രണ്ടാം ഡോസ് വാക്സിൻ സ്വീകരക്കാൻ ഇത്ര ഇടവേള എന്തിനെന്ന്: ഹൈക്കോടതി.

കൊച്ചി: രണ്ടാം ഡോസ് കോവീഷീല്‍ഡ് വാക്സിൻ സ്വീകരിക്കുന്നതിന് ഫസ്റ്റ് ഡോസ് കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിക്കാൻ 84 ദിവസം നിശ്ചയിച്ചത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം ചോദിച്ചു. ഇത് വാക്‌സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ടാണോ അതോ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ടാണോ എന്ന് അറിയിക്കാനും സർക്കാറിനോട് ആവശ്യപ്പെട്ടു.

കിറ്റെക്‌സിലെ തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ചോദ്യം.

നിലവില്‍ കമ്പനി രണ്ട് ഡോസ് വാക്‌സിന്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഒന്നാം ഡോസ് എടുത്തു 45 ദിവസം കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് നല്‍കാന്‍ കമ്പനി സര്‍ക്കാറിനോട് അനുമതി തേടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രമാണ് നിലപാട് എടുക്കുക എന്നായിരുന്നു സംസ്ഥാനത്തിന്റെ മറുപടി.സ്വന്തംനിലയ്ക്ക് വാക്‌സിന്‍ വാങ്ങുന്നവര്‍ക്ക് ഇടവേള കുറക്കാമല്ലോ എന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. സർക്കാറിൻ്റെ വിശദീകരണം കേട്ട് കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

Leave a Reply