ഹരിത, എം.എസ്.എഫ് പ്രശ്നങ്ങൾക്ക് പരിഹാരമായി.

മുസ്ലിംലീഗിന്റെ പോഷക സംഘടനയായ എം.എസ്.എഫ്, ഹരിത ഭാരവാഹികൾക്കിടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നു വരികയുണ്ടായി. പല ഘട്ടങ്ങളിലായി നേതാക്കൾ ഇക്കാര്യം ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയിരുന്നു. അതിനിടെ എം.എസ്.എഫ് നേതാക്കളുടെ ചില പരാമർശങ്ങളും, ഹരിത വനിതാകമ്മിഷന് നൽകിയ പരാതിയും ഏറെ വിവാദങ്ങൾക്കിടയാക്കി. മുസ്ലിംലീഗ് നേതൃത്വം ഇതു സംബന്ധിച്ച് ഒരു താൽക്കാലിക നടപടി സ്വീകരിച്ചു. ഹരിതയുടെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിക്കുകയും എം.എസ്.എഫ് നേതാക്കൾക്ക് ഷോകോസ് നോട്ടീസ് നൽകുകയും ചെയ്യുകയുണ്ടായി.

സംഘടനാപരവും അല്ലാത്തതുമായ കാര്യങ്ങൾ തുറന്ന ചർച്ചകളിലൂടെയും അനുരജ്ഞന ശ്രമങ്ങളിലൂടെയും പരിഹാരമുണ്ടാക്കുന്ന മാർഗമാണ് മുസ്ലിംലീഗ് ഇതപര്യന്തം അവലംബിച്ചു പോന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായി തുടർചർച്ചകൾ നടക്കുകയും താഴെ പറയുന്ന തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.

എം.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീർ മുതുപറമ്പ് ജനറൽ സിക്രട്ടറി വി.എ വഹാബ് എന്നിവർ നടത്തിയ പരാമർശങ്ങൾ അസ്ഥാനത്തായിരുന്നു. ഈ കാര്യം അവർക്ക് ബോധ്യപ്പെട്ടു. പ്രസ്തുത പരാമർശം അവർ ദുരുദ്ദേശപരമായി പറഞ്ഞതല്ല, എങ്കിലും ഇതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അവർ വ്യക്തമാക്കി. ഇക്കാര്യം അവർ ഫേസ്ബുക്കിലൂടെയും അറിയിക്കുന്നതാണ്. ഹരിത വനിതാകമ്മീഷനു നൽകിയ പരാതി പിൻവലിക്കുന്നതാണ്. എം. എസ്.എഫ് നേതാക്കൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടികൾ ഉണ്ടാകില്ല. ഹരിതയുടെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച നടപടി പിൻവലിക്കും ഹരിതയും എം.എസ്.എഫും ഒരു മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളായത് കൊണ്ട് കൂടുതൽ യോജിച്ച് പോകുന്നതിന് ആവശ്യമായ ചർച്ചകളും പരാതി പരിഹാര സംവിധാനങ്ങളും ആവശ്യമാണെന്ന് പാർട്ടി കരുതുന്നു. ഇതിനായി പാർട്ടി നേതാക്കളുടെ നിയന്ത്രണത്തിൽ ഇരു സംഘടനകളുടെയും പ്രാതിനിധ്യത്തോടെ ഒരു പ്രത്യേക സെൽ രൂപീകരിക്കുന്നതാണ്. എം.എസ്.എഫിന്റെ ജില്ലാ സംസ്ഥാന കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യം പാർട്ടി ഉറപ്പുവരുത്തും. ഇതിനനുസൃതമായി എം.എസ്.എഫ്. ഹരിത ഭരണഘടനകളിൽ കാലോചിതമായ മാറ്റങ്ങളുണ്ടാക്കും. മലപ്പുറം ജില്ലാ ഹരിത കമ്മിറ്റിയിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ ഉണ്ടാവും.

എം.എസ്.എഫ്, ഹരിതസംഘടനകൾ വിദ്യാഭ്യാസ മേഖലയിൽ സി.എച്ചിന്റെ സ്വപ്ന സാക്ഷാൽക്കാരത്തിനായി ശബളിമയാർന്ന പങ്കു വഹിച്ചതായി മുസ്ലിംലീഗ് വിലയിരുത്തുന്നു. ദേശീയ സംസ്ഥാന തലത്തിലെ സമകാലീനവും സങ്കീർണ്ണവുമായ വിദ്യാഭ്യാസ പ്രതിസന്ധികളെ ശക്തിയുക്തം നേരിടുന്നതിലും ഇരു സംഘടനകളും പ്രതിബദ്ധത ആവർത്തിക്കുന്നു.

Leave a Reply