യുഎഇയില്‍ ഇന്ന് ഈദ്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാർത്ഥനകള്‍ നടന്നു

ദുബായ് : യുഎഇയില്‍ ത്യാഗത്തിന്‍റെ സ്മരണപുതുക്കി വിശ്വാസികള്‍ ഈദ് അല്‍ അദ ആഘോഷിക്കുന്നു. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ഈദ് ഗാഹുകള്‍ നടന്നു. കുടുംബസംഗമങ്ങള്‍ക്കുള്‍പ്പടെ അധികൃതർ കൃത്യമായ മാർഗനിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ പൊതു അവധി ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. സമ്മാനങ്ങള്‍ കൈമാറുന്നതും സംഭാവനങ്ങള്‍ നല്കുന്നതുമെല്ലാം ഡിജിറ്റലായിരിക്കണമെന്ന നിർദ്ദേശം നേരത്തെ അധികൃത‍ർ നല്‍കിയിരുന്നു. ആഘോഷത്തിനിടയില്‍ വിട്ടുവീഴ്ച പാടില്ലെന്ന നിർദ്ദേശവുമുണ്ട്. അതുകൊണ്ടുതന്നെ പലരും വീട്ടകങ്ങളില്‍ അടുത്ത ബന്ധുക്കളില്‍ മാത്രമായി ആഘോഷം ചുരുക്കിയിട്ടുണ്ട്. ഈദ് നാട്ടിലെ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കുന്ന പലരും ഇത്തവണ ആ പതിവും മാറ്റിവച്ചു. വിമാനയാത്രയിലെ അനിശ്ചിതത്വം യാത്ര മാറ്റിവച്ച് വിർച്വലായി മനസുകൊണ്ട് അടുത്ത് ഈദ് ആഘോഷിക്കുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ് പലരെയും. വ്യാപാരസ്ഥാപനങ്ങളിലേക്ക് ഉള്‍പ്പടെ പ്രവേശിക്കുന്നതിനുളള മാനദണ്ഡങ്ങളുണ്ട്. ആദായ വില്‍പനങ്ങള്‍ പ്രഖ്യാപിച്ചത് പലയിടത്തും തിരക്ക് വർദ്ധിപ്പിച്ചു. വിനോദ കേന്ദ്രങ്ങൾ, പാർക്ക്, ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് പട്രോളിങ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഈദ് ആശംസകള്‍ നേർന്ന് ഭരണാധികാരികള്‍

വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഈദ് ആശംസകൾ നേർന്നു. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ആശംസകൾ നേ‍ർന്നിട്ടുണ്ട്. രാജ്യത്തെ വിദേശികളും സ്വദേശികളുമുള്‍പ്പടെയുളള താമസക്കാർക്ക് നേരത്തെ തന്നെ ഈദ് ആശംസകള്‍ നേർന്നിരുന്നു.

Leave a Reply