അക്കാഫ് സന്നദ്ധ സേവകരെ ആദരിച്ചു

ദുബായ് : ഇക്കഴിഞ്ഞ റമദാനുമായി ബന്ധപ്പെട്ടു എല്ലാ ദിനങ്ങളിലും പിസ്സയും ആഹാര സാധനങ്ങളും അർഹരായവരിലെത്തിച്ച അക്കാഫ് സന്നദ്ധ സേനയിലെ അംഗങ്ങളെ അനുമോദിച്ചു.യുഎഇയിലെ കേരളത്തിലെ കോളേജുകളിലെ പൂർവ വിദ്യാർത്ഥി അലുമിനികളുടെ കൂട്ടായ്മയാണ് അക്കാഫ്. ഡോമിനോസ് പിസ്സ മധ്യ പൂർവ ദേശത്തു നടപ്പാക്കിയ പിസ്സ അൽ ഖൈർ എന്ന ജീവ കാരുണ്യ പദ്ധതി അക്കാഫ്, വാതാനി അൽ എമറാത്തുമായി ചേർന്ന് റമദാന്‍റെ മുപ്പതു ദിനങ്ങളിലും പിസ്സയും ആഹാര സാധനങ്ങളും അർഹരായവരിലെത്തിച്ചിരുന്നു.. അർഹരായവരെ കണ്ടെത്താനും അവരിലേക്ക്‌ റമദാന്‍റെ കാരുണ്യവും കരുതലും എത്തിക്കാൻ അക്കാഫ് നടത്തിയ പരിശ്രമങ്ങൾ കൂടുതൽ ചിന്തകൾക്കും പ്രചോദനത്തിനും കാരണമായി തീരുന്നുവെന്നു ഉദ്‌ഘാടനപ്രസംഗത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് ഇ.പി ജോൺസൻ അഭിപ്രായപ്പെട്ടു. അക്കാഫിന്‍റെ നിർവ്യാജമായ പ്രതിബദ്ധതയാണ് റമദാന്‍റെ പുണ്യ ദിനങ്ങളിൽ ദുബായ് തിരിച്ചറിച്ചതെന്നു അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പറഞ്ഞു. ഇനിയും ചെയ്തു തീരേണ്ട കർമങ്ങൾ ജീവ കാരുണ്യ പ്രവത്തനങ്ങളിൽ ബാക്കിയുണ്ടെന്ന തിരിച്ചറിവാണ് അക്കാഫിനെ വീണ്ടും പുതിയ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള ആവേശമെന്നു അക്കാഫ് ചെയർമാന്‍ ഷാഹുൽ ഹമീദ് പറഞ്ഞു. അക്കാഫ് പ്രവർത്തകർക്ക് പുതിയ ഊർജ്ജവും കാര്യക്ഷമതയും പകർന്നു നൽകിയ ദിനങ്ങളാണ് റമദാനിലൂടെ കടന്നു പോയതെന്നും യാതൊരു അവകാശവാദങ്ങളുമില്ലാത്ത തങ്ങളുടെ പ്രവർത്തനങ്ങൾ സമൂഹമധ്യത്തിൽ ആവേശമാകുമെന്നും അക്കാഫ് പ്രസിഡന്‍റ് ചാൾസ് പോൾ സൂചിപ്പിച്ചു.
അക്കാഫിന്‍റെ സ്നേഹവും ആദരവും വാതാനി ഫൗണ്ടേഷന്‍റെ സലിം ഷാ, ഡോമിനോസ് പിസ്സ സിഒഒ ഷോബിത് ടന്‍ഡന്‍, ഡോമിനോസ് പിസ്സ കൺട്രി മാനേജർ സീജോ കരീഡന്‍, ഡോമിനോസ് പിസ്സ ഫിനാൻസ് ഹെഡ് മഹേഷ് കൃഷ്‌ണൻ,വതാനി അൽ ഇമാറാത് ഫൗണ്ടേഷന്‍റെ വി .സി. മനോജ്,ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സ്‌ ഡെപ്യൂട്ടി ജനറൽ മാനേജർ ടി.എം . സിറാജുദീൻ, എൻ.ടി.വി വൈസ് പ്രസിഡന്‍റ് ഡയാന, ഗോൾഡ് എഫ് എം പ്രതിനിധി റോയ് റാഫേൽ ,ബ്ലഡ് ഡോണേഴ്സ് ഫോറം പ്രതിനിധി ,പ്രവാസി ഇന്ത്യ പ്രതിനിധി റമീസ് എന്നിവർ ഏറ്റു വാങ്ങി . അക്കാഫിന്‍റെ സ്പോണ്സർമാരായ ഹോട്പാക്, എന്‍ടിഡിഇ, റൊമാന വാട്ടർ, അല്‍മറായ്, അല്‍സഫാ ഗ്രൂപ്പ്, ക്വാഡ് ഡ്രീം എന്നിവരും ആശംസാഫലകം ഏറ്റു വാങ്ങി. അക്കാഫ് ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവന്‍റെ മുഖവുരയോടെ ആരംഭിച്ച യോഗം അക്കാഫ് വനിതാ വിഭാഗം പ്രസിഡന്‍റ് അന്നു പ്രമോദ് നിയന്ത്രിച്ചു. അക്കാഫ് ജനറൽ സെക്രട്ടറി വി.എസ് ബിജു കുമാർ സ്വാഗതവും, അക്കാഫ് ജോയിന്‍റ് സെക്രട്ടറി മനോജ് കെ വി നന്ദിയും പറഞ്ഞു.

Leave a Reply