13 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ പോകരുതെന്ന് സൗദി.

റിയാദ്- ഇന്ത്യയടക്കം 13 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ പോകരുതെന്ന് സൗദി പൗരന്മാരോട് സൗദി ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. ഇന്ത്യ, ലിബിയ, സിറിയ, ലബനാന്‍, യമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മീനിയ, സോമാലിയ, കോംഗോ, അഫ്ഗാനിസ്ഥാന്‍, വെനീസ്വല, ബെലാറസ് എന്നീ രാജ്യങ്ങളിലേക്കാണ് സൗദി പൗരന്മാര്‍ക്ക് യാത്രാവിലക്കുള്ളത്. നേരിട്ടോ മറ്റു രാജ്യങ്ങളിലൂടെയോ ഈ രാജ്യങ്ങളിലേക്ക് പോകരുത്. ഇന്ന് പുലര്‍ച്ചെ ഒരു മണി മുതല്‍ സൗദി അറേബ്യ അന്താരാഷ്ട്ര വിമാനസര്‍വീസ് വിലക്ക് നീക്കുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം.

ഈ രാജ്യങ്ങളില്‍ കോവിഡിന്റെ വകഭേദവ്യാപനം രൂക്ഷമാണെന്നത് കാരണമാണ് യാത്രാവിലക്കെന്നും മറ്റു ഏതെങ്കിലും രാജ്യത്ത് കോവിഡ് വ്യാപനം കൂടുതലുണ്ടെങ്കില്‍ അവിടേക്കും പോകരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.യാത്ര അനുവദിച്ച രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ തന്നെ സുരക്ഷാ മുന്‍കരുതല്‍ പാലിക്കണമെന്നും കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply