എം എ യൂസഫലിയുടെ കാരുണ്യഹസ്തം തുണയായി, പ്രസന്നയുടെ വരുമാനം മുടങ്ങില്ല

ദുബായ് : കുടിശിക നല്‍കാത്തത് മൂലം ജീവനോപാധിയായ കൊച്ചി മറൈന്‍ ഡ്രൈവിലെ കട ജിസിഡിഎ അടപ്പിച്ച പ്രസന്ന പ്രതാപന് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലിയുടെ സഹായ ഹസ്തം. കുടിശിക തീർത്ത് കട വീണ്ടും തുടങ്ങാനുളള സഹായം പ്രസന്നയ്ക്ക് നല്‍കി. വാടക കുടിശ്ശിക ഇനത്തില്‍ ഒമ്പത് ലക്ഷത്തോളം രൂപ അടയ്‌ക്കേണ്ടതിനാല്‍ ജിസിഡിഎ അധികൃതര്‍ പ്രസന്നയുടെ കട അടപ്പിച്ചിരുന്നു. അന്ന് മുതല്‍ കടയ്ക്ക് പിറകിലെ ചായ്പ്പില്‍ അ ഉറങ്ങിയ പ്രസന്നയുടെ കഥ മാധ്യമങ്ങളിലൂടെയാണ് എം എ യൂസഫലി അറിഞ്ഞത്.
ഇതോടെ വിഷയത്തില്‍ അദ്ദേഹം ഇടപെട്ടു. കുടിശ്ശിക പൂര്‍ണമായും അടച്ചതിന് പുറമെ ഉടന്‍ കട തുറക്കാനുള്ള നടപടികള്‍ക്കായും അദ്ദേഹം ഇടപെട്ടു. ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇതിനായുള്ള നടപടികളും ആരംഭിച്ചു. മറൈന്‍ ഡ്രൈവ് മഴവില്‍പാലത്തിന് സമീപത്താണ് പ്രസന്നയുടെ കട ഉള്ളത്. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈ കട ഡിസിഡിഎ കഴിഞ്ഞ ആഴ്ച അടപ്പിക്കുന്നത്. മനസ്സിന് സുഖമില്ലാത്ത മകളെ നോക്കാന്‍ മറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടിയാണ് അഞ്ച് വര്‍ഷം മുമ്പ് ചെറിയ കട നിര്‍മിക്കാന്‍ ജിസിഡിഎ അനുമതി നല്‍കിയത്. ഇതും ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു. 3.25 ലക്ഷം രൂപ വായ്പയെടുത്താണ് കട നിര്‍മിച്ചത്. എന്നാല്‍ ജിസിഡിഎയ്ക്ക് തറവാടക നല്‍കണമായിരുന്നു. കോവിഡിനെയും ലോക്ഡൗണിനെയും തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രസന്നയ്ക്ക് വരുമാനമാര്‍ഗവും നിലച്ചു. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ വാടകകുടിശിക അടക്കാമെന്ന് പറഞ്ഞുവെങ്കിലും ഇത് പരിഗണിച്ചില്ലെന്നാണ് പ്രസന്ന പറയുന്നത്.എന്തായാലും യൂസഫലിയുടെ കരുതലില്‍ കട വീണ്ടും തുടങ്ങിയതോടെ പുതിയ പ്രതീക്ഷയോടെ പ്രസന്ന മുന്നോട്ട് നടക്കുകയാണ്.

Leave a Reply