100 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ 75-മത് സ്വാതന്ത്യ്രദിന പ്രസംഗം.

  ന്യൂഡൽഹി: ഇന്ത്യ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി രാജ്യത്തെ സമ്പത്ത്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ചു.

  ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തിയ ശേഷം, പതിറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്, “സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ മഹത്തായ സ്വാതന്ത്ര്യസമര സേനാനികളെ ഓർക്കുന്ന ദിവസമാണിത്. വല്ലഭായി പട്ടേൽ, ലാൽ ബഹദൂർ ശാസ്ത്രി, ജവഹർലാൽ നെഹ്റു എന്നിവരാകട്ടെ, സ്വാതന്ത്ര്യം കൊണ്ടുവന്ന നേതാക്കളോട് നന്ദി അറിയിക്കുന്നു”.

  പുതിയ പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പിക്കാനും അതിലൂടെ രാജ്യത്തിന്റെ സമ്പത്ത്വ്യവസ്ഥയിലേക്ക് സംയോജിത പാത നിർമ്മിക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

  പ്രസംഗത്തിൽ ഒളിംപിക് മത്സരാർത്ഥികളെയും, ആരോഗ്യ പ്രവർത്തകരെയും കോവിഡ് മുൻനിര പോരാളികളെയും പ്രശംസിച്ചു. ജവഹർലാൽ നെഹ്‌റു ഉൾപ്പടെയുള്ള നേതാക്കളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.

  2020 ഒളിമ്പിക് സംഘത്തെ പ്രധാനമന്ത്രി പ്രശംസിച്ചു, “ടോക്കിയോ ഒളിമ്പിക്സിൽ നമ്മുടെ അഭിമാനമായ കായികതാരങ്ങൾ ഇന്ന് ഇവിടെയുണ്ട്. അവരുടെ നേട്ടത്തെ അഭിനന്ദിക്കാൻ ഞാൻ രാഷ്ട്രത്തോട് അഭ്യർത്ഥിക്കുന്നു. അവർ നമ്മുടെ ഹൃദയങ്ങളിൽ ഇടം നേടിയവർ മാത്രമല്ല, വരും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തവരാണ്.“കോവിഡ് സമയത്ത്, നമ്മുടെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചിത്വ തൊഴിലാളികൾ, വാക്സിൻ നിർമിച്ച ശാസ്ത്രജ്ഞർ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു എന്ന ബോധത്തിൽ പ്രവർത്തിച്ചു. ഈ കാലയളവിൽ മറ്റുള്ളവരെ സേവിക്കാൻ ഓരോ നിമിഷവും നീക്കിവച്ച അവർ എല്ലാവരും അർഹിക്കുന്നു. ”

  ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാക്സിനേഷന്‍ പരിപാടിയാണ് രാജ്യത്ത് നടക്കുന്നത്. 54 കോടി ജനങ്ങൾക്ക് വാക്സിൻ നല്കാൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.അതുപോലെതന്നെ മഹാമാരിയുടെ കാലത്ത് 80 കോടി ജനങ്ങൾക്കു റേഷൻ നൽകി. രോഗവ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞു. കോവിഡ് വലിയ വെല്ലുവിളിയായിരുന്നു.വികസനങ്ങൾ എല്ലാവർക്കും എത്തിക്കുക എന്നതാണ് ലക്ഷ്യം.

  ക്ഷേമ പദ്ധതികളിലൂടെ രാജ്യത്തെ എല്ലാ പാവപ്പെട്ടവർക്കും സഹായം എത്തിക്കാൻ സാധിച്ചു. എല്ലാവർക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും ഗ്രാമങ്ങളിലേക്ക് കൂടുതൽ വികസനം എത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യത്ത് കൂടുതൽ ചെറുകിട കർഷകരാണ് അവരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളിലൂടെ അവർക്ക് നേരിട്ട് സഹായം എത്തിക്കാൻ ആണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
  രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും 100 ശതമാനം റോഡുകളും, 100 ശതമാനം ആളുകൾക്കും ബാങ്ക് അക്കൗണ്ടുകളും ഉജ്വല സ്‌കീമിൽ 100 ശതമാനം പേർക്കും ഗ്യാസ് കണക്ഷനും ഉണ്ടന്ന് ഉറപ്പ് വരുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബേട്ടി ബചാവോ ബേട്ടി പാടാവോയുടെ ഭാഗമായി എല്ലാ സൈനിക സ്കൂളുകളിലും പെൺകുട്ടികൾക്ക് പ്രവേശനം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

  Leave a Reply