വാസുവിനും കുടുംബത്തിനും മഹല്ല് കമ്മറ്റിയുടെ ഈ ഓണസമ്മാനം മതസൗഹാർദ്ദത്തിൻ്റെ അടയാളപ്പെടുത്തൽ.

കല്പകഞ്ചേരി(മലപ്പുറം):
അടച്ചുപൂട്ടലുകളുടെയും അരക്ഷിതാവസ്ഥയുടെയും കാലത്താണ് ഇക്കുറി പൊന്നോണത്തിന്റെ വരവ്
എങ്ങും ഇല്ലായ്മയുടെയും വല്ലായ്മയുടെയും കഥകളാണ് പങ്കുവെക്കാനുള്ളത്. എന്നാൽ കുണ്ടന്‍ചിനയിലെ കൊളമ്പില്‍ വാസുവിനും കുടുംബത്തിനും ഇത് സന്തോഷ സമൃദ്ധമായ ഓണം തന്നെയാണ്.
ഈ ഓണാഘോഷം ഈ കുടുംബത്തിന് എന്നല്ല ഈ നാടിനു തന്നെ അവിസ്മരണീയമായ ഒരു അനുഭവമായി മാറിയിരിക്കുന്നു. തോഴന്നൂര്‍ കുണ്ടന്‍ചിന മഹല്ല് കമ്മിറ്റി വാസുവിനും കുടുംബത്തിനും നല്‍കിയ ഓണസമ്മാനത്തിലൂടെയാണ് ഈ നാട് വാർത്തയിൽ ഇടംപിടിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡില്‍ ദുരിതത്തില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് മഹല്ല് കമ്മിറ്റി ഈ ഓണത്തിന് മനോഹരമായ ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുകയായിരുന്നു.

മഹല്ല് നിവാസികള്‍ വാസുവിനെ കൂടപ്പിറപ്പിനെപ്പോലെ നെഞ്ചോടുചേര്‍ത്തപ്പോള്‍ ഒരു വീടിനൊപ്പം മതസൗഹൃദത്തിന്റെ മഹത്തായ മാതൃകകൂടി തീര്‍ക്കുകയായിരുന്നു.
വാസുവിന് ശാരീരിക വൈകല്യം മൂലം അധ്വാനിക്കാന്‍ ആവില്ല. അയൽ വീടുകളില്‍ ജോലിചെയ്ത് ഭാര്യയാണ് കുടുംബം പോറ്റുന്നത്. കുടുംബത്തിന്റെ നിത്യച്ചെലവ്, ഒന്‍പതാംക്ലാസില്‍ പഠിക്കുന്ന ഏകമകള്‍ വിസ്മയയുടെ പഠനച്ചെലവ്, പ്ലാസ്റ്റിക് ഷെഡില്‍നിന്നുള്ള മോചനം …. ജീവിതത്തിനുമുന്നിൽ പ്രാരാബ്ധങ്ങളുടെ കണക്കുമാത്രമായിരുന്നു ബാക്കി. ഇവരുടെ കഷ്ട്ടപ്പാട് തിരിച്ചറിഞ്ഞാണ് സാന്ത്വനമായി മഹല്ല് കമ്മിറ്റി ഇവരെ തേടിയെത്തുന്നത്.

10 ലക്ഷം രൂപ ചെലവില്‍ ഒന്‍പതുമാസം കൊണ്ടാണ് വീടിന്റെ പണി പൂര്‍ത്തീകരിച്ചത്. നാട്ടിലും മറുനാട്ടിലുമുള്ള മുഴുവന്‍ മഹല്ല് നിവാസികളും ഈ മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ശാരീരികമായും സാമ്പത്തികമായും ഇവര്‍ സഹായങ്ങളുമായി മുന്നില്‍നിന്നു. മഹല്ല് ഭാരവാഹികളായ നെടുവഞ്ചേരി കുഞ്ഞിപ്പ, എം.സി കുഞ്ഞന്‍, എം.സി. മാനു, ഹംസ ഹാജി, നാസര്‍ ചോലക്കല്‍, കല്ലന്‍ കുഞ്ഞിപ്പ, ചെമ്പന്‍ ഹമീദ് തുടങ്ങിയവര്‍ വീടുനിര്‍മാണത്തിന് നേതൃത്വംനല്‍കി.

ഈമാസം 25-ന് അഞ്ചുമണിക്ക് ഈ സ്‌നേഹഭവനം മഹല്ല് ഖാളി കുഞ്ഞിമോന്‍ തങ്ങളുടെ സാന്നിധ്യത്തില്‍ തിരൂര്‍ സബ്കളക്ടര്‍ സൂരജ് ഷാജി കുടുംബത്തിനു കൈമാറും.
ഒരുനാടും ആ നാട്ടിലെ മഹല്ലുകമ്മറ്റിയും വാർത്തകളിൽ ഇടം പിടിക്കുന്നത് ഇങ്ങനെയാണ്.
ഇത് മലപ്പുറത്തിന്റെ അനേകായിരം മഹനീയമാതൃകകകളിൽ ഒന്നുമാത്രം.

Leave a Reply