം കാണിക്കുന്നുണ്ടെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത് ഇസ്ലാമും ആത്മീയതയുമൊക്കെയാണെന്നും കൂടെ തങ്ങൾ ചൂണ്ടിക്കാട്ടി.

മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന പുസ്തകപ്രകാശന സമ്മേളനത്തിൽ സ്വാലിഹ് നിസാമി പുതുപൊന്നാനി അധ്യക്ഷത വഹിച്ചു. ഡോ എം പി അബ്ദുസ്സമദ് സമദാനി എം പി പുസ്തക നിർവഹിച്ചു സംസാരിച്ചു. വിശ്വനാഗരികതയെ നിർമ്മിച്ചതിൽ മതത്തിന്റെ പങ്ക് ചരിത്രകാരന്മാർ തന്നെ രേഖപ്പെടുത്തിയ യാഥാർത്ഥ്യമാണെന്ന് സമദാനി ചൂണ്ടിക്കാട്ടി. മതം സൃഷ്‌ടിച്ച ധാർമ്മികതയും നൈതികതയുമാണ് മാനവ സമൂഹത്തിൻറെ പാരമ്പര്യമായി മാറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യകാലഘട്ടത്തിലെ ശാസ്ത്ര വളർച്ചക്ക് ഖുർആൻ നൽകിയ സംഭാവനകൾ മാറ്റി വെച്ച് കൊണ്ട് ശാസ്‌ത്രത്തിന്റെ ചരിത്രം തന്നെ എഴുതാനാവില്ലെന്നും സമദാനി എടുത്തു പറഞ്ഞു. മനുഷ്യ യുക്തിയും ബുദ്ധിയും ഗുണപരമായി ഉപയോഗപ്പെടുത്തി വിപ്ലവം സൃഷ്‌ടിച്ച ഗ്രന്ഥമാണ് ഖുർആനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖുർആൻ സംവാദാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന യുക്തിയുടെ ഒരു ഗ്രന്ഥമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതവിമർശനങ്ങൾ അക്കാദമികമായിരിക്കണമെന്നും അല്ലാതെ ദൈവദൂതന്മാരെ വ്യക്തിഹത്യ നടത്തലാവരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധൈഷണിക ചർച്ചകളെ ആരും ഭയപ്പെടുന്നില്ലെന്നും സദുദ്ദേശപരമായ ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കുമുള്ള വാതിലുകൾ തുറന്നിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രവാചകന്റെ വിട വാങ്ങൽ പ്രസംഗം ലോകമനുഷ്യാവകാശ സംഘങ്ങൾക്ക് ഇന്ന് പോലുമുള്ള റെഫെറെൻസ് ആണെന്ന് സമദാനി കൂട്ടിച്ചേർത്തു. മദീനയിലെ ന്യൂനപക്ഷങ്ങൾക്കായുള്ള കരാർ -ദി ചാർട്ടെർ ഓഫ് മെദീന- ‘ബഹുസ്വരത’ക്കു മാർഗനിർദേശമായുള്ള ആയിരത്തഞ്ഞൂറ് വർഷം മുമ്പുള്ള രോമാഞ്ചജനകമായ ഏടായിരുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.

നാസ്തികവാദത്തിന്റെ പരമാചാര്യനായി ഗണിക്കപ്പെടുന്ന ബൃഹസ്പതിയുടെ പിൻഗാമികളായ ചാർവാകന്മാരുടെ കാലം മുതൽ ഭാരതത്തിൽ നാസ്തിക-ആസ്തിക സംവാദങ്ങൾ നടന്നുപോന്നിട്ടുണ്ടെന്നും അത്തരം ആരോഗ്യകരമായ സംവാദങ്ങൾ പുതിയ കാലഘട്ടത്തിലും തുടരണമെന്നും മലപ്പുറത്ത് നടന്ന നാസ്തികത-ഇസ്ലാം സംവാദത്തിന്റെ പുസ്തക പ്രകാശന സമ്മേളനം അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങളും ചൂഷണ നിബിഡമായ അനാചാരങ്ങളും മനുഷ്യത്വ ശൂന്യമായ ചടങ്ങുകളും കുടിലമായ ജാതീയചിന്തകളും നിറഞ്ഞ് സാധാരണ ജനങ്ങൾക്കിടയിൽ ആസ്തികത ഭീബത്സരൂപം പ്രാപിച്ചുകൊണ്ടിരുന്നപ്പോഴൊക്കെയും നാസ്തികതയ്ക്ക് കൂടുതൽ പ്രചാരം ലഭിച്ചിരുന്നുവെന്നും, എന്നാൽ ചൂഷണമുക്തമായ മത സന്ദേശ പ്രബോധനങ്ങൾ നാസ്തികത-ഇസ്ലാം സംവാദങ്ങൾക്ക് ചരിത്രത്തിലുടനീളം വഴി തെളിയിച്ചിട്ടുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ഗുരു വാക്യവും ”ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്” എന്ന മുദ്രാവാക്യവും ഒരേ സമയം സംവാദാത്മകമായി മുഴങ്ങിക്കേട്ട നാടാണ് ഉദ്ബുദ്ധ കേരളമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നൂറ്റാണ്ടിൻറെ തുടക്കത്തിൽ മലയാളമണ്ണിൽ മക്തി തങ്ങൾ ഏറ്റെടുത്ത സംവാദശ്രമങ്ങളാണ് ഈ വർഷത്തിന്റെ തുടക്കത്തിൽ നടന്ന എം എം അക്ബർ – ഇ എ ജബ്ബാർ സംവാദത്തിലൂടെ തുടർന്നതെന്നും സമ്മേളനം വിലയിരുത്തി. കോവിഡ് മഹാമാരിക്കിടയിലും സമൂഹമാധ്യമലോകം ആവേശത്തോടെ ഉറ്റു നോക്കിയ പ്രസ്തുത സംവാദമാണ് അക്ഷരരൂപം പൂണ്ട് പുസ്തക രൂപത്തിൽ ഇന്ന് പ്രകാശനം ചെയ്യപ്പെട്ടത്. സംവാദം സംഘടിപ്പിക്കാനും സംവാദവേദിയിൽ മോഡറേറ്റർ ആകാനും അവസരം ലഭിച്ച കേരള യുക്തിവാദി സംഘം പ്രസിഡന്റ് അഡ്വ കെ.എൻ അനിൽകുമാർ പുസ്തകത്തിന്റെ ആദ്യ പ്രതി ഡോ.എം.പി. അബ്ദുസ്സമദ്‌ സമദാനിയിൽ.എംപി. യിൽ നിന്നും ഏറ്റു വാങ്ങി.

അബ്ദുല്ല തിരൂർക്കാടിന്റെ ‘ഖുർആനിൽ നിന്ന്’ എന്ന സെഷനോടെ ആരംഭിച്ച സമ്മേളനത്തിൽ മമ്മൂട്ടി അഞ്ചുകുന്ന് സ്വാഗത ഭാഷണം നിർവഹിച്ചു. സമ്മേളനത്തിൽ മത -സാംസ്കാരിക രംഗത്തെ പ്രമുഖരായ ഉസ്താദ് അബ്ദുൽ ഷക്കൂർ അൽ ഖാസിമി, അലിയാർ മൗലവി അൽ ഖാസിമി, ഇലവുപാലം ശംസുദ്ധീൻ മന്നാനി, ഡോ: ഹുസൈൻ മടവൂർ, ഉസ്താദ് ഇല്യാസ് മൗലവി, കെ കെ സുഹൈൽ, ഉസ്താദ് അമീൻ മാഹി, റഷീദ് ഹുദവി ഏലംകുളം, എം എം അക്ബർ എന്നിവർ സന്ദേശ പ്രഭാഷണങ്ങൾ നിർവഹിച്ചു. ചടങ്ങിൽ സുഹൈൽ റഷീദ് നന്ദി പ്രകാശനം നിർവഹിച്ചു. ലോകത്തെമ്പാടുമുള്ള ആയിരങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ മുഖേന സമ്മേളനത്തിൽ പങ്കാളികളായി. ഒരു ചരിത്ര രേഖയെന്നോണം പുസ്തകം കേരളത്തിലെ ആവശ്യപ്പെടുന്ന എല്ലാ ലൈബ്രറികളിലേക്കും വിചാര പ്രധാനികളായ വിശിഷ്ട വ്യക്തികളുടെ കരങ്ങളിലേക്കും സൗജന്യമായി എത്തിക്കാനാവശ്യമായ സംവിധാനം ‘പ്രൗഡ് മുസ്ലിംസ്’ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും പുസ്തകം വിതരണം ചെയ്യുന്നത് ‘ദഅവ ബുക്ക്സ്’ (www.dawabooks.in, +91 7034137777) ആണ്.

Leave a Reply