മമതാബാനർജിയുടെ നീക്കങ്ങൾ ഡൽഹിയിൽ തുടരുന്നു.

ഡൽഹി :ബി ജെ പി ക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യരൂപീകരണത്തിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഖ്യ ചർച്ചകൾ ഇന്നും ദില്ലിയിൽ തുടരും. ഡിഎംകെ എംപി കനിമൊഴിയുമായി മമത ഇന്ന് ചർച്ച നടത്തും. മറ്റ് പ്രാദേശിക പാർട്ടി നേതാക്കളെയും കാണും. ജാവേദ് അക്തർ, ശബാന ആസ്മി എന്നിവരുമായും മമത കൂടിക്കാഴ്ച നടത്തും. ഇന്നലെ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സഖ്യ ചർച്ചകൾ തുടരാൻ ധാരണയായിരുന്നു. കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള മൂന്നാം മുന്നണിക്കു ബിജെപിയെ തോൽപിക്കുക എളുപ്പമല്ലെന്ന യാഥാർഥ്യം മനസ്സിലാക്കി, സോണിയയുമായുള്ള സൗഹൃദം ദൃഢമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് അവരെ വസതിയിൽ സന്ദർശിച്ചത്.


രാഹുല്‍ഗാന്ധിയും പങ്കെടുത്ത മുക്കാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഐക്യം രൂപപ്പെടേണ്ടതിന്‍റെ ആവശ്യകത മമത വിശദീകരിച്ചു. ഒന്നിച്ച് നീങ്ങാമെന്ന് നേതാക്കൾ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
ദേശീയ തലത്തില്‍ സഖ്യം രൂപപ്പെടുന്നതിനൊപ്പം പ്രാദേശിക സഖ്യങ്ങളിലൂടെ കരുത്ത് നേടാന്‍ കൂടിയാണ് തീരുമാനം. ഒറ്റക്ക് തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വൈകാതെ ഒന്നിക്കുമെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മമതയുടെ പ്രതികരണം.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ശരത്പവാർ എന്നിവരോടും ചർച്ചചെയ്തതിനോടൊപ്പം മമതക്ക് വളരെ നല്ല ബന്ധമുള്ള ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരുമായും ചർച്ച നടത്താനാണ് ദീദിയുടെ നീക്കം.


ഇതേസമയം നേതൃസ്ഥാനം തനിക്ക് വിഷയമല്ലെന്ന് പറയുമ്പോഴും മമത സോണിയ ശരദ് പവാര്‍ അച്ചുതണ്ടില്‍ സഖ്യം രൂപപ്പെടാനുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്.

Leave a Reply