ദേശീയ പൗരത്വം: സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണം -സമസ്ത.

ചേളാരി: പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്ന് വര്‍ഷങ്ങളായി ഇന്ത്യയില്‍ കുടിയേറിയവരില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് മാത്രം പൗരത്വം നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു കൊണ്ട് 2021 മെയ് 28-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും ആവശ്യപ്പെട്ടു. മെയ് 28 ലെ എസ്.ഒ 2069(ഇ) ഉത്തരവ് പ്രകാരം ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിലുള്ള ഹിന്ദു, ക്രൈസ്തവ, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് സമുദായത്തില്‍ പെട്ടവര്‍ക്ക് മാത്രമാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരമുള്ളത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണ്. 2019-ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമസ്ത ഉള്‍പ്പെടെയുള്ളവര്‍ ഫയല്‍ ചെയ്ത ഹരജി സുപ്രീം കോടതിയുടെ പരിഗണനനയിലാണ്. പ്രസ്തുത ഹരജി പരിഗണിക്കവെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലാത്തതിനാല്‍ നിയമം നടപ്പിലാക്കുകയില്ലെന്ന് കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാക്കാല്‍ ബോധിപ്പിച്ചിരുന്നു. മതം തിരിച്ച് പൗരതത്വത്തിനുളള അപേക്ഷ ക്ഷണിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന ഉറപ്പിന്റെ ലംഘനമാണ്. 2021 മെയ് 28-ന് ഇറക്കിയ പുതിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ബഹു. സുപ്രീം കോടതിയില്‍ ഇന്ന് ഹരജി സമര്‍പ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

Leave a Reply