ഹരിത നൽകിയ പരാതി മുസ്ലിം ലീഗ് നേതൃത്വം ഇടപെടുന്നു.

മുസ്ലിം ലീഗ് അതിന്റെ സമീപകാലത്തെ ആശയപരമായ സംവാദങ്ങളുടെ ഏറ്റവും ചൂടുപിടിച്ച കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യപരമായ സംവാദങ്ങൾ തന്നെയാണ് ഒരു രാഷ്ട്രീയ സംഘടനയെ നവീകരിക്കുകയും കുറ്റമറ്റതാക്കി മുന്നോട്ടു നയിക്കാൻ ശക്തിപകരുകയും ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ നേതൃത്വത്തിലെ ചില അസ്വാരസ്യങ്ങളും ചില നിലപാടുകളിലെ വ്യത്യസ്ത സ്വരങ്ങളുമാണ് ചർച്ചയായതെങ്കിൽ ഇപ്പോൾ സജീവമായി ഉയരുന്നത് ഹരിത എന്ന പെൺകൂട്ടായ്മയും അവർ ഉയർത്തുന്ന ചില പരാതികളുമാണ്. മലപ്പുറം ജില്ലാകമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ടു തുടങ്ങിയ അസ്വാരസ്യങ്ങൾ ഇപ്പോൾ വ്യക്തിപരമായി ചിലരെ ഉന്നംവെച്ചുള്ള പരാതികളിലേക്കു മാറിയത് അതിന്റെ തുടർച്ചയാണോ എന്ന് സംശയിക്കേണ്ട രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.
എന്തായാലും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിനെതിരെ ഇപ്പോൾ പരാതി പോയിരിക്കുന്നത് വനിതാ കമ്മീഷനിലേക്കാണ്

വനിതാ കമീഷനിൽ പരാതി നൽകിയതിന്​ പിന്നാലെ ഹരിത നേതാക്കളെ മുസ്​ലിം ലീഗ്​ നേതൃത്വം ചർച്ചക്ക്​ വിളിക്കുകയും ചെയ്തു. മുമ്പ് ഹരിതയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ലീഗ് നേതാക്കൾ യോഗം ചേര്‍ന്നിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. മുനീർ, പി.എം.എ സലാം എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. എം.എസ്.എഫ് – ഹരിത നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ചർച്ചകൾ പൂർത്തിയായശേഷം പാർട്ടി സെക്രട്ടറി കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്

അതോടൊപ്പം പി.കെ. നവാസിനെതിരെ വനിതാ കമീഷനിൽ നൽകിയ പരാതി പിൻവലിപ്പിക്കാൻ ലീഗ് നേതൃത്വം ഹരിതക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന രീതിയിലാണ് വാർത്തകൾ പുറത്തുവരുന്നത്. ​. എന്തായാലും സത്യാവസ്ഥ ബോധ്യപ്പെട്ടതിനുശേഷം ഉചിതമായ നടപടികൾ കൈക്കൊള്ളും എന്ന് തന്നെയാണ് നേതൃത്വം ഇരുപക്ഷത്തെയും അറിയിച്ചിട്ടുള്ളത്.

ഹരിത സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നിക്കും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കുമെതിരെ നടപടിയെടുപ്പിക്കാൻ പി.കെ. നവാസ് ശ്രമിക്കുന്നുവെന്നും നവാസിനെതിരെ നടപടിയെടുക്കാൻ ഹരിത പുതിയ കേസുകൾ ഉണ്ടാക്കിയെടുക്കുകയാണെന്നും ഇരുകൂട്ടരും പരസ്പരം ആരോപണം ഉന്നയിക്കുന്നുണ്ട്.

എന്തായാലും വിഷയം പഠിച്ച് രമ്യമായി പരിഹരിക്കും എന്നാണു ഇരുകൂട്ടർക്കും പാണക്കാട് ചേർന്ന യോഗം ഉറപ്പ് നൽകിയിരിക്കുന്നത്.

വിഷയം എന്തുതന്നെയായാലും മുസ്ലിം ലീഗിനെ ഇങ്ങനെ തെരുവിൽ ശത്രുക്കൾക്ക് കടിച്ചുകീറാൻ പാകത്തിൽ ആരോപണ പ്രത്യാരോപണങ്ങൾക്കു ഇട്ടുകൊടുക്കുന്നതിനെ നേതൃത്വം ഗൗരവപൂര്ണമായിട്ടുതന്നെയാണ് നോക്കിക്കാണുന്നത്.

അടിത്തട്ടിലുള്ള അണികളുടെ വികാരവും ഈ വിഷയത്തിൽ നേതൃത്വത്തിനൊപ്പം തന്നെയാണ്.
സംഘടനാവിഷയങ്ങളും സ്ഥാനമാനങ്ങളും മാത്രമല്ല രാഷ്ട്രീയപ്രവർത്തനം എന്നത് എല്ലാവരും മനസ്സിലാക്കിവെക്കുന്നത് നന്നാകും .
ശത്രുക്കൾക്കിടയിലെ കളിപ്പാവയാക്കി തെരുവിലേക്ക് വലിച്ചെറിയാനുള്ളതല്ല മഹത്തായ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനം. ഇത് മനസ്സിലാക്കാത്തവർക്ക് കാലം നൽകുന്ന മറുപടി അത്ര ചെറുതാവില്ല

Leave a Reply