‘ക്രിസ്ത്യൻ യുവത്വമേ ഇതിലേ’ ക്ലബ്ബ് ഹൗസിലെ ഈ ചർച്ചയുമായിബന്ധമില്ലന്ന് കൃസ്ത്യൻ യുവജന സംഘടന കെസിവൈഎം.

നവമാധ്യമ രംഗത്ത് തരംഗമായ ക്ലബ് ഹൗസ് ആപ്പിൽ സംഘടനയുടെ പേരില്‍ നടക്കുന്ന വർ​ഗീയ ചര്‍ച്ചകളുമായി ബന്ധമില്ലെന്ന് ക്രിസ്ത്യന്‍ യുവജന സംഘടനയായ കെസിവൈഎം. തങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വര്‍ഗീയ ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുകയാണെന്നും കത്തോലിക്ക സഭയുമായി ബന്ധമില്ലാത്ത ചില കടലാസ് സംഘടനകള്‍ ക്രിസ്ത്യന്‍ കോഡിനേഷന്‍ കൗണ്‍സില്‍ എന്ന കമ്മിറ്റി രൂപീകരിച്ചാണ് വര്‍ഗീയ പ്രചരണങ്ങള്‍ നടത്തുന്നതെന്നും കെസിവൈഎം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

യുവജനങ്ങൾ സജീവമായ ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിശ്ചിത അജണ്ടയോടെയാണ് ഈ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നത്. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വർ​ഗീയ അജണ്ടകൾ പ്രാവർത്തികമാക്കാൻ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ, കെസിവൈഎം പ്രസ്ഥാനത്തിനെതിരെ നടത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ യാഥാർഥ്യങ്ങൾ മനസിലാക്കണമെന്നും സംഘടന അറിയിച്ചു. വര്‍ഗീയവിഷം കുത്തിവയ്ക്കാന്‍ ശ്രമിക്കുന്ന ഇത്തരം ഇടപെടലുകളെ ശ്രദ്ധിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും കെസിവൈഎം വ്യക്തമാക്കി.

ചർച്ചയിലുന്നയിച്ച മൂന്നു വിഷയങ്ങളും ഒരു മതവിഭാഗവുമായി ഉള്ളതാണെന്നും ഇത്തരക്കാർ ഇങ്ങനെ ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ മാത്രം സംസാരിക്കുന്നു എന്നത് സര്‍പ്പത്തിന്റെ വിവേകത്തോടെ മനസിലാക്കേണ്ട കാര്യമാണെന്നും കെസിവൈഎം പറഞ്ഞു. നോർത്തിന്ത്യൻ ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ നടക്കുന്ന ക്രൂരമായ പീഡനങ്ങളും ബുദ്ധിമുട്ടുകളും, കേന്ദ്ര സർക്കാരിന്റെ വർഗീയമായ നിലപാടുകളും ഏകാധിപത്യ നിലപാടുകളും, ഫാദർ സ്റ്റാൻഡ് സ്വാമി, എഫ്സിആർഎയും സഭ സംവിധാനങ്ങൾക്കെതിരെ കേന്ദ്രസർക്കാർ മതപരിവർത്തനം ആരോപിച്ച് നടത്തുന്ന അന്വേഷണങ്ങളും മറ്റുമൊക്കെയാണ് സഭ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.

ഇതൊന്നും ചർച്ച ചെയ്യാതെ ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രം പ്രതികരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വരുന്നവരുടെ ലക്ഷ്യങ്ങൾ സംശയദൃഷ്ടിയോടെ മാത്രമേ നോക്കിക്കാണാനാവൂ. ക്രൈസ്തവ യുവജനങ്ങൾക്ക് തെറ്റായ ചിന്തകളും ആഹ്വാനങ്ങളും നൽകുന്ന ഇത്തരം പ്രവണതകൾ ഇനിയും ആവർത്തിക്കപ്പെട്ടാൽ ശക്തമായ നടപടികളുമായി കെസിവൈഎം മുന്നോട്ടുപോവുംമെന്നും സംഘടന ഓർമിപ്പിച്ചു. കെസിവൈഎം കത്തോലിക്കാസഭ അംഗീകരിച്ചിട്ടില്ലാത്ത ഒരു സംവിധാനങ്ങളുമായും ഒരുമിച്ച് പ്രവർത്തിക്കിലെന്നും വാർത്താക്കുറിപ്പിൽ വിശദമാക്കി.

കഴിഞ്ഞദിവസം മുതലാണ് ക്ലബ്ബ് ഹൗസില്‍ ക്രിസ്തീയ യുവത്വമേ ഇതിലെ വരൂ എന്ന വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചത്. ഇന്നുമത് തുടരുന്നു. മുസ്‌ലിങ്ങൾക്കെതിരെ കടുത്ത വിദ്വേഷമാണ് ചര്‍ച്ചയിലുടനീളമുണ്ടാവുന്നത്. സംവിധായകന്‍ അലി അക്ബര്‍ അടക്കം സംഘപരിവാര്‍ അനുഭാവമുള്ള നിരവധി പേരാണ് ചർച്ചയിൽ പങ്കെടുത്ത് ലൗ ജിഹാദ് ഉൾപ്പെടെയുള്ള സംഘ്പരിവാർ കുപ്രരണം ഏറ്റുപിടിച്ച് വർ​ഗീയ- വിദ്വേഷം തുപ്പുന്നത്. ഇതിനെതിരെ വലിയ വിമർശനം സോഷ്യൽമീഡിയകളിൽ ഉയർന്നതോടെയാണ് കെസിവൈഎം വിശദീകരണവുമായി രം​ഗത്തെത്തിയത്.

Leave a Reply