
ദമ്മാം: ഡോ. സിദ്ദീഖ് അഹമ്മദ് പ്രവാസി ഭാരതീയ സമ്മാൻ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം റിയാദിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചു. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയാണ് സാധാരണ പുരസ്കാരങ്ങൾ സമ്മാനിക്കാറുള്ളത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ചടങ്ങ് എംബസി ആസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
സൗദിയിലുൾപ്പെടെ വ്യവസായ ശൃംഖല കെട്ടിപ്പടുക്കുകയും ഇന്ത്യ-സൗദി ബന്ധങ്ങൾക്ക് കരുത്തു പകരുകയും ചെയ്തതിനാണ് സിദ്ദീഖ് അഹമ്മദ് അവാർഡിന് അർഹനായത്. സൗദിയിലെ സാധാരണ പ്രവാസികളുടെ ക്ഷേമകാര്യങ്ങളിൽ സജീവമായി ഇടപെട്ട് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സിദ്ദീഖ് അഹമ്മദിന് പ്രവാസികൾക്കിടയിൽ ഒരു പരിചയപ്പെടുത്തലിന്റെ മുഖവുരയുടെ ആവശ്യമില്ല.സൗദിയും ഇന്ത്യയും തമ്മിൽ വർദ്ധിച്ചു വരുന്ന കരുത്തുറ്റ ഉഭയകക്ഷി ബന്ധങ്ങളിൽ ഡോ. സിദ്ദീഖ് അഹമ്മദ് ഉൾപ്പെടെയുള്ളവരുടെ പങ്ക് വളരെ വലുതാണന്ന് ഉപഹാരം സമ്മാനിച്ചുകൊണ്ട് അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ ഡോ. സിദ്ദീഖ് അഹമ്മദ് തനിക്ക് കിട്ടിയ അംഗീകാരം ഗൾഫ് പ്രവാസികൾക്കായി സമർപ്പിക്കുന്നുവെന്ന് പറഞ്ഞു. സാമൂഹിക ബാധ്യത നിറവേറ്റാതെയുള്ള ഒരു ജീവിതവും പൂർണ്ണമാകില്ല എന്നു തന്നെയാണ് തന്റെ വിശ്വാസം. അതുകൊണ്ടു തന്നെ തന്റെ പ്രവർത്തന മേഖല സമൂഹത്തിന് കൂടി ഗുണമുള്ളതാകണമെന്ന ചിന്തയാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാതാപിതാക്കൾ ചെറുപ്പത്തിൽ പകർന്നുതന്ന നന്മകളാണ് ജീവകാരുണ്യ മേഖലകളിൽ മുന്നോട്ടുള്ള പ്രയാണത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
20 ലധികം രാജ്യങ്ങളിൽ വ്യവസായ ശൃംഖലയുള്ള ഡോ. സിദ്ദീഖ് അഹമ്മദ് ഓയിൽ, ഗ്യാസ്, പവർ, കൺസ്ട്രക്ഷൻ, ഐ.ടി, മീഡിയ, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ്, ട്രെയിനിങ്, വിദ്യാഭ്യാസം, ആരോഗ്യം, ട്രാവൽ ആൻഡ് ടൂറിസം തുടങ്ങി നിരവധി മേലകളിൽ വിജയ ചരിത്രം രചിച്ചിട്ടുണ്ട്.
സൗദി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടർന്ന് കേരള സർക്കാരുമായി സഹകരിച്ച് ജയിൽ വാസികളെ നാട്ടിലെത്തിക്കാൻ അദ്ദേഹം പ്രഖ്യാപിച്ച ‘സ്വപ്ന സാഫല്ല്യം’ പദ്ധതി ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും നൂറുകണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുകയും ചെയ്തിരുന്നു. സാനിറ്റേഷൻ രംഗത്തെ വിപ്ലവമായി മാറിയ ഇ-ടോയ് ലറ്റുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിയാത്മകമായി നടപ്പാക്കിയത് ഡോ. സിദ്ദീഖ് അഹമ്മദിന്റെ കീഴിലുള്ള കമ്പനിയാണ്.
‘ശുചിത്വ ഭാരത മിഷൻ’ പദ്ധതിയോടനുബന്ധിച്ചു ഭാരത സർക്കാർ തന്നെ ഈ പദ്ധതിയെ ഏറെ പ്രോൽസാഹിപ്പിക്കുകയും പ്രധാനമന്ത്രിയുടെ പ്രത്യേക അവാർഡിന് അർഹമാക്കുകയും ചെയ്തു. ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ കണ്ടെത്തൽ പ്രകാരം അറബ് മേഖലയിൽ ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തുന്ന 20 പ്രമുഖ ഇന്ത്യൻ ബിസിനസ് ലീഡേഴ്സ് പട്ടികയിൽ ഡോ. സിദ്ദീഖ് അഹമ്മദും ഉൾപ്പെട്ടിട്ടുണ്ട്.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഇന്ത്യ സൗദി കൗൺസിൽ അംഗം, കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഗൾഫ് കമ്മിറ്റി അംഗം, മിഡിൽ ഈസ്റ്റ് പെട്രോളിയം ക്ലബ് അംഗം എന്നീ നിലയിലും ഡോ. സിദ്ദീഖ് അഹമ്മദ് പ്രവർത്തിക്കുന്നു. ഗൾഫിലെ വ്യത്യസ്ത രാജ്യങ്ങളിലായി വ്യത്യസ്ത മേഖലകളിൽ നിക്ഷേപം നടത്തിയ വ്യവസായികളിൽ ഒരാൾ കൂടിയാണ് ഡോ. സിദ്ദീഖ് അഹമ്മദ്. മുൻ അവാർഡ് ജേതാക്കളായ ഷിഹാബ് കൊട്ടുക്കാട്, ഡോ. കരീമുദ്ദീൻ, സീന ജഫി എന്നിവരും മാധ്യമപ്രവർത്തകൻ സിറാജ് വഹാബും ആശംസകൾ നേർന്നു.