ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ തുടങ്ങി.

റിയാദ് :ഈ വർഷത്തെ വിശുദ്ധ ഹജ്ജിനായി ഇന്നലെ രാത്രി മുതല്‍ തന്നെ ഹാജിമാർ മക്കയിലെത്തി തുടങ്ങി. കോവിഡ് മഹാമാരിയ്ക്ക് മുമ്പ് സാധാരണ ഗതിയിൽ ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് മതവിശ്വാസികളാണ് വർഷാവർഷം ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലേക്ക് എത്തിയിരുന്നത്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഈ വർഷം സൗദി അറേബ്യയിൽ നിന്നുള്ള 60,000 തീർത്ഥാടകർക്ക് മാത്രമായി ഹജ്ജ് തീർത്ഥാടനം പരിമിതപ്പെടുത്തിയിരിക്കുകയാണ്
മക്ക അല്‍ സാഇദി, നവാരിയ , ശറാഅ , അല്‍ഹദ തുടങ്ങിയ നിശ്ചിത ആഗമന കേന്ദ്രത്തിലെത്തിയ തെരഞ്ഞെടുക്കപെട്ട തീര്‍ത്ഥാടകര്‍ ഇഹ്‌റാമില്‍ പ്രവേശിച്ചു ഹജ്ജിന്റെ കര്‍മ്മകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിശുദ്ധ ഹറമിലേക്ക് പുറപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിലുള്ള കനത്ത മുന്‍കരുതല്‍ നടപടികളുടെ അകമ്പടിയോടെ ത്വവാഫുല്‍ ഖുദൂം നിര്‍വഹിച്ചു. തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനായി അതീവ ജാഗ്രതയോടെയുള്ള അസാധാരണമായ പ്രതിരോധ നടപടികളാണ് ഇരുഹറമുകളുടെയും അധികാരികൾ കൈകൊണ്ടത്.
കൃത്യമായ ശാരീരിക അകലം പാലിച്ചു കൊണ്ടുള്ള ത്വവാഫില്‍ മതാഫില്‍ സുഗന്ധം പരത്താനും ഓരോ സംഘത്തിന്റെയും ത്വവാഫിന് ശേഷം അണുവിമുക്തമാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഓരോ മൂന്ന് മണിക്കൂറിലും ആറായിരം തീര്ഥാടകരെയാണ് സ്വീകരണ കേന്ദ്രങ്ങളില്‍ നിന്ന് മസ്ജിദുല്‍ ഹറമിലേക്ക് ബസ്സുകളില്‍ കൊണ്ട് വരൂന്നത്. ഇന്നും നാളെ പകലുമായി മക്കയിലെത്തുന്ന തെരഞ്ഞെടുക്കപെട്ട മുഴുവന്‍ തീര്‍ത്ഥാടകരും ത്വവാഫുല്‍ ഖുദൂം നിര്‍വഹിച്ച ശേഷം ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ആരംഭിക്കുന്ന മിനയിലേക്ക് യാത്ര തിരിക്കും.
ബാബ് അലി സ്റ്റേഷനില്‍ നിന്ന് ജമറാത്ത് ബ്രിഡ്ജ് സ്‌ക്വയറിലേക്ക് ബസ്സിലാണ് യാത്ര. ഓരോ ബസ്സിലും ഇരുപത് തീര്‍ത്ഥാടകരും ഗ്രൂപ്പ് ലീഡറും ഗൈഡുമുണ്ടാകും. ഇരുന്നൂറിലകം ബസുകളില്‍ മൂന്ന് മണിക്കൂര്‍ ഇടവിട്ട് ഏകദേശം രണ്ടായിരം വീതം തീര്‍ത്ഥാടകരാകും വിശുദ്ധ ഹറമില്‍ നിന്ന് മിനയിലേക്ക് പുറപ്പെടുക . തീര്‍ത്ഥാടകര്‍ കയ്യിലണിയുന്ന തിരിച്ചറിയല്‍ ബാന്‍ഡില്‍ ടെന്റുകളുടെ കളര്‍ അടയാളപ്പെടുത്തിയിരിക്കും. ഈ കളര്‍ പ്രകാരമുള്ള ടെന്റുകളില്‍ നിശ്ചയിച്ച നമ്പറിലാണ് തീര്‍ത്ഥാടകരുടെ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ശക്തമായ സുരക്ഷയുടെയും മുന്‍കരുതലിന്റെയും ഭാഗമാണ് ഈ നടപടികള്‍. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ഒട്ടും വീഴ്ചയുണ്ടാകാത്ത വിധം ഏറെ ശാസ്ത്രീയമായാണ് സുരക്ഷാ വിഭാഗത്തിന്റെ നീക്കങ്ങള്‍.കോവിഡ് 19-നെതിരായ വാക്സിൻ സ്വീകരിച്ചവരും മാരകരോഗങ്ങളൊന്നും ഇല്ലാത്തവരും ആദ്യമായി ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവരുമായ, 18 വയസിനും 65 വയസിനും മദ്ധ്യേ പ്രായമുള്ളവർക്ക് മാത്രമാണ് ഇത്തവണ ഹജ്ജ് യാത്രയ്ക്ക് അനുമതി.

Leave a Reply