മരണമുഖത്ത് നിന്നും വീടിന്‍റെ കരുതലിലേക്ക് ബെക്സെത്തി, ദൈവത്തോട് നന്ദി പറഞ്ഞ് എംഎ യൂസഫലി

0
761

ദുബായ്: വികാര നി‍ർഭരമായിരുന്നു, ആ കൂടികാഴ്ച. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ബുധനാഴ്ച പുലർച്ചെ പറന്നിറങ്ങി,ഇനിയൊരിക്കലും കാണാന്‍ കഴിയുകയില്ലെന്ന് ഉറപ്പിച്ചിരുന്ന മകന്‍റെ സ്നേഹചുംബനം ഏറ്റുവാങ്ങുമ്പോള്‍ ബെക്സിന്‍റെ മനസില്‍ തെളിഞ്ഞത്, ഒരു പേരുമാത്രമായിരിക്കുമെന്ന് ഉറപ്പ്, എം എ യൂസഫലി.

ജീവന്‍റെ വിലയുളള സ്നേഹചുംബനം: വ്യവസായി എം എ യൂസഫലിയുടെ ഇടപെടലില്‍ അബുദബിയില്‍ വധശിക്ഷയില്‍ നിന്നൊഴിവായി നാട്ടിലെത്തിയ ബെക്സിന് മകന്‍ അദ്വൈതിന്‍റെ സ്നേഹ ചുംബനം

ആശയറ്റവരായിരുന്ന ഈ കുടുംബത്തിന്‍റെ ആശ്രയമായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് നിയോഗമായിരിക്കാം. മരണത്തിനും ജീവിതത്തിനുമിടയിലെ അനിശ്ചിതത്വത്തിന് വിരാമമിട്ട് തൃശൂർ പുത്തന്‍ ചിറ ചെറവട്ട സ്വദേശി ബെക്സ് കൃഷ്ണന്‍ ബുധനാഴ്ച പുലർച്ചയോടെ വീട്ടിലെത്തിയപ്പോള്‍ സഫലമായത് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലിയുടെ വ‍ർഷങ്ങളുടെ പ്രയത്നമാണ്. ബെക്സിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിലെ കരങ്ങളാകാന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദി പറയുകയാണ് എം എ യൂസഫലി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബുദബി ജയിലിലായിരുന്നു ബെക്സന്‍. 2012 ല്‍ ബെക്സനോടിച്ച വാഹനമിടിച്ച് സുഡാനി ബാലന്‍ മരിച്ചതായിരുന്നു ശിക്ഷകിട്ടാനിടയാക്കിയത്. സിസിടിവി തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു 2013 ല്‍ ശിക്ഷ വിധിച്ചത്. ബെക്സന്‍റെയും കുടുംബത്തിന്‍റേയും സങ്കടം ബന്ധുവായ സേതുമാധവന്‍ വഴിയാണ് എം എ യൂസഫലിയുടെ അടുത്തെത്തുന്നത്. വിവരങ്ങള്‍ അറിയിച്ച് സഹായമഭ്യ‍ർത്ഥിച്ചപ്പോള്‍ നോക്കാമെന്ന മറുപടി. ആ മറുപടിയില്‍ വിശ്വാസമർപ്പിച്ച് കാത്തിരിക്കുകയായിരുന്നു കുടുംബം. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. മകന്‍ മരിച്ചതോടെ സു‌ഡാനി കുടുംബം അബുദബി വിട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. എം എ യൂസഫലി തന്നെ നേരിട്ട് കുട്ടിയുടെ പിതാവുമായി സംസാരിച്ചു. അവരെ അബുദബിയിലെത്തിച്ചു. എന്നാല്‍ ബെക്സന് മാപ്പു നല്‍കാന്‍ ആദ്യമൊന്നും അവർ തയ്യാറായില്ല.
പണം കിട്ടിയാലും മകന്‍റെ ജീവന് പകരമാകില്ലല്ലോയെന്നുളളതായിരുന്നു മരിച്ചകുട്ടിയുടെ മാതാവിന്‍റെ സങ്കടം. മാതാവും പിതാവും ദിയാധനം സ്വീകരിക്കുന്നതിന് സമ്മതമറിയിച്ചാല്‍ മാത്രമെ നിയമപരമായി മോചനത്തിനായുളള കാര്യങ്ങള്‍ സാധ്യമാകൂ. അവരെ പറഞ്ഞ് മനസിലാക്കുകയെന്നുളളതായിരുന്നു പ്രയാസം. പരിശ്രമത്തിനൊടുവില്‍ അതും സാധ്യമായി എം എ യൂസഫലി പറയുന്നു. മനുഷ്യജീവനാണ് വില, എത്രപണം കൊടുത്താലും മനുഷ്യജീവന്‍ രക്ഷിക്കാന്‍ സാധ്യമാകാത്ത സാഹചര്യങ്ങളും നമുക്കുമുന്നിലുണ്ടല്ലോ, അദ്ദേഹം പറയുന്നു.

ആറുവർഷത്തെ അനുനയ ശ്രമത്തിന്‍റെ ഫലമായാണ് ദിയാധനമായി ഒരു കോടി ഇന്ത്യന്‍ രൂപ നല്‍കാമെന്നുളള ധാരണയില്‍ മാപ്പുനല്‍കാന്‍ കുട്ടിയുടെ കുടുംബം തയ്യാറായത്. ഇതേ തുടർന്ന് കഴിഞ്ഞ ജനുവരിയില്‍ തന്നെ ദിയാധനം എം എ യൂസഫലി കോടതിയില്‍ കെട്ടിവച്ചിരുന്നു.ഇതിന് ശേഷമാണ് മോചനത്തിനായുളള നടപടി ക്രമങ്ങള്‍ തുടങ്ങിയതും.

പലരും വിചാരിക്കുന്നത് ഹെലികോപ്റ്റർ അപകടമുണ്ടായതിനുശേഷമാണ് താനിതിന് ഇറങ്ങിയതെന്നാണ്, പക്ഷെ അങ്ങനെയല്ല. കഴിഞ്ഞ ജനുവരിയില്‍ തന്നെ ദിയാധനം കോടതിയില്‍ കെട്ടിവച്ച് മോചനത്തിനായുളള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും എം എ യൂസഫലി പറഞ്ഞു.

ഏറ്റവുമൊടുവില്‍ ബുധനാഴ്ച പുലർച്ചയോടെ കാത്തിരിപ്പിന് വിരാമമിട്ട് ബെക്സന്‍ നാട്ടിലെത്തി. വധശിക്ഷയാണെന്നറിഞ്ഞപ്പോള്‍ ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് ഉറപ്പിച്ചു, യൂസഫലി സർ ഇടപെട്ടുവെന്നറിഞ്ഞപ്പോഴാണ്, വീണ്ടും പ്രതീക്ഷയുണ്ടായത്. എല്ലാ സഹായങ്ങള്‍ക്കും നന്ദി പറയുകയാണ്, ബെക്സന്‍റെ വാക്കുകള്‍.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ബെക്സനെ സ്വീകരിക്കാന്‍ ഭാര്യ വീണയും മകന്‍ അദ്വൈതും എത്തിയിരുന്നു. പിന്നീട് വീട്ടിലെത്തിയ മകനെ നിറകണ്ണുകളോടെ അമ്മ ദേവകിയും കണ്ടു.

മരണം വരെയും മറക്കില്ല ഈ സഹായമെന്ന് കണ്ണുനിറഞ്ഞ് കൂപ്പുകൈയ്യോടെ പ്രാർത്ഥനയോടെ ഈ അമ്മ പറയുമ്പോള്‍ സാധാരണ ജീവിതങ്ങള്‍ക്കായി സമയവും പ്രയത്നവും മാറ്റിവയ്ക്കുന്ന നന്മയുളള മനസ് തന്നെയാണ് എം എ യൂസഫലിയെന്ന മനുഷ്യന്‍റെ വള‍ർച്ചയുടെ അടിത്തറയെന്ന് ഒരിക്കല്‍ കൂടി ബോധ്യമാകുന്നു.

Leave a Reply